ടീം ഇന്ത്യക്കു വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഇതിഹാസ താരം ആര്‍ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കലിലേക്കു നയിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയുടെ മുഖ്യ കോച്ചായ ഗൗതം ഗംഭീറാണ് അദ്ദേഹത്തിന്റെ വിരമിക്കലിനു പിന്നിലെ യഥാര്‍ഥ വില്ലനെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
അശ്വിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും ഇതു വിജയം കാണാതെ പോവുകയായിരുന്നു. പിടിഐയാണ് അശ്വിന്റെ പെട്ടെന്നുള്ള വിരമിക്കലിലേക്കു നയിച്ചിട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
പെര്‍ത്തിലെ ആദ്യ ടെസ്റ്റിനു ശേഷം തന്നെ അദ്ദേഹം വിരമിക്കാന്‍ ആലോചിച്ചിരുന്നതായിം എന്നാല്‍ രോഹിത്തിന്റ ഇടപെടല്‍ കാരണം ഇതു നടക്കാതെ പോവുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന മൂന്നാമങ്കത്തിനു ശേഷം അശ്വിന്‍ തന്റെ വിരമിക്കല്‍ തീരമാനം ലോകത്തിനു മുന്നില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

ടീമില്‍ സ്ഥാനമാവശ്യപ്പെട്ടു
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യന്‍ ടീമിനോടൊപ്പം യാത്ര തിരിക്കാന്‍ ആര്‍ അശ്വിന്‍ ആദ്യം തയ്യാറായിരുന്നില്ലെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പ് നല്‍കിയാല്‍ മാത്രമേ ടീമിനൊപ്പം വരികയുള്ളൂവെന്നു അദ്ദേഹം അറിയിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന അവസാനത്തെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ തന്നെ ആര്‍ അശ്വിന്‍ വിരമിക്കലിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചു തുടങ്ങിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ലെങ്കില്‍ ടീമിനൊപ്പം യാത്ര തിരിക്കാന്‍ താല്‍പ്പര്യമില്ലെന്നു അദ്ദേഹം ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയയുമായുള്ള ആദ്യ ടെസ്റ്റില്‍ അശ്വിനെ പുറത്തിരുത്തി വാഷിങ്ടണ്‍ സുന്ദറിനെ ഏക സ്പിന്നറായി കളിപ്പിച്ചതാണ് നിര്‍ണായകമായത്. അതിനു ശേഷം രോഹിത് ശര്‍മയുടെ ഇടപെടലിനെ തുടര്‍ന്ന് പിങ്ക് ബോള്‍ ടെസ്റ്റില്‍ അശ്വിനെ കളിപ്പിച്ചെങ്കിലും മൂന്നാമത്തെ കളിയില്‍ അദ്ദേഹത്തെ ഒഴിവാക്കി രവീന്ദ്ര ജഡേജയെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നു.
മെല്‍ബണ്‍, സിഡ്‌നി എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന അടുത്ത രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീം കോമ്പിനേഷന്റെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നു രോഹിത് പറഞ്ഞതും അശ്വിന്റെ തീരുമാനത്തിനു പിന്നിലുണ്ടെന്നു റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
ഗംഭീറിന്റെ തീരുമാനം
പെര്‍ത്തിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനോടൊപ്പം ഇല്ലായിരുന്നു. ഭാര്യയയുടെ പ്രസവത്തെ തുടര്‍ന്ന് അദ്ദേഹം നാട്ടിലാണുണ്ടായിരുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ഈ മല്‍സരത്തില്‍ ഇന്ത്യയെ നയിച്ചത്. രോഹിത് ഇല്ലാത്തതിനാല്‍ തന്നെ ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിനു പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കാമെന്ന തീരുമാനമെടുത്തത് മുഖ്യ കോച്ച് ഗൗതം ഗംഭീറാണ്.

ഒന്നാം ടെസ്റ്റിനു ശേഷമാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധ പ്രകാരം അശ്വിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരികയും ചെയ്യുകയായിരുന്നുവെന്നും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നീട് അശ്വിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ആദ്യ ടെസ്റ്റ് നടന്ന പെര്‍ത്തില്‍ എത്തിയതിനു ശേഷം ഞാന്‍ അശ്വിനുമായി സംസാരിച്ചിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കാന്‍ ഞാന്‍ എങ്ങനെയൊക്കെയോ പ്രേരിപ്പിക്കുകയും ചെയ്യുകയുമായിരുന്നു.
അതിനു ശേഷമാണ് ഇപ്പോള്‍ ഈ വിരമിക്കല്‍ തീരുമാനം സംഭവിച്ചിരിക്കുന്നത്. ഈ പരമ്പരയില്‍ ഇപ്പോള്‍ ടീമിനു തന്നെ ആവശ്യമില്ലെന്നു അശ്വിനു തോന്നി. അതുകൊണ്ടു തന്നെ ഗെയിമിനോടു ഗുഡ്‌ബൈ പറയുകയാണ് ഏറ്റവും നല്ലതെന്നു അദ്ദേഹത്തിനു തോന്നുകയും ചെയ്തതായും രോഹിത് വെളിപ്പെടുത്തി.