IND vs AUS: രോഹിത്തിന്റെ 'വെടിതീര്‍ന്നു', ശേഷിക്കുന്ന മത്സരങ്ങളില്‍ ബുംറ നയിക്കണം! കാരണങ്ങളിതാ
അഡ്‌ലെയ്ഡില്‍: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെങ്കിലും പിങ്ക് ബോള്‍ ടെസ്റ്റില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്ന് തന്നെ പറയാം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 180 റണ്‍സിനാണ് കൂടാരം കയറിയത്. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 337 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ പൊരുതുകയാണ്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യന്‍ ടീമിന് രണ്ടാം മത്സരത്തില്‍ ആധിപത്യം കാട്ടാനാവുന്നില്ല.
ആദ്യ മത്സരത്തില്‍ ഇന്ത്യ കളിച്ചത് ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പോരാട്ടവീര്യം രണ്ടാം മത്സരത്തില്‍ കാണുന്നില്ലെന്ന് തന്നെ പറയാം. മാനസികമായ മുന്‍തൂക്കം മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. പ്രകടന നിലവാരം ആദ്യ മത്സരത്തിനൊത്ത് ഉയരുന്നില്ലെന്ന് പറയാം. ഇന്ത്യ അഡ്‌ലെയ്ഡില്‍ തോറ്റാല്‍ രോഹിത് ശര്‍മയെ മാറ്റി ശേഷിക്കുന്ന മത്സരങ്ങളില്‍ ബുംറയെ ക്യാപ്റ്റനാക്കണം. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
രോഹിത് ശര്‍മക്ക് ആത്മവിശ്വാസമില്ല
രോഹിത് ശര്‍മക്ക് ആത്മവിശ്വാസമില്ലെന്ന് നിസംശയം പറയാം. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മക്ക് രണ്ടാം മത്സരത്തില്‍ വലിയ ആത്മവിശ്വാസം കാട്ടാനാവുന്നില്ല. ന്യൂസീലന്‍ഡിനോട് നാട്ടില്‍ വൈറ്റ് വാഷ് നേരിട്ട നാണക്കേട് രോഹിത്തിനുണ്ട്. ഈ ക്ഷീണം താരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ രോഹിത്തിന്റെ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങളെല്ലാം മോശമാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്.
രോഹിത് ശര്‍മക്ക് പഴയതുപോലെ ബാറ്റിങ്ങില്‍ മികവ് കാട്ടാന്‍ സാധിക്കാത്തത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയേയും കാര്യമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മക്ക് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കുന്നില്ല. രോഹിത്തിന്റെ മോശം ഫോം ക്യാപ്റ്റന്‍സിയെ ബാധിക്കുമ്പോള്‍ ഇത് ടീമിനെയാകെ ബാധിക്കുന്നു. രോഹിത്തിന് ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ഇപ്പോള്‍ നായകനെന്ന നിലയിലെ ഉത്തരവാദിത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണ് നല്ലത്.

ബുംറക്ക് ഇത് വളരാനുള്ള അവസരം
രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ താരം കരിയറിലെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. അതുകൊണ്ടുതന്നെ രോഹിത്തിന്റെ പകരക്കാരനെ ഇന്ത്യക്ക് നായകനായി വളര്‍ത്തേണ്ടിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ജസ്പ്രീത് ബുംറയാണ് ഈ റോളില്‍ അനുയോജ്യനായ താരം. പെര്‍ത്തിലെ ജയത്തോടെ ബുംറ കൂടുതല്‍ ആവേശത്തിലാണ്. വരുന്ന മത്സരങ്ങളിലും ടീമിനെ നയിക്കാന്‍ ബുംറ താല്‍പ്പര്യപ്പെടുന്നുണ്ട്.
എന്നാല്‍ രോഹിത്തിന്റെ വരവോടെ ബുംറ വഴിമാറിക്കൊടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ബുംറയുടെ നിലവിലെ പ്രകടനങ്ങളെല്ലാം മികച്ചതായതിനാല്‍ നായകസ്ഥാനം ലഭിച്ചാല്‍ അദ്ദേഹത്തിന് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കും. ബുംറയുടെ ഫോം മികച്ചതായതിനാല്‍ ക്യാപ്റ്റന്‍സിയിലും ഇത് പ്രതിഫലിക്കും. ബുംറക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിക്കൊടുക്കാനായാല്‍ അദ്ദേഹത്തിന്റെ നായകനെന്ന നിലയിലെ കരിയറിനത് വലിയ ഗുണം ചെയ്യും.
നായകനാവുമ്പോള്‍ ബുംറ കൂടുതല്‍ ശോഭിക്കും
ജസ്പ്രീത് ബുംറയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. സമീപകാലത്ത് ഇന്ത്യ ജയിച്ച മത്സരങ്ങളിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഏറ്റവും തിളങ്ങിയിരിക്കുന്നത് ജസ്പ്രീത് ബുംറയാണ്. പന്തുകൊണ്ട് ബുംറ നടത്തുന്ന മിന്നും പ്രകടനങ്ങള്‍ ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണെന്നിരിക്കെ അദ്ദേഹത്തെ ക്യാപ്റ്റനാക്കുന്നതാണ് നല്ലത്.
ക്യാപ്റ്റനാവുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ ബുംറക്ക് സാധിക്കുന്നുണ്ട്. നായകന്റെ സമ്മര്‍ദ്ദം ബുംറയുടെ പ്രകടനം മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ബുംറയെ നായകസ്ഥാനത്തേക്കെത്തിക്കുന്നതാണ് എന്തുകൊണ്ടും ടീമിന് ഗുണം ചെയ്യുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications