ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 മല്‍സരത്തില്‍ മോശം റെക്കോര്‍ഡിന്റെ ലിസ്റ്റില്‍ തന്റെ പേരും ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍. മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം അക്കൗണ്ട് തുറക്കാനാവാതെ പുറത്താവുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ കെയ്ന്‍ റിച്ചാര്‍ഡ്‌സന്റെ ബോളില്‍ ആഞ്ഞടിച്ച ഇഷാനെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് സിംപിള്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ മോശം റെക്കോര്‍ഡിനൊപ്പമാണ് ഇഷാന്‍ എത്തിയിരിക്കുന്നത്.
ടി20യില്‍ ഏറ്റവുമധികം ബോള്‍ നേരിട്ട ശേഷം പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലെ രണ്ടാമനായി മാറിയിരിക്കുകയാണ് ഇഷാന്‍. നേരത്തേ 2021ല്‍ വിരാട് കോലിയും ഇംഗ്ലണ്ടിനെതിരേ അഞ്ചു ബോളുകള്‍ നേരിട്ട ശേഷം അക്കൗണ്ട് തുറക്കാനാവാതെ മടങ്ങിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങള്‍ പങ്കിടുന്നത് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലും രാഹുല്‍ ത്രിപാഠിയുമാണ്. ഇരുവരും ആറു ബോളുകള്‍ വീതം നേരിട്ട ശേഷം പൂജ്യത്തിനു മടങ്ങിയിരുന്നു.

2021ല്‍ ഇംഗ്ലണ്ടിനെതിരേയാണ് രാഹുല്‍ ആറു ബോളുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ കഴിയാതെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേയാണ് ത്രിപാഠി നാണക്കേടിന്റെ ഈ റെക്കോര്‍ഡിനൊപ്പം സ്വന്തം പേരും കൂടി ചേര്‍ത്തത്. ആറു ബോളുകള്‍ നേരിട്ട ശേഷം ത്രിപാഠി റണ്ണൊന്നുമില്ലാതെ തലകുനിച്ച് ക്രീസ് വിടുകയായിരുന്നു.
നേരത്തേ നടന്ന ആദ്യ രണ്ടു ടി20കളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടി തകര്‍പ്പന്‍ ഫോമിലായിരുന്നു ഇഷാന്‍. വിശാഖപട്ടണത്തു നടന്ന കളിയില്‍ 58 റണ്‍സും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ രണ്ടാമങ്കത്തില്‍ 52 റണ്‍സുമാണ് അദ്ദേഹം നേടിയത്. പക്ഷെ ഹാട്രിക്ക് ഫിഫ്റ്റിയെന്ന ഇഷാന്റ മോഹം പൂവണിഞ്ഞില്ല. യശസ്വി ജയ്‌സ്വാള്‍ രണ്ടാം ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ പുറത്തായതിനെ തുടര്‍ന്നു ഇഷാനെ നേരത്തേ ക്രീസിലിറങ്ങേണ്ടി വന്നിരുന്നു.

ജേസണ്‍ ബെറന്‍ഡോര്‍ഫ് എറിഞ്ഞ ഓവറിലെ അടുത്ത നാലു ബോളുകളിലും ഇഷാനു റണ്ണൊന്നുമെടുക്കാനായില്ല. നാലാമത്തെ ബോളില്‍ ഇഷാന്‍ ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്കു ബൗണ്ടറി ലഭിച്ചെങ്കിലും അതു ലെഗ് ബൈ വിളിക്കപ്പെടുകയായിരുന്നു. റിച്ചാര്‍ഡ്‌സന്‍ എറിഞ്ഞ അടുത്ത ഓവറിലെ മൂന്നാമത്തെ ബോളില്‍ ഇഷാന്‍ പുറത്താവുകയും ചെയ്തു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ഒരു ഷോര്‍ട്ട് ബോളായിരുന്നു അത്. പക്ഷെ ഇഷാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ബൗണ്‍സ് ആ ബോളിനുണ്ടായിരുന്നു.
ബാക്ക്ഫൂട്ടില്‍ ഒരു തകര്‍പ്പന്‍ ഡ്രൈവിനാണ് ഇഷാന്‍ ശ്രമിച്ചത്. പക്ഷെ അതു പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. ബോള്‍ നേരെ കവര്‍ ഏരിയയില്‍ ഫീല്‍ഡ് ചെയ്ത സ്റ്റോയ്‌നിസിന്റെ കൈകളിലേക്കാണ് വന്നത്. ഓസീസ് ടീമിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ അദ്ദേഹം അതു പാഴാക്കിയതുമില്ല. ഇഷാന്‍ പുറത്തായതോടെ ഇന്ത്യ മൂന്നോവറില്‍ രണ്ടു വിക്കറ്റിനു 25 റണ്‍സിലേക്കു വീഴുകയും ചെയ്തു.