ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടക്കാനിരിക്കവെ ഇന്ത്യയുടെ ചങ്കിടിപ്പേറ്റുന്ന റിപ്പോര്‍ട്ട് പുറത്ത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മത്സരത്തിന് ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാം ടെസ്റ്റിനിടെ ബുംറക്ക് കാലിന് പരിക്കേറ്റിരുന്നു. ഗുരുതരമല്ലാത്തതിനാല്‍ അദ്ദേഹം കളി തുടരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിക്ക് പണി കൊടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന സെക്ഷനില്‍ ബുംറ ഇറങ്ങിയിട്ടില്ല.
ബുംറക്ക് കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യയുടെ ബൗളിങ് നിര തീര്‍ത്തും ദുര്‍ബലമാവും. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചതില്‍ നിര്‍ണ്ണായകമായത് ബുംറയുടെ ബൗളിങ് മികവാണ്. രണ്ടാം മത്സരത്തില്‍ ബുംറയുടെ ബൗളിങ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇതിലും വലിയ നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വരുമായിരുന്നു. എന്തായാലും ബുംറയുടെ പരിക്ക് ഇന്ത്യക്ക് വലിയ ആശങ്കയായിരിക്കുകയാണ്. ബുംറയുടെ ഉത്തമ പകരക്കാരനായി ആരുമില്ലാത്തതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും.
ബുംറക്ക് പകരം ആകാശ് ദീപ്
ബുംറക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യക്ക് ആകാശ് ദീപിനെ പരിഗണിക്കാതെ മറ്റ് വഴികളില്ല. ഇന്ത്യ ആദ്യ രണ്ട് മത്സരത്തിലും ആകാശ് ദീപിന് കളിപ്പിച്ചിട്ടില്ല. എന്നാല്‍ ബുംറക്ക് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമായി വന്നാല്‍ പകരം ആകാശ് ദീപിനെ കളിപ്പിക്കുമെന്നുറപ്പാണ്. പ്രസിദ്ധ് കൃഷ്ണയേക്കാള്‍ ഇന്ത്യ ആകാശ് ദീപിനാവും മുന്‍തൂക്കം നല്‍കുക. സ്വിങ് പേസറായ ആകാശിന് ഓസീസില്‍ മികവ് കാട്ടാന്‍ സാധിക്കുമോയെന്നത് കണ്ടറിയണം.
ഇന്ത്യ ഇതിനോടകം മുഹമ്മദ് ഷമിയെ തിരിച്ചുവിളിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. ഷമി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയാണ്. ബുംറക്ക് വിശ്രമം വേണ്ടിവന്നാല്‍ സീനിയര്‍ പേസര്‍മാരില്ലാതെ ഇന്ത്യക്ക് കളിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ അത് കൂടുതല്‍ വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍. ഗാബ ഓസീസിന് വ്യക്തമായ ആധിപത്യമുള്ള മൈതാനമാണ്. ഇവിടെ ഇന്ത്യയുടെ പേസ് കരുത്ത് മോശമായാല്‍ ഓസീസ് അത് മുതലാക്കുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ ബാറ്റിങ് നിര ഉണരണം
ഇനിയുള്ള മൂന്ന് മത്സരങ്ങളും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിക്കണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് എളുപ്പമാവില്ല. ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു. ആരേയും വിശ്വസിക്കാന്‍ സാധിക്കില്ല. യശ്വസി ജയ്‌സ്വാള്‍ പോസിറ്റീവായി കളിക്കുമ്പോഴും വലിയ സ്‌കോര്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോകുന്നു.
ശുബ്മാന്‍ ഗില്‍ ഇതിനോടകം ഓസീസില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. ഇതിനൊത്ത പ്രകടനം ഗില്‍ കാഴ്ചവെക്കേണ്ടതായുണ്ട്. എന്നാല്‍ ഗില്ലിനത് സാധിക്കുന്നില്ല. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്ക് ഫോം കണ്ടെത്താനാവാത്തതും ഇന്ത്യയെ പിന്നോട്ടടിക്കുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ്. എന്നാല്‍ നിലവിലെ ഫോമില്‍ ഇവര്‍ക്ക് ഇത്തരത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത.
രോഹിത് ഓപ്പണിങ്ങിലേക്കെത്തും
ആദ്യ മത്സരം കളിക്കാതിരുന്ന രോഹിത് ശര്‍മ രണ്ടാം മത്സരത്തില്‍ കെ എല്‍ രാഹുലിനായി ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുത്തിരുന്നു. എന്നാല്‍ മധ്യനിരയില്‍ കളിച്ച രോഹിത് നിരാശപ്പെടുത്തുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ രോഹിത് ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തും. മൂന്നാം മത്സരത്തില്‍ ജയ്‌സ്വാളും രോഹിത്തും ചേര്‍ന്നാവും ഓപ്പണ്‍ ചെയ്യുക. ഇവര്‍ നല്‍കുന്ന തുടക്കം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഇവര്‍ക്ക് നല്ല തുടക്കം നല്‍കാനായാല്‍ പിന്നാലെ എത്തുന്നവര്‍ക്ക് അത് മുതലാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ രോഹിത്തിന്റെ പ്രകടനം ഗാബയില്‍ നിര്‍ണ്ണായകമാണ്. ഓസ്‌ട്രേലിയയില്‍ റിഷഭ് പന്തിന് പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചിട്ടില്ല. ഗാബയില്‍ റിഷഭ് വീണ്ടും ഹീറോയാവുമോയെന്നതാണ് കണ്ടറിയേണ്ടത്.