കൈവിരലുകള്‍ക്കിടയിലൂടെ പന്ത് തെന്നിച്ച് വിടുന്നൊരു മായാജാലമുണ്ട്. ബാറ്റ്‌സ്മാന്റെ സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റിച്ച് സ്റ്റംപ് പിഴിയുന്ന ആ മായാജാലം പലകുറി കാട്ടിക്കൊടുത്ത് വിസ്മയിപ്പിച്ച ഒരു ബൗളറുണ്ട്. അദ്ദേഹത്തിന്റെ പേരാണ് രവിചന്ദ്ര അശ്വിന്‍. തമിഴ്‌നാട്ടിലെ സാധാരണക്കാരനായ പയ്യനില്‍ നിന്ന് ലോക ക്രിക്കറ്റിലെ ബൗളിങ് ചാണക്യനായുള്ള അശ്വിന്റെ വളര്‍ച്ച ഒരു സിനിമാ കഥയെന്നപോലെ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്.
ബാറ്റ്‌സ്മാന്റെ ചിന്തകള്‍ക്കപ്പുറം പന്തെറിഞ്ഞ് വിക്കറ്റ് കൊയ്യുന്ന അശ്വിനെ ചാണക്യനെന്ന് തന്നെ വിശേഷിപ്പിക്കാം. ഇപ്പോഴിതാ ഇന്ത്യയുടെ ഗാബ ടെസ്റ്റിന് വിരാമമാകവെ അശ്വിനും ഇന്ത്യന്‍ ജേഴ്‌സിയോട് വിടപറഞ്ഞിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച സ്പിന്‍ ഓള്‍റൗണ്ടറെന്ന അഭിമാന നേട്ടത്തോടെയാണ് അശ്വിന്റെ പടിയിറക്കം.
ധോണി കണ്ടെത്തിയ പൊന്‍മുത്ത്
ആര്‍ അശ്വിന്റെ കരിയറിന്റെ വളര്‍ച്ചയില്‍ ഏറ്റവും നന്ദി പറയേണ്ടത് എംഎസ് ധോണിയോടാണ്. അശ്വിനെ വളര്‍ത്തിയത് ധോണിയാണെന്ന് പറയാം. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയ അശ്വിന്‍ ധോണിക്ക് കീഴില്‍ കളിച്ചാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ധോണിക്ക് കീഴിലായിരുന്നു അശ്വിന്റെ അരങ്ങേറ്റവും. ധോണിയാണ് മൂന്ന് ഫോര്‍മാറ്റിലേക്കും അശ്വിനെ പിന്തുണച്ചത്. ധോണിയുടെ കീഴില്‍ കളിച്ചാണ് അശ്വിന്‍ ഇന്നത്തെ സൂപ്പര്‍ താരമായി വളര്‍ന്നത്.
പിന്നാലെ നായകന്മാരായി എത്തിയ വിരാട് കോലിയും രോഹിത് ശര്‍മയും അശ്വിനെ നന്നായി കരിയറില്‍ ഉപയോഗിക്കുകയും ചെയ്തു. ധോണിയുടെ ശിഷ്യനാണ് അശ്വിനെന്ന് പറയാം. ധോണിയുടെ ടെസ്റ്റ് വിരമിക്കല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനെ മൂന്നാം ടെസ്റ്റിലൂടെയായിരുന്നു. ഇതേ മാതൃകയിലാണ് ഇപ്പോള്‍ അശ്വിനും മൂന്നാം മത്സരത്തിലൂടെത്തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും ഇന്ത്യയുടെ അഭിമാനമായാണ് അശ്വിന്‍ ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങിയിരിക്കുന്നത്.

ജഡേജ-അശ്വിന്‍ കൂട്ടുകെട്ടിന് വിരാമം
ഏറെക്കാലം ഇന്ത്യയുടെ ടെസ്റ്റ് നിരയിലെ എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ കൂട്ടുകെട്ട്. എംഎസ് ധോണി നായകനായിരിക്കെ മൂന്ന് ഫോര്‍മാറ്റിലേയും സ്പിന്‍ കൂട്ടുകെട്ട് ഇരുവരുമായിരുന്നു. ധോണിക്ക് ശേഷം വന്ന നായകന്മാര്‍ ഇവരെ മറ്റ് ഫോര്‍മാറ്റുകളില്‍ ഒന്നിപ്പിച്ച് കളിപ്പിക്കുന്നത് കുറഞ്ഞെങ്കിലും ടെസ്റ്റിലേക്ക് പിന്തുണച്ചു. നിലവിലെ മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് അശ്വിനും ജഡേജയുമെന്ന് പറയാം.
ഇരുവരും തമ്മിലുള്ള കൂട്ടുകെട്ടിന് കൂടിയാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. അശ്വിന്‍ കളമൊഴിയുമ്പോള്‍ പകരക്കാരനായി വാഷിങ്ടണ്‍ സുന്ദറിനെ വളര്‍ത്താനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ ജഡേജ, അശ്വിന്‍ കൂട്ടുകെട്ടുപോലൊരു മികച്ച കൂട്ടുകെട്ടിനെ ഇനി സൃഷ്ടിക്കുകയെന്നത് വളരെ പ്രയാസമാണ്. എന്തായാലും ലോക ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചാണ് അശ്വിന്‍ പടിയിറങ്ങുന്നതെന്ന് പറയാം.
ചരിത്ര റെക്കോഡുകളോടെ പടിയിറക്കം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതുല്യ റെക്കോഡുകള്‍ സ്വന്തമാക്കിയാണ് അശ്വിന്റെ പടിയിറക്കം. 200 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നായി 537 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. 59 റണ്‍സിന് 7 വിക്കറ്റ് നേടിയതാണ് ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 25 തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയ അശ്വിന്‍ 37 തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. എട്ട് തവണ 10 വിക്കറ്റ് പ്രകടനം നടത്താനും അശ്വിന് സാധിച്ചു.
116 ഏകദിനത്തില്‍ നിന്ന് 156 വിക്കറ്റും 707 റണ്‍സുമാണ് അദ്ദേഹം നേടിയത്. 65 ടി20യില്‍ നിന്ന് 72 വിക്കറ്റും 184 റണ്‍സുമാണ് അശ്വിന്‍ നേടിയത്. വരുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അശ്വിന്‍ കളിക്കും. ഇവിടെ വീണ്ടും ജഡേജ-അശ്വിന്‍ കൂട്ടുകെട്ട് ഒന്നിക്കും. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയിലെ അശ്വിന്റെ മായാജാലം ഇനി ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.