ജനുവരിയില്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്താനെതിരായ ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. കാരണം അടുത്ത ജൂണില്‍ നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു തയ്യാറെടുക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസാനത്തെ അവസരമായിരിക്കും ഇത്. ഈ പരമ്പരയ്ക്കു ശേഷം പിന്നീട് ടി20 പരമ്പരകളൊന്നും ഇന്ത്യക്കു മുന്നിലില്ല. അതുകൊണ്ടു തന്നെ ലോകകപ്പിലെ ബെസ്റ്റ് ഇലവനെ ഈ പരമ്പരയില്‍ ഇന്ത്യക്കു കണ്ടെത്തേണ്ടതുണ്ട്.
നിലവില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് ടീം ഇന്ത്യ. ഇവിടെ വൈറ്റ് ബോള്‍ പരമ്പരകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ രണ്ടു ടെസ്റ്റുകള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലുമാണ്. ജനുവരി 11നാണ് അഫ്ഗാനുമായുള്ള ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. നിലവിലെ ടി20 ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിക്കു കാരണം അഫ്ഗാനെതിരേ കളിക്കില്ല.

അതുകൊണ്ടു തന്നെ പുതിയ നായകനു കീഴിലായിരിക്കും ഇന്ത്യ പരമ്പരയില്‍ ഇറങ്ങുക. ആരൊക്കെയാവും അഫ്ഗാനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടാവുകയെന്നു നമുക്കു പരിശോധിക്കാം. ഹാര്‍ദിക്കും സൂര്യയുമില്ലാത്തതിനാല്‍ പുതിയ നായകനെ തിരഞ്ഞെടുക്കുകയെന്നതാവും സെലക്ഷന്‍ കമ്മിറ്റിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.
സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച മൂന്നു ടി20കളുടെ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. പരിക്കേറ്റ സൂര്യ ടീമിനു പുറത്തായതിനാല്‍ സ്വാഭാവികമായും വൈസ് ക്യാപ്റ്റനായ ജഡ്ഡുവിനായിരിക്കും പ്രഥമ പരിഗണന ലഭിച്ചേക്കുക. അങ്ങനെയെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായുള്ള ജഡേജയുടെ ആദ്യ പരമ്പര കൂടിയായിരിക്കും ഇത്.
രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി ഈ പരമ്പരയിലൂടെ തിരിച്ചുവരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. കാരണം ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിനെ നയിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ അഫ്ഗാനെതിരേ രോഹിത് തന്നെ ടീമിനെ നയിക്കുന്നതായിരിക്കും നല്ലത്.
പക്ഷെ നിലവില്‍ ടി20 ഫോര്‍മാറ്റില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഹിറ്റ്മാന്‍ ടി20യില്‍ കളിച്ചിട്ടില്ല. രോഹിത് ഇല്ലെങ്കില്‍ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരായിരിക്കും അഫ്ഗാനെതിരേ ഇന്ത്യന്‍ ഓപ്പണര്‍മാര്‍. പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല.
ശ്രേയസ് അയ്യര്‍, തിലക് വര്‍മ, റിങ്കു സിങ് എന്നിവരെല്ലാം ടീമിലുണ്ടാവും. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനോടൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ കഴിഞ്ഞ ടി20 പരമ്പരകളില്‍ ഇഷാനും ജിതേഷ് ശര്‍മയുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം പിടിച്ചത്.

ജിതേഷിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന കളിയില്‍ സെഞ്ച്വറിയുമായി മിന്നിയ സഞ്ജു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ടീമിലേക്കു തിരികെ വിളിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
സഞ്ജു ടീമിലെത്തിയാല്‍ ജിതേഷിനായിരിക്കും പുറത്തു പോവേണ്ടി വരിക. ആഗസ്റ്റില്‍ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിനു ശേഷം സഞ്ജു ഇന്ത്യക്കായി ടി20യില്‍ കളിച്ചിട്ടില്ല.
ഓള്‍റൗണ്ടര്‍മാരായി ജഡ്ഡുവിനെക്കൂടാതെ അക്ഷര്‍ പട്ടേല്‍ ടീമിലുണ്ടാവും. കുല്‍ദീപ് യാദവും രവി ബിഷ്‌നോയിയുമായിരിക്കും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരും ടീമിലുണ്ടാവും.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, സഞ്ജു സാംസണ്‍ / ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.