ഗുവാഹത്തി: ഹാട്രിക് ജയവുമായി ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര പോക്കറ്റിലാക്കുകയെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. അവസാന ബോളിലേക്കു നീണ്ട ത്രില്ലിങ് മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്. കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെ സൂര്യകുമാര്‍ യാദവും സംഘവും ജയം കളഞ്ഞു കുളിക്കുകയായിരുന്നു. 223 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഓസീസിനു മുന്നില്‍ ഇന്ത്യ വച്ചത്. അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന ബോളില്‍ അവര്‍ വിജയ റണ്‍സ് കുറിക്കുകയും ചെയ്തു.
സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വണ്‍മാന്‍ ഷോയാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. ഏറെക്കുറെ തനിച്ചാണ് അദ്ദേഹം ഇന്ത്യയുടെ കഥ കഴിച്ചതെന്നു പറയാം. 48 ബോളില്‍ എട്ടു വീതം ഫോറും സിക്‌സറുമടക്കം മാക്‌സി പുറത്താവാതെ 104 റണ്‍സ് അടിച്ചെടുത്തു.

പക്ഷെ ഈ മല്‍സരത്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ കാണിച്ച വലിയൊരു മണ്ടത്തരമാണ് ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം. അതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരം ഇന്ത്യ ജയിക്കുമായിരുന്നു. 223 റണ്‍സിലേക്കു ബാറ്റ് വീശവെ 18 ഓവറുകള്‍ കഴിയുമ്പോള്‍ ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റിനു 180 റണ്‍സെന്ന നിലയിലായിരുന്നു. അടുത്ത രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 43 റണ്‍സ്.
സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെയായിരുന്നു ഈ ഓവറില്‍ നായകന്‍ സൂര്യുകുമാര്‍ യാദവ് പരീക്ഷിച്ചത്. ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് ഓസീസ് നായകന്‍ മാത്യു വേഡ് അക്ഷറിനെ സ്വീകരിച്ചത്. അടുത്ത ബോളില്‍ രണ്ടു റണ്‍സ്. മൂന്നാമത്തെ ബോളില്‍ വേഡ് വീണ്ടുമൊരു ബൗണ്ടറി കണ്ടെത്തി.
നാലാമത്തെ ബോളിലായിരുന്നു കളിയിലെ ഏറ്റലും വലിയ ടേണിങ് പോയിന്റായി മാറിയ ആ നിമിഷം. വേഡായിരുന്നു സ്‌ട്രൈക്ക് നേരിട്ടത്. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ഒരു ഫ്‌ളാറ്റ് ബോളായിരുന്നു അത്. വേഡ് ക്രീസിനു പുറത്തു നിന്നും ഷോട്ടിനായി ആഞ്ഞുവീശിയെങ്കിലും ബോള്‍ കണക്ടായില്ല. പിന്നാലെ വിക്കറ്റിനു പിന്നില്‍ ബോള്‍ കളക്ട് ചെയ്ത ശേഷം ഇഷാന്‍ സ്റ്റംപ് ചെയ്തു. തുടര്‍ന്നു സ്റ്റംപിങിനായി അദ്ദേഹം അംപയര്‍ക്കു നേരെ തുടരെ അപ്പീലും ചെയ്തു.
ഇതോടെ ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയായിരുന്നു. ഇഷാന്റെ സ്റ്റംപിങ് അപ്പീല്‍ പക്ഷെ ഇന്ത്യക്കു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തത്. റീപ്ലേകള്‍ പരിശോധിച്ചപ്പോഴാണ് ഇഷാന്‍ വലിയൊരു നിയമലംഘനമാണ് നടത്തിയിട്ടുള്ളതെന്നു തേര്‍ഡ് അംപയര്‍ കണ്ടെത്തിയത്.
സ്റ്റംപുകള്‍ക്കു പിറകില്‍ നിന്നല്ല പകരം വിക്കറ്റിനു അല്‍പ്പം മുന്നോട്ടു കയറിയാണ് ഇഷാന്‍ ബോള്‍ പിടികൂടിയതെന്നു റീപ്ലേയില്‍ തെളിഞ്ഞു. ഇതോടെ തേര്‍ഡ് അംപയര്‍ അതു നോ ബോളും തുടര്‍ന്നു ഫ്രീഹിറ്റും വിധിക്കുകയായിരുന്നു. വിക്കറ്റിനായി ശ്രമിച്ച് അതു നോ ബോളില്‍ കലാശിച്ചത് ഇന്ത്യക്കു വലിയ ഷോക്ക് തന്നെയായിരുന്നു.

ഓസീസിനു ലഭിച്ചതാവട്ടെ അപ്രതീക്ഷിത ലോട്ടറിയുമായിരുന്നു. തുടര്‍ന്നു ലഭിച്ച ഫ്രീഹിറ്റ് ലോങ് ഓണിനു മുകളിലൂടെ വേഡ് സിക്‌സറിലേക്കു പറത്തിയപ്പോള്‍ മുഖത്ത് അടി കിട്ടിയ പ്രതീതിയായിരുന്നു ഇഷാന്. അദ്ദേഹം സ്റ്റംപിങിനായി അങ്ങനെ അപ്പീല്‍ ചെയ്‌രുന്നില്ലെങ്കില്‍ ഒരു റണ്‍സ് പോലും ഓസീസിനു ലഭിക്കില്ലായിരുന്നു. പക്ഷെ ആ അപ്പീല്‍ കളിയാകെ മാറ്റി മറിച്ചു.
ഇഷാന്റെ പ്രവര്‍ത്തിയില്‍ അക്ഷറും വളരെ അസംതൃപ്തനായാണ് കാണപ്പെട്ടത്. കാരണം ബൗളറായ തന്റേതല്ലാത്ത കാരണം കൊണ്ടല്ലാതെ മല്‍സരത്തിന്റെ ആ സമയത്തു അങ്ങനെയൊരു അബദ്ധം കാണിക്കുകയെന്നത് ഒരിക്കും അംഗീകരിക്കാന്‍ കഴിയാത്ത കാര്യം കൂടിയാണ്. ഇന്ത്യന്‍ ടീമിനെയാകെ ഉലച്ച നിമിഷമായിരുന്നു ഇത്. ഈ ഓവറില്‍ 22 റണ്‍സ് ഓസീസിനു ലഭിക്കുകയും ചെയ്തു. ഇതില്‍ ആറു റണ്‍സ് ഇഷാന്‍ ചോദിച്ചു വാങ്ങി ഓസീസിനു സംഭാവന ചെയ്തതുമാണ്.