IND vs AFG: മൂന്നാമങ്കത്തില്‍ സഞ്ജു ഡെക്കാവുമോ? നോ പ്രോബ്ലം! വഴിയടയില്ല, അവസരങ്ങളുടെ ചാകര
അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും പുറത്തിരുന്ന് കളി കണ്ടതിനു ശേഷം മൂന്നാമങ്കത്തില്‍ പ്ലെയിങ് ഇലവനിലേക്കു വരാനൊരുങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലേക്കു വിളിയെത്തുമെന്നു ഉറപ്പായിരിക്കുകയാണ്.
ജിതേഷ് ശര്‍മയ്ക്കു പകരമായിരിക്കും സഞ്ജു പ്ലെയിങ് ഇലവന്റെ ഭാഗമാവുക. ഈ മല്‍സരത്തില്‍ തനിക്കു ലഭിക്കുന്ന അവസരം നന്നായി മുതലെടുക്കാന്‍ തന്നെയായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായാലും സഞ്ജു നിരാശപ്പെടേണ്ടതില്ല. ഈയൊരു കളിയിലെ പ്രകടനം കൊണ്ടു മാത്രം ദേശീയ ടീമിലേക്കു അദ്ദേഹത്തിന്റെ വഴിയടയുന്നില്ല.

കഠിനാധ്വാനത്തോടൊപ്പം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാന്‍ കഴിഞ്ഞാല്‍ സഞ്ജുവിനു തീര്‍ച്ചയായും ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
അവസരങ്ങളുടെ ചാകരയാണ് അഫ്ഗാനിസ്താനുമായുള്ള അവസാന ടി20 മല്‍സരത്തിനു ശേഷം സഞ്ജുവിനെ കാത്തിരിക്കുന്നതെന്നു കാണാം. അതുകൊണ്ടു തന്നെ അഫ്ഗാനുമായുള്ള കളിയെ വലിയ സംഭവമായി കണ്ട് സമ്മര്‍ദ്ദത്തിലേക്കു വീണ് വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട്. പകരം ഈ മല്‍സരത്തില്‍ ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും തനിക്കു തിരിച്ചുവരാന്‍ ഏറെ അവസരങ്ങളുണ്ടെന്ന പോസിറ്റീവ് ചിന്താഗതിയോടെയാവണം സഞ്ജു ഈ കളിയെ സമീപിക്കേണ്ടത്.
ഇന്ത്യന്‍ ടീമിനൊപ്പം ഇനി അടുത്ത അഞ്ചു മാസത്തേക്കെങ്കിലും സഞ്ജുവിനു മല്‍സരങ്ങളൊന്നും തന്നെയില്ല. കാരണം ഈ കാലയളവില്‍ ഒരേയൊരു ടെസ്റ്റ് പരമ്പര മാത്രമേ ടീം ഇന്ത്യ കളിക്കുന്നുള്ളൂ. ഈ മാസം 25നു ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുകയാണ്.
മാര്‍ച്ച് വരെ നീളുന്നതാണ് ഈ പരമ്പര. അതു കഴിഞ്ഞാല്‍ മാര്‍ച്ച് അവസാന വാരം മുതല്‍ മേയ് അവസാനം വരെ ഐപിഎല്‍ നടക്കാനിരിക്കുകയാണ്. അതിനു ശേഷം ജൂണില്‍ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് ഇന്ത്യന്‍ ടീം കളിക്കുക.
അഫ്ഗാനുമായുള്ള ഈ പരമ്പരയ്ക്കു പിന്നാലെ സഞ്ജു രഞ്ജി ട്രോഫിയിലെ ശേഷിച്ച മല്‍സരങ്ങള്‍ക്കായി കേരളാ ടീമിനോടൊപ്പം ചേരും. അതിനു ശേഷം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെയും നയിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. ആറു രഞ്ജി ട്രോഫി മല്‍സരങ്ങളാണ് ഐപിഎല്ലിനു മുമ്പ് കേരളം കളിക്കുക. ഇവയിലെല്ലാം ടീമിനെ നയിക്കുക സഞ്ജുവായിരിക്കും. കൂടാതെ ഐപിഎല്ലില്‍ റോയല്‍സിന്റെ 14 മല്‍സരങ്ങളിലും തീര്‍ച്ചയായും അദ്ദേഹം ടീമിലുണ്ടാവുകയും ചെയ്യും.

അതുകൊണ്ടു തന്നെ ബാറ്ററെന്ന നിലയില്‍ തുടര്‍ച്ചയായി അവസരങ്ങളാണ് കേരളാ, റോയല്‍സ് ടീമുകളോടൊപ്പം സഞ്ജുവിനു ലഭിക്കാന്‍ പോവുന്നത്. അതു പരമാവധി മുതലാക്കാനായിരിക്കണം അദ്ദേഹം ശ്രദ്ധിക്കേണ്ടത്. കേരളത്തിനായി കസറുകയും പിന്നീട് റോയല്‍സിനൊപ്പം 450-500 റണ്‍സെങ്കിലും ഐപിഎല്ലിലും നേടാനായാല്‍ സഞ്ജുവിനു ടി20 ലോകകപ്പ് ടീമിലേക്കു നറുക്കുവീഴാന്‍ സാധ്യത കൂടുതലാണ്.
മാത്രമല്ല നേരത്തേ ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്ന ഇഷാന്‍ കിഷന്‍ ബ്ലാക്ക് ലിസ്റ്റിലുള്‍പ്പെട്ട് തുടരെ രണ്ടു പരമ്പരകളില്‍ തഴയപ്പെട്ടതും സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെ മാനസികമായ ക്ഷീണം ചൂണ്ടിക്കാട്ടി ടീം വിട്ട ശേഷം ഇഷാനുമായി ടീം മാനേജ്‌മെന്റ് പിണങ്ങിയ മട്ടാണ്.
അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയില്‍ നിന്നും തഴയപ്പെട്ട അദ്ദേഹത്തിനു ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ടീമിലിടം ലഭിച്ചില്ല. ഇനി മുബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്ലിലും ബാറ്റിങില്‍ ക്ലിക്കാവാതെ പോയാല്‍ ഇഷാനെ സഞ്ജു ഓവര്‍ടേക്ക് ചെയ്യുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications