ഇന്ത്യന്‍ ടീമില്‍ നിന്നും ഒരിക്കല്‍ക്കൂടി മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടതോടെ ആരാധകര്‍ ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സൂര്യകുമാര്‍ യാദവിനു കീഴില്‍ യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഓസ്‌ട്രേലിയക്കെതിരേ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. ഇഷാന്‍ ടീമിലുണ്ടാവുമെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നെങ്കിലും രണ്ടാമത്തെ വിക്കറ്റ് കീപ്പറായി സഞ്ജുവിനാവും നറുക്കു വീഴുകയെന്നു ഉറപ്പിച്ചിരുന്നു.

പക്ഷെ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം ഒഴിവാക്കപ്പെടുകയും പകരം ജിതേഷിനു അവസരം കിട്ടുകയുമായിരുന്നു.ഇതോടെയാണ് സോഷ്യല്‍ മീഡിയിയില്‍ സഞ്ജുവിന്റെ ആരാധകര്‍ കടുത്ത രോഷവും നിരാശയും പ്രകടിപ്പിച്ചിരിക്കുന്നത്.
അയര്‍ലാന്‍ഡിനെതിരേയായിരുന്നു സഞ്ജു സാംസണ്‍ അവസാന ടി20 മല്‍സരം കളിച്ചത്. 26 ബോളില്‍ 40 റണ്‍സുമെടുത്തു. ജോഷ് ലിറ്റിലിന്റെ ഒരോവറിലെ രണ്ടു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. എന്നിട്ടും ഇപ്പോള്‍ ഓസീസുമായുള്ള ടി20 പരമ്പരയില്‍ തഴയപ്പെട്ടു.
അവസാനം കളിച്ച ഏകദിനത്തില്‍ 41 ബോളില്‍ 51 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തു. പക്ഷെ ലോകകപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഇവയ്ക്കുള്ള ശിക്ഷയാണ് ലോകകപ്പ് ഫൈനലിലെ തോല്‍വിയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഏകദിന ലോകകപ്പ് വരുമ്പോള്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ടി20 ലോകകപ്പ് വരാനിരിക്കുമ്പോള്‍ അദ്ദേഹം ടി20യില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. ഇതു തീര്‍ച്ചയായും ലോബി തന്നൊണ്. ഏതു വിധേനയും സഞ്ജു ലോകകപ്പ് ടീമില്‍ ഇടം പിടിക്കരുതെന്ന ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളൂവെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.
ഏഷ്യാ കപ്പില്‍ ഇടമില്ല, ഏഷ്യന്‍ ഗെയിംസില്‍ ഇടമില്ല, ലോകകപ്പില്‍ ഇടമില്ല. ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയിലേക്കും തിരഞ്ഞെടുക്കപ്പെട്ടില്ല. ബിസിസിഐയും സഞ്ജു സാംസണും തമ്മില്‍ എന്തോ കാര്യമായ പ്രശ്‌നമുണ്ടെന്ന സൂചനയാണ് ഇതു നല്‍കുന്നതെന്നും ആരാധകര്‍ പറയുന്നു.

തിരുവനന്തപുരത്ത് എപ്പോഴെല്ലാം ഇന്ത്യയുടെ മല്‍സരം വരുമ്പോഴും സഞ്ജു സാംസണ്‍ അതില്‍ കളിക്കില്ലെന്നു ഉറപ്പ് വരുത്താന്‍ ബിസിസിഐ ശ്രമിക്കാറുണ്ട്. ഇത്തവണയും അതു ആവര്‍ത്തിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും മോശം രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ട താരം അദ്ദേഹമായിരിക്കും. ബിസിസിഐയ്ക്കു എന്താണ് സഞ്ജുവിനെ ഇത്ര ഭയമെന്നും ആരാധകര്‍ ചോദിക്കുന്നു.
സഞ്ജു സാംസണ്‍ ഇനിയും ഈ തരത്തില്‍ അപമാനിതനാവാന്‍ നില്‍ക്കരുത്. വിരമിക്കല്‍ പ്രഖ്യാപിച്ച് നെതര്‍ലാന്‍ഡ്‌സ്, അമേരിക്ക, അയര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലൊന്നിലേക്കു മാറണം. അവര്‍ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച് 2027ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരേ അവരെ നയിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.