അഡ് ലെയ്ഡ്: ആധുനിക ക്രിക്കറ്റിലെ പകരംവെക്കാനില്ലാത്ത ബൗളിങ് പ്രതിഭയാണ് ജസ്പ്രീത് ബുംറ. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിവുള്ള ബുംറ ലോക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പേസര്‍മാരില്‍ ഒരാളാണെന്ന് പറയാം. പല പ്രമുഖരും ഇതിനോടകം ബുംറയെ ഏറ്റവും മികച്ച പേസറായി വിശേഷിപ്പിച്ചിട്ടുണ്ട്. റിക്കി പോണ്ടിങ്ങടക്കം ബുംറയാണ് നിലവിലെ ഏറ്റവും മികച്ച പേസറെന്ന് അഭിപ്രായപ്പെട്ടിരുന്നു.
വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ബുംറക്ക് സാധിക്കുന്നു. നിലവില്‍ സയ്യിദ് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി കളിക്കുകയാണ് ബുംറ. ആദ്യ മത്സരത്തില്‍ ഇന്ത്യ പെര്‍ത്തില്‍ ജയിച്ചത് ബുംറയുടെ നായക മികവിലും ബൗളിങ് മികവിലുമാണ്. 41 ടെസ്റ്റുകള്‍ ഇതിനോടകം ബുംറ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 181 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ 11 തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയത്. 41 ടെസ്റ്റുകള്‍ വിലയിരുത്തുമ്പോള്‍ ബുംറയാണോ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍? പരിശോധിക്കാം.
സ്‌റ്റെയിനും മാര്‍ഷലും ബുംറയെക്കാള്‍ ബെസ്റ്റ്
41 ടെസ്റ്റിന് ശേഷമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ജസ്പ്രീത് ബുംറയെക്കാള്‍ മികച്ച കണക്ക് അവകാശപ്പെടാന്‍ സാധിക്കുന്ന ചില ബൗളര്‍മാരെ കാണാനാവുമെന്നതാണ് വസ്തുത. 41 ടെസ്റ്റുകളില്‍ നിന്ന് 211 വിക്കറ്റാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസറായ ഡെയ്ല്‍ സ്റ്റെയിന്‍ വീഴ്ത്തിയത്. ഒരു കാലഘട്ടത്തില്‍ സ്‌റ്റെയിന്റെ ബൗളിങ്ങിനെ ഭയക്കാത്ത ബാറ്റ്‌സ്മാന്‍മാരില്ലായിരുന്നു. വിരാട് കോലിയും സച്ചിന്‍ ടെണ്ടുല്‍ക്കറുമടക്കം സ്‌റ്റെയിനെ നേരിടാന്‍ പ്രയാസമാണെന്ന് തുറന്ന് പറഞ്ഞിരുന്നു.
ഇതിഹാസമായിത്തന്നെയാണ് സ്റ്റെയിന്‍ കളമൊഴിഞ്ഞത്. എന്നാല്‍ പരിക്കേറ്റില്ലായിരുന്നെങ്കില്‍ ഇതിലും രാജകീയമായി കരിയര്‍ അവസാനിപ്പിക്കാന്‍ ബുംറക്ക് സാധിക്കുമായിരുന്നു. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം മാല്‍ക്കോ മാര്‍ഷലും ബുംറയെക്കാള്‍ മികവ് കാട്ടിയിരുന്നു. 193 വിക്കറ്റ് നേടിയ മാല്‍ക്കോ 13 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 41 മത്സരത്തില്‍ നിന്ന് നടത്തി. ബുംറ നാട്ടില്‍ അത്ര മികവ് കാട്ടുന്നില്ല. വിദേശ പര്യടനങ്ങളിലാണ് അദ്ദേഹം കൂടുതല്‍ മിടുക്കുകാട്ടുന്നത്.

മഗ്രാത്തിനും ബുംറയെക്കാള്‍ മികച്ച കണക്ക്
41 ടെസ്റ്റിന് ശേഷമുള്ള കണക്ക് നോക്കുമ്പോള്‍ ഗ്ലെന്‍ മഗ്രാത്തിനും മികച്ച റെക്കോഡ് അവകാശപ്പെടാനാവും. 185 വിക്കറ്റുകള്‍ വീഴ്ത്തിയ മഗ്രാത്ത് 11 തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി 14 അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 187 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇവരെല്ലാം ബുംറയെക്കാള്‍ ഒരുപടി മുകളില്‍ നിന്നവരാണ്. ഇന്നത്തെക്കാള്‍ കരുത്തരായ ബാറ്റ്‌സ്മാന്‍മാരും പ്രയാസമുള്ള സാഹചര്യവുമായിരുന്നു അന്ന് ഉണ്ടായിരുന്നത്.
ഇതിനെയെല്ലാം മറികടന്ന് ഇത്രയും മികച്ച നേട്ടം സ്വന്തമാക്കിയെന്നത് ബൗളര്‍മാരുടെ പ്രതിഭ എത്രത്തോളമാണെന്ന് തുറന്ന് കാട്ടുന്നതാണ്. മഗ്രാത്തിന്റെയും സ്‌റ്റെയിന്റേയും സ്ഥിരത ബുംറക്കുണ്ടോയെന്നത് സംശയമാണ്. ബുംറ മാച്ച് വിന്നറായ താരമാണ്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ ബുംറക്ക് പലപ്പോഴും അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാറില്ല. എന്നാല്‍ മഗ്രാത്തും സ്‌റ്റെയിനുമെല്ലാം ഇക്കാര്യത്തില്‍ ബുംറയെക്കാള്‍ ഒരുപടി മുകളിലായിരുന്നു.
ബുംറ കപിലിനെക്കാളും കേമന്‍
41 ടെസ്റ്റിലെ കണക്ക് നോക്കുമ്പോള്‍ ജസ്പ്രീത് ബുംറ കപില്‍ ദേവിനെക്കാള്‍ കേമനാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കപില്‍ ദേവ് 41 ടെസ്റ്റില്‍ നിന്ന് 157 വിക്കറ്റാണ് നേടിയത്. ഇതില്‍ 11 അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന് 140 വിക്കറ്റാണ് നേടാനായത്. ഏഴ് തവണയാണ് അദ്ദേഹം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. മുന്‍ പാക് ഇതിഹാസമായ വസിം അക്രം 9 അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 154 വിക്കറ്റുകളാണ് നേടിയെടുത്തത്.