IND vs AUS: വേണ്ടത് 52 റണ്‍സ്, കോലിയെ കാത്ത് ഗംഭീര റെക്കോഡ്- എന്താണെന്നറിയാം

ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഇന്ത്യക്ക് മികച്ച ബാറ്റിങ് റെക്കോഡുള്ള മൈതാനമാണ് ഡല്‍ഹിയിലേത്. പല വമ്പന്‍ റെക്കോഡുകളും ഇന്ത്യന്‍ താരങ്ങള്‍ ഡല്‍ഹിയില്‍ നേടിയിട്ടുണ്ട്.
സ്പിന്നര്‍മാര്‍ക്ക് മികച്ച ആധിപത്യം നല്‍കുന്ന ഡല്‍ഹിയില്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് വലിയ പ്രകടനം തന്നെ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനമാണ് പ്രധാന ആശങ്കയായിട്ടുള്ളത്. വിരാട് കോലി, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍ എന്നിവര്‍ക്കൊന്നും നാഗ്പൂര്‍ വേദിയായ ആദ്യ ടെസ്റ്റില്‍ തിളങ്ങാനായിരുന്നില്ല.
അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ ഇവരില്‍ നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും വിരാട് കോലിയുടെ ഹോം ഗ്രൗണ്ടാണ് ഡല്‍ഹി. മികച്ച ബാറ്റിങ് കണക്കുകളും കോലിക്ക് ഇവിടെ അവകാശപ്പെടാം. ഇടവേളക്ക് ശേഷം കോലിയില്‍ നിന്ന് ടെസ്റ്റ് സെഞ്ച്വറിയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ചില വമ്പന്‍ നേട്ടങ്ങള്‍ ഡല്‍ഹിയില്‍ വിരാട് കോലിയെ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നാട്ടില്‍ 4000 ടെസ്റ്റ് റണ്‍സ്
ഡല്‍ഹി കോലിയുടെ ഹോം ഗ്രൗണ്ടാണ്. ഇന്ത്യയില്‍ 4000 ടെസ്റ്റ് റണ്‍സെന്ന നേട്ടത്തിലേക്കെത്താനുള്ള അവസരമാണ് കോലിയെ കാത്തിരിക്കുന്നത്. ഈ നേട്ടത്തിലേക്കെത്താന്‍ 141 റണ്‍സാണ് കോലിക്ക് വേണ്ടത്. 2019 നവംബറിന് ശേഷം ടെസ്റ്റ് സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല.
ഈ സാഹചര്യത്തില്‍ തട്ടകത്തില്‍ കോലി എന്ത് അത്ഭുതം കാട്ടുമെന്ന് കണ്ടറിയാം. കോലി ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള മൈതാനമാണ് ഡല്‍ഹിയിലേത്. എന്നാല്‍ സമീപകാലത്തായി സ്പിന്‍ ദൗര്‍ബല്യം കോലിയെ വേട്ടയാടുന്നു. ഇതിന് പരിഹാരം കാണാന്‍ താരത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

25000 റണ്‍സ് ക്ലബ്ബിലെത്താം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 25000 റണ്‍സ് നേടുന്നവരുടെ പട്ടികയിലേക്കെത്താനുള്ള അവസരം കോലിയുടെ കൈയകലത്തിലാണ്. ഡല്‍ഹിയില്‍ 52 റണ്‍സ് നേടിയാല്‍ ഈ നാഴികക്കല്ലിലേക്കെത്താന്‍ കോലിക്കാവും. ഡല്‍ഹിയിലെ കണക്കുകള്‍ നോക്കുമ്പോള്‍ അനായാസം കോലിക്ക് ഈ നേട്ടത്തിലെത്താനായേക്കും.
105 ടെസ്റ്റില്‍ നിന്ന് 8131 റണ്‍സാണ് കോലി നേടിയത്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ള കോലിക്ക് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബിലെത്താനുള്ള അവസരമാണ് മുന്നിലുള്ളത്. ഇത് മുതലാക്കാന്‍ അദ്ദേഹത്തിനാവുമോയെന്നത് കണ്ടറിയണം.

നാട്ടില്‍ 2000 റണ്‍സിനരികെ രോഹിത്
ഇന്ത്യയില്‍ 2000 ടെസ്റ്റ് റണ്‍സ് നേട്ടത്തിനരികെയാണ് രോഹിത് ശര്‍മ. 35കാരനായ രോഹിത് നാഗ്പൂരില്‍ 120 റണ്‍സുമായി തിളങ്ങിയിരുന്നു. ഡല്‍ഹിയില്‍ 120 റണ്‍സ് നേടാനായാല്‍ 2000 ടെസ്റ്റ് റണ്‍സ് നാട്ടില്‍ നേടിയെടുക്കാന്‍ രോഹിത്തിനാവും. 46 ടെസ്റ്റില്‍ നിന്ന് 3257 റണ്‍സാണ് നിലവില്‍ രോഹിത്തിന്റ പേരിലുള്ളത്.
നാട്ടില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച റെക്കോഡാണ് രോഹിത്തിനുള്ളത്. ഇതിനോടകം 9 ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് നേടിയത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ 10 ടെസ്റ്റ് സെഞ്ച്വറി ക്ലബ്ബിലേക്കുയരാന്‍ രോഹിത് ശര്‍മക്കാവും.

രാഹുലിന് നിര്‍ണ്ണായകം
ഇന്ത്യയുടെ കെ എല്‍ രാഹുലിന് ഡല്‍ഹി ടെസ്റ്റ് വളരെ നിര്‍ണ്ണായകമാണ്. സമീപകാലത്തെല്ലാം മോശം പ്രകടനം നടത്തി വിമര്‍ശനം നേരിട്ട രാഹുലിന് ഡല്‍ഹിയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ടെസ്റ്റിലെ സ്ഥാനം തെറിച്ചേക്കും.
ശുബ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് ഇന്ത്യ രാഹുലിനെ കളിപ്പിക്കുന്നത്. ഇതിനോട് നീതികാട്ടാന്‍ രാഹുലിന് സാധിക്കേണ്ടതായുണ്ട്. രണ്ടാം ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവിന് പകരം ഇന്ത്യ ശ്രേയസ് അയ്യരെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും മധ്യനിരയുടെ ബാറ്റിങ് മോശമായിരുന്നു. ശ്രേയസിന്റെ വരവ് ഈ പ്രശ്‌നം പരിഹരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications