ബ്രിസ്ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20 പോരാട്ടം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെന്ന നിലയില്‍ കുതിക്കവെയാണ് മഴയെത്തിയത്.
16 ബോളില്‍ നിന്നും ആറു ഫോറുകളടക്കം ശുഭ്മന്‍ ഗില്ലും 13 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. പിന്നീട് കളി പുനരാരംഭിക്കാന്‍ കഴിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ചെയ്തു.
നേരത്തേ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയോടേറ്റ 1-2ന്റെ തോല്‍വിക്കു ഇതോടെ ഇന്ത്യ കണക്കുതീര്‍ക്കുകയും ചെയ്തു.

ഇന്ത്യയുടെ അടുത്ത പരമ്പര നാട്ടില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയാണ്. രണ്ടു ടെസ്റ്റുകളും മൂന്നു ഏകദിനവും അഞ്ചു ടി20കളും ഇതിലുള്‍പ്പെടും. ഈ മാസം 14 മുതലാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഈ മല്‍സരം.
ഗാബയിലെ അഞ്ചാമങ്കത്തില്‍ ടോസ് ജയിച്ച ഓസീസ് ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന കളിയിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. തിലക് വര്‍മയ്ക്കു വിശ്രമം നല്‍കി പകരം റിങ്കു സിങിനെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടുവന്നു. മറുഭാഗത്തു ഓസീസ് കഴിഞ്ഞ കളിയിലെ അതേ ടീം നിലനിര്‍ത്തി.
നേരത്തേ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പിടിമുറുക്കവെയാണ് മഴയെത്തിയത്. രണ്ടാമങ്കത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിനു തകര്‍ത്തുവിട്ട ഓസീസ് 1-0നു മുന്നിലെത്തി. പിന്നീട് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവാണ് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കണ്ടത്.
മൂന്നാം ടി20യില്‍ 187 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ വളരെ അനായാസം മറികടക്കുകയായിരുന്നു. അര്‍ഷ്ദീപ് സിങും വാഷിങ്ടണ്‍ സുന്ദറുമായിരുന്നു ടീമിന്റെ വിജയശില്‍പ്പികള്‍. നാലാമത്തെ മല്‍സരത്തിലും ഇന്ത്യ വിജയമാവര്‍ത്തിച്ചു. ബാറ്റിങ് പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ലെങ്കിലും ബൗളിങ് മികവില്‍ 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ടീം സ്വന്തമാക്കുകയും ചെയ്തു.
പ്ലെയിങ് 11
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- മിച്ചെല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാറ്റ് ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ആദം സാംപ, ബെന്‍ ഡ്വാര്‍ഷ്യസ്.