മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം മത്സരം 26ന് മെല്‍ബണില്‍ ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയത്തോടെ തിരിച്ചുവന്നു. ആവേശകരമായ ഗാബ ടെസ്റ്റില്‍ മഴ വില്ലനായതോടെ സമനിലയില്‍ കലാശിച്ചു. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വളരെ നിര്‍ണ്ണായകമായി മാറി. ഇന്ത്യക്ക് ഒരു ജയം നേടാനായാല്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താന്‍ സാധിക്കും.
അതുകൊണ്ടുതന്നെ മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റ് ഇരു കൂട്ടര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരത്തിലെ പ്രകടനം നോക്കുമ്പോള്‍ നിലവാരത്തിനൊത്ത് ഉയര്‍ന്നിട്ടില്ലെന്ന് പറയാം. ഇന്ത്യയുടെ പോരാട്ടങ്ങളില്‍ നിര്‍ണ്ണായകമാവുന്നത് ജസ്പ്രീത് ബുംറയുടെ പ്രകടനമാണ്. സ്റ്റാര്‍ പേസര്‍ മിന്നിക്കുന്നതാണ് ഇന്ത്യക്ക് കരുത്താവുന്നത്. മെല്‍ബണില്‍ ഇറങ്ങുമ്പോഴും എല്ലാവരുടേയും ശ്രദ്ധ ബുംറയിലേക്കാണെന്ന് പറയാം.
ഇപ്പോഴിതാ ബുംറയെ ലക്ഷ്യംവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ കമന്റേറ്ററായ ഇയാന്‍ മൗറിസ്. ബുംറയുടെ ബൗളിങ് ആക്ഷന്‍ നിയമ വിരുദ്ധമാണെന്ന തരത്തില്‍ അഭിപ്രായപ്പെട്ട അദ്ദേഹം പരിശോധന വേണമെന്നും ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.
ബുംറയെ ആരും ചോദ്യം ചെയ്യാത്തതെന്ത്?
ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷര്‍ സംശയം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. ആധുനിക ക്രിക്കറ്റില്‍ ഇത് ശരിയായ രീതിയാണെന്ന് കരുതുന്നില്ല. ബുംറ കൈമടക്കിയാണ് എല്ലാ പന്തുകളും എറിയുന്നതെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അവന്റെ ചില പന്തുകളില്‍ കൈ നിയമപ്രകാരമുള്ളതിനെക്കാള്‍ മടങ്ങുന്നുണ്ട്. ഇത് നിരീക്ഷിക്കണമെന്നാണ് പറയാനുള്ളത്. നേരത്തെ തന്നെ ബുംറയുടെ ബൗളിങ് ആക്ഷനെക്കുറിച്ച് സംശയമുയര്‍ന്നിട്ടുള്ളതാണ് എന്നാണ് സീനിയര്‍ കമന്റേറ്ററായ ഇയാന്‍ മൗറിസ് പറയുന്നത്.
ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. സംഭവം വിവാദമായതോടെ മറ്റൊരു വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. ബുംറയുടേത് കൈമടക്കി ഏറാണ് എന്ന് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ചില ആംഗിളുകളില്‍ പരിശോധന ആവശ്യമാണെന്ന് മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. എന്തായാലും ബുംറയുടെ ബൗളിങ് ആക്ഷനെതിരേ വിമര്‍ശനമുന്നയിച്ച് ഇയാന്‍ മൗറിസ് എയറിലായിരിക്കുകയാണെന്ന് പറയാം.

പരിഹസിച്ച് ഇന്ത്യന്‍ ആരാധകര്‍
ഇയാന്‍ മൗറിസിന്റെ പ്രതികരണം വൈറലായതോടെ വലിയ വിമര്‍ശനമാണ് അദ്ദേഹത്തിനെതിരേ ഉയരുന്നത്. ഓസ്‌ട്രേലിയയിലെ ബുംറയുടെ പ്രകടനം താരങ്ങളേയും പ്രമുഖരേയും ഭയപ്പെടുത്തുകയും അസ്വസ്തരാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ബുംറയുടെ ബൗളിങ്ങിനെ പേടിയാണെങ്കില്‍ അത് പറയണമെന്നും അല്ലാതെ ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കരുതെന്നുമാണ് ആരാധകര്‍ പറയുന്നത്.
ബുംറയുടെ മിന്നല്‍ ബൗളിങ് പ്രകടനം ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ തലവേദനയാണ്. തുടര്‍ച്ചയായി നല്ല വേഗത്തിലും ലൈനിലും ലെങ്തിലും പന്തെറിയുന്ന ബുംറ വിക്കറ്റുകള്‍ വീഴ്ത്താനും മിടുക്കുകാട്ടുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ ബുംറക്ക് മികച്ച പിന്തുണ നല്‍കാന്‍ ഇപ്പോള്‍ മറ്റ് ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. മുഹമ്മദ് സിറാജും ആകാശ് ദീപും ഈ നിലവാരത്തിലേക്ക് ഉയരാത്തത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയാകുന്നുണ്ട്. ഇതിനിടെയാണ് ബുംറയുടെ ബൗളിങ് ആക്ഷനെതിരേ ആക്ഷേപമുയരുന്നത്.
വിക്കറ്റ് വേട്ടയില്‍ ബുംറ മുന്നില്‍
വിക്കറ്റ് വേട്ടക്കാരില്‍ ജസ്പ്രീത് ബുംറയാണ് മുന്നിട്ട് നില്‍ക്കുന്നത്. മൂന്ന് ടെസ്റ്റില്‍ നിന്ന് 21 വിക്കറ്റുകള്‍ ബുംറ പോക്കറ്റിലാക്കിക്കഴിഞ്ഞു. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഒരു നാല് വിക്കറ്റ് പ്രകടനവുമുണ്ട്. രണ്ടാം സ്ഥാനത്തുള്ള മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും 14 വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. ബുംറയുടെ ഈ ബൗളിങ് മികവ് ആതിഥേയ താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ ആക്ഷേപം ഉയര്‍ത്തുന്നതെന്ന് പറയാം.