മെല്‍ബണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി മല്‍സരത്തില്‍ തന്നെ ഇടിവെട്ട് ഫിഫ്റ്റിയുമായി വരവറിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ യുവതാരം സാം കോണ്‍സ്റ്റാസ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന രണ്ടു ടെസ്റ്റുകളില്‍ ടീമിലേക്കു വിളിക്കപ്പെട്ട 19 കാരന് നാലാമങ്കത്തില്‍ അരങ്ങേറാനും സാധിച്ചു. ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ അടക്കം തല്ലിച്ചതച്ചാണ് കോണ്‍സ്റ്റാസ് ഇപ്പോള്‍ കൈയടി നേടിയത്.
അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച താരം 60 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. വെറും 65 ബോളുകളിലാണിത്. ആറു ഫോറുകളും രണ്ടു സിക്‌സറുമക്കമാണിത്. ബുംറയെ അടക്കം സിക്‌സറിലേക്കു പായിക്കാന്‍ കോണ്‍സ്റ്റാസിനു സാധിച്ചുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇന്ത്യയുടെ പ്രീമിയം ഫാസ്റ്റ് ബൗളര്‍ക്കെതിരേ തന്റെ ഗെയിം പ്ലാന്‍ എന്തായിരുന്നുവെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

കോണ്‍സ്റ്റാസിന്റെ പ്രകടനം
ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ നതാന്‍ മക്‌സ്വീനിക്കു പകരമാണ് സാം കോണ്‍സ്റ്റാസിനെ ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിലുള്‍പ്പെടുത്തിയത്. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം മെല്‍ബണ്‍ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാനുള്ള അവസരം 19 കാരനു ലഭിക്കുകയും ചെയ്തു.
ഇന്ത്യക്കായി ന്യൂബോള്‍ കൈകാര്യം ചെയ്ത ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കെതിരേ വളരെ ശ്രദ്ധയോടെയാണ് കോണ്‍സ്റ്റാസ് തുടങ്ങിയത്. ആദ്യത്തെ ആറു ബോളിലും അക്കൗണ്ട് തുറക്കാന്‍ താരത്തിനായില്ല. ഓസീസിന്റെ ആദ്യ രണ്ടോവറും മെയ്ഡനുമായിരുന്നു.
ബുംറയെറിഞ്ഞ മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ ബോളില്‍ ഡബിളെടുത്താണ് കോണ്‍സ്റ്റാസ് തന്റെയും ടീമിന്റെയും അക്കൗണ്ട് തുറന്നത്. എന്നാല്‍ താരത്തിന്റെ പ്രഹരശേഷി ലോകം കണ്ടത് ഏഴാമത്തെ ഓവറിലായിരുന്നു. 21 ബോളില്‍ അഞ്ചു റണ്‍സ് മാത്രമേ ഈ ഓവറിനു മുമ്പ് കോണ്‍സ്റ്റാസ് നേടിയിരുന്നുള്ളൂ. എന്നാല്‍ ബുംറയെറിഞ്ഞ ഏഴാം ഓവറില്‍ താരം കൊടുങ്കാറ്റായി മാറി. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 14 റണ്‍സാണ് കോണ്‍സ്റ്റാസ് വാരിക്കൂട്ടിയത്.
ഓവറിലെ ആദ്യ ബോള്‍ സ്‌കൂപ്പ് ഷോട്ടിലൂടെ ബൗണ്ടറി പായിച്ചാണ് ബുംറയെ ഓസീസ് താരം വരവേറ്റത്. അടുത്ത ബോള്‍ കോണ്‍സ്റ്റാസ് സിക്‌സറിലേക്കു പായിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങളും കാണികളും ഒരുപോലെ ഞെട്ടി. അതുകൊണ്ടും താരം നിര്‍ത്തിയില്ല. ഓവറിലെ അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. ഇത്തവണയും സ്‌കൂപ്പ് ഷോട്ടിലൂടെയാണ് ബുംറയെ 19 കാരന്‍ സ്തബ്ധനാക്കിയത്.
അതിനു ശേഷം 11ാം ഓവറില്‍ ബുംറ വീണ്ടും കോണ്‍സ്റ്റാസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം ഇത്തവണ അടിച്ചെടുത്തത് 18 റണ്‍സാണ്. ഓവറിലെ ആദ്യ ബോളിലായിരുന്നു കോണ്‍സ്റ്റാസിന്റെ ആദ്യത്തെ ബൗണ്ടറി. നാലാമത്തെ ബോള്‍ പറന്നത് നേരെ സിക്‌സറിലേക്കായിരുന്നു. ലോങ് ഓണിനു മുകളിലൂടെയായിരുന്നു ഷോട്ട്. അടുത്ത ബോള്‍ ബാക്ക് വേര്‍ഡ് പോയിന്റിലൂടെ കോണ്‍സ്റ്റാസ് ബൗണ്ടറിയിലേക്കും പായിക്കുകയായിരുന്നു.

ഗെയിം പ്ലാന്‍
ആദ്യദിനത്തിലെ കളി അവസാനിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ജസ്പ്രീത് ബുംറയ്‌ക്കെതിരേ ഗെയിം പ്ലാന്‍ എന്തായിരുന്നുവെന്നു സാം കോണ്‍സ്റ്റാസ് വെളിപ്പെടുത്തിയത്. ബുംറയുടെ വളരെ അസാധാരണമായ ബൗളിങ് ആക്ഷനെക്കുറിച്ച് മനസ്സിലാക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചതെന്നാണ് ഓസ്‌ട്രേലിയന്‍ താരം പറയുന്നത്.
ജസ്പ്രീത് ബുംറയുടെ ബൗളിങ ആക്ഷന്‍ മനസ്സിലാക്കാനായിരുന്നു ആദ്യത്തെ ഓവറില്‍ ശ്രമിച്ചത്. അദ്ദേഹത്തിനെതിരായ ഷോട്ട് മുന്‍കൂട്ടി തന്നെ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതു ക്രിക്കറ്റ് മാത്രമാണ്, സമ്മര്‍ദ്ദവുമുണ്ടായിരുന്നു. സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എനിക്കു നല്‍കിയിരുന്നു. ബുംറ ഒരു ഇതിഹാസമാണ്. അദ്ദേഹത്തിനു മേല്‍ അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തി, അതില്‍ വിജയിക്കുകയും ചെയ്തതായും കോണ്‍സ്റ്റാസ് വിശദമാക്കി.