പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വെള്ളിയാഴ്ച തുടക്കമാവുകയാണ്. ഫാസ്റ്റ് ബൗളര്‍മാരെ അകമഴിഞ്ഞു തുണയ്ക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും. അദ്ദേഹത്തിന്റെ ബോളുകള്‍ തീതുപ്പിയാല്‍ മാത്രമേ ഓസീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.
ഒന്നാം ടെസ്റ്റില്‍ ടീമിന്റെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുകയെന്ന ദൗത്യം മാത്രമല്ല ക്യാപ്റ്റന്റെ ഉത്തരവാദിത്വം കൂടി ബുംറയ്ക്കു ഏറ്റെടുക്കേണ്ടതായി വരും. കാരണം ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു നായകന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. രണ്ടാമങ്കം മുതല്‍ മാത്രമേ അദ്ദേഹം ടീമിനൊപ്പം ചേരുകയുള്ളൂവെന്നാണ് വിവരം.
ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റര്‍മാരും ബുംറയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി മാറുമെന്നുറപ്പാണ്. അവരെ ഒതുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയാണെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമായി മാറുകയും ചെയ്യും. ഓസീസ് മുന്‍നിര ബാറ്റര്‍മാര്‍ക്കെതിരേ ടെസ്റ്റില്‍ ബുംറയുടെ പ്രകടനം എങ്ങനെയാണെന്നു നോക്കാം.

മുന്‍നിര പതറുമോ?
ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്കെതിരേയുള്ള ജസ്പ്രീത് ബുംറയുടെ ടെസ്റ്റിലെ റെക്കോര്‍ഡ് നോക്കിയാല്‍ പലര്‍ക്കുമെതിരേ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. ഓസീസ് ബാറ്റിങ് ലൈനപ്പില്‍ ബുംറയെ ഏറ്റവുമധികം ഭയക്കുക വെടിക്കെട്ട് ഇടംകൈയന്‍ ഓപ്പണറായ ട്രാവിസ് ഹെഡ്ഡായിരിക്കും. കാരണം അത്രയും മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനെതിരേ ഇന്ത്യന്‍ പേസര്‍ക്കുള്ളത്.
നിലവിലെ ഓസീസ് ടെസ്റ്റ് ടീമിലെ ബാറ്റര്‍മാരില്‍ ബുംറ ഏറ്റവുമധികം തവണ പുറത്താക്കിയിട്ടുള്ളത് ഹെഡിനെയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നാലു തവണ അദ്ദേഹം ഓസീസ് താരത്തിന്റെ വിക്കറ്റെടുത്തിട്ടുണ്ട്. ബുംറയ്‌ക്കെതിരേ 28.50 എന്ന മോശം ശരാശരിയില്‍ ഹെഡിനു സ്‌കോര്‍ ചെയ്യാനായത് 114 റണ്‍സ് മാത്രമാണ്.
ഹെഡ് കഴിഞ്ഞാല്‍ ഓസീസ് ബാറ്റിങ് നിരയില്‍ ബുംറ കൂടുതല്‍ തവണ മടക്കിയത് സ്റ്റാര്‍ ബാറ്ററായിട്ടുള്ള സ്റ്റീവ് സ്മിത്തിനെയാണ്. മൂന്നു തവണയാണ് അദ്ദേഹം സ്മിത്തിന്റെ വിക്കറ്റെടുത്തത്. എന്നാല്‍ 56.67 എന്ന തകര്‍പ്പന്‍ ശരാശരി ബുംറയ്‌ക്കെതിരേ അദ്ദേഹത്തിനുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. 170 റണ്‍സും താരം സ്‌കോര്‍ ചെയ്തു.
ബുംറയുടെ പ്രകടനം
ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ കഴിഞ്ഞാല്‍ ജസ്പ്രീത് ബുംറ കൂടുതല്‍ തവണ ടെസ്റ്റില്‍ പുറത്താക്കിയ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബ്യുഷെയ്ന്‍, അലെക്‌സ് ക്യാരി. മിച്ചെല്‍ മാര്‍ഷ് എന്നിവരാണ്. ഇവരെല്ലാം രണ്ടു തവണ വീതമാണ് ഇന്ത്യന്‍ പേസര്‍ക്കു മുന്നില്‍ മുട്ടുമടക്കിയത്. എന്നാല്‍ ഇവരില്‍ ഒരാള്‍ വളരെ അനായാസമാണ് ബുംറയെ കൈകാര്യം ചെയ്തിട്ടുള്ളതെന്നു കാണാം.

പാകിസ്താന്‍ വംശജന്‍ കൂടിയായ ഓപ്പണര്‍ ഖവാജയാണിത്. രണ്ടു തവണ ബുംറയ്ക്കു വിക്കറ്റ് സമ്മാനിച്ചു മടങ്ങേണ്ടി വന്നെങ്കിലും 67.50 എന്ന കിടിലന്‍ ശരാശരി അദ്ദേഹത്തിനുണ്ട്. 135 റണ്‍സും ബുംറയ്‌ക്കെതിരേ ഖവാജ സ്‌കോര്‍ ചെയ്തു. ലബ്യുഷെയ്‌നാവട്ടെ 53.50 ശരാശരിയില്‍ 107 റണ്‍സും ക്യാരി 45.50 ശരാശരിയില്‍ 91 റണ്‍സും മാര്‍ഷ് 30 ശരാശരിയില്‍ 60 റണ്‍സുമാണ് ഇന്ത്യന്‍ പേസര്‍ക്കെതിരേ നേടിയിട്ടുള്ളത്.
അതേസമയം, ഓസ്‌ട്രേലിയക്കെതിരേ ഇതുവരെ ഏഴു ടെസ്റ്റുകളില്‍ മാത്രമേ ബുംറ ഇതിനകം കളിച്ചിട്ടുള്ളൂ. 2.47 ഇക്കോണമി റേറ്റില്‍ 32 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു ഫൈഫറും ഇതിലുള്‍പ്പെടും. 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു പേരെ പുറത്താക്കിയതാണ് ബുംറയുടെ ഏറ്റവും മികച്ച പ്രകടനം. ഇംഗ്ലണ്ട് (60), സൗത്താഫ്രിക്ക (38) എന്നിവര്‍ കഴിഞ്ഞാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുതതും കംഗാരുപ്പടയ്‌ക്കെതിരേയാണ്.