റായ്പൂര്‍: റിങ്കു സിങും സ്പിന്നര്‍മാരും കസറിയപ്പോള്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ടി20 പരമ്പര ഇന്ത്യ പോക്കറ്റിലാക്കി. 20 റണ്‍സിന്റെ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും നാലാം ടി20യില്‍ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയും ചെയ്തു. പരമ്പരയിലെ അവസാനത്തെ മല്‍സരം ഞായറാഴ്ച നടക്കും. പരമ്പയിലെ കഴിഞ്ഞ മൂന്നു കളിയിലും 200ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇന്ത്യക്കു പക്ഷെ ഈ മല്‍സരത്തില്‍ അതിനായില്ല.
ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ ഓസീസിനെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിനു 154 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ക്യാപ്റ്റന്‍ മാത്യു വേഡ് പുറത്താവാതെ 36 റണ്‍സെടുത്തപ്പോള്‍ 31 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് മറ്റൊരു പ്രധാന സ്‌കോറര്‍. നാലോറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെ പുറത്താക്കിയ അക്ഷര്‍ പട്ടേലാണ് ബൗളിങില്‍ ഇന്ത്യയുടെ ഹീറോ. ദീപക് ചാഹറിനു രണ്ടു വിക്കറ്റും ലഭിച്ചു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യക്കു ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത് റിങ്കുവായിരുന്നു. 46 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററാറായി മാറി. 29 ബോളുകള്‍ നേരിട്ട റിങ്കുവിന്റെ ഇന്നിങ്‌സില്‍ നാലു ഫോറും രണ്ടു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു. യശസ്വി ജയ്‌സ്വാള്‍ (37), പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച ജിതേഷ് ശര്‍മ (35), റുതുരാജ് ഗെയ്ക്വാദ് (32) എന്നിവരും ടീമിനു ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
മെയ്ഡനോടൊണ് ഇന്ത്യ ഇന്നിങ്‌സ് തുടങ്ങിയതെങ്കിലും ആദ്യ വിക്കറ്റില്‍ ജയ്സ്വാള്‍- റുതുരാജ് സഖ്യം 50 റണ്‍സെടുത്തിരുന്നു. എന്നാല്‍ 13 റണ്‍സിന്റെ വ്യത്യാസത്തില്‍ മൂന്നു വിക്കറ്റുകള്‍ കൈവിട്ടതോടെ ഇന്ത്യ മൂന്നു വിക്കറ്റിനു 63 റണ്‍സിലേക്കു വീഴുകയായിരുന്നു. ശ്രേയസ് അയ്യര്‍ (8), നായകന്‍ സൂര്യ (1) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. നാലാം വിക്കറ്റില്‍ റുതുരാജും റിങ്കുവും ചേര്‍ന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ തകര്‍ച്ചയില്‍ നിന്നും കരകയറി.
ഈ ജോടി കരുത്താര്‍ജിക്കവെയാണ് റുതുരാജ് വീണത്. 28 ബോളില്‍ 32 റണ്‍സെടുത്ത റുതുരാജിനെ സംഗയുടെ ബൗളിങില്‍ ഡ്വാര്‍ഷ്യസ് പിടികൂടി. തുടര്‍ന്നാണ് റിങ്കുവിനു കൂട്ടായി മറ്റൊരു വമ്പനടിക്കാരനായ ജിതേഷ് വന്നത്. ഇതോടെ ഇന്ത്യന്‍ സ്‌കോറിങിനും വേഗത കൂടി. 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാണ്ടാക്കാന്‍ ഈ സഖ്യത്തിനു കഴിഞ്ഞു.

ഈ ജോടി ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യ 190-200 റണ്‍സെങ്കിലും എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ടീം സ്കോര്‍ 167ല്‍ വച്ച് ജിതേഷ് പുറത്തായതോടെ ഇന്ത്യയുടെ താളം തെറ്റി. 19 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറും ജിതേഷിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പിന്നീട് ഇന്ത്യക്കു കൂട്ടത്തകര്‍ച്ച നേരിട്ടു. ഏഴു റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ കൈവിടുകയായിരുന്നു. ഇതോടെ 174 റണ്‍സില്‍ ഇന്ത്യ തൃപ്തിപ്പെടുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
ഓസ്‌ട്രേലിയ- ട്രാവിസ് ഹെഡ്, മാത്യു ഷോര്‍ട്ട്, ജോഷ് ഫിലിപ്പെ, ആരോണ്‍ ഹാര്‍ഡി, ബെന്‍ മക്ക്‌ഡെര്‍മോട്ട്, മാത്യു വേഡ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രിസ് ഗ്രീന്‍, ബെന്‍ ഡ്വാര്‍ഷ്യസ്, ജേസണ്‍ ബെറന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ.