ഇന്‍ഡോര്‍: അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞിരിക്കുകയാണ്. ആദ്യ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയെങ്കിലും സഞ്ജുവിന്റെ സമയം തെളിഞ്ഞില്ല. ശുഭ്മന്‍ ഗില്‍, തിലക് വര്‍മ എന്നിവര്‍ക്കു പകരം യശസ്വി ജയ്‌സ്വാളും വിരാട് കോലിയും ഇന്ത്യന്‍ ഇലവനിലേക്കു വരികയായിരുന്നു. സഞ്ജുവിനാകട്ടെ ഒരിക്കല്‍ക്കൂടി സൈഡ് ബെഞ്ചിലേക്കു ഒതുങ്ങേണ്ടി വരികയും ചെയ്തു.
സഞ്ജുവിനു പകരം ജിതേഷ് ശര്‍മയില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ഇതു ആരാധകരെ നിരാശരാക്കുകയും ചെയ്തു. സഞ്ജുവിനെ വീണ്ടും തഴഞ്ഞത് നീതി കേടാണെന്നും മുംബൈ ലോബിയുടെ കളിയാണ് എല്ലാമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിച്ചു.

ടി20യിലെ ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ സൂര്യകുമാര്‍ യാദവിനു ടെസ്റ്റ് ക്യാപ്പ് നല്‍കുന്നതിനൊപ്പം ഏകദിനത്തിലും ഇന്ത്യ അവസരങ്ങള്‍ നല്‍കി. ടെസ്റ്റ് ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ റിഷഭ് പന്തിനെ ടി20 ടീമിലെടുക്കുകയും ചെയ്തു.
പക്ഷെ സഞ്ജു സാംസണ്‍ അവസാനമായി കളിച്ച ടി20യില്‍ 26 ബോളില്‍ 40 റണ്‍സ് അടിച്ചെടുത്തിട്ടും വീണ്ടും തഴഞ്ഞിരിക്കുകയാണ്. ഏകദിനത്തിലെ അവസാന കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു സഞ്ജു. അദ്ദേഹത്തിനു മാത്രം വ്യത്യസ്ത നിയമങ്ങളാണോയെന്നും ആരാധര്‍ ചോദിക്കുന്നു.
സഞ്ജു സാംസണ്‍ ഇന്ത്യക്കാരനല്ലെന്നു സംശയിക്കുന്നുണ്ടോ? പിന്നെ എന്തിനാണ് അദ്ദേഹത്തെ ഈ തരത്തില്‍ മാറ്റി നിര്‍ത്തുന്നത്? ടി20യില്‍ അവസാനം കളിച്ചപ്പോള്‍ 40 റണ്‍സും ഏകദിനത്തില്‍ സെഞ്ച്വറിയും അദ്ദേഹം നേടി.
എന്തുകൊണ്ടാണ് നന്നായി കളിച്ചിട്ടും സഞ്ജുവിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാത്തത്? അദ്ദേഹത്തിനു ഒരു അവസരം മാത്രം അവര്‍ നല്‍കും. അതില്‍ ഫ്‌ളോപ്പാവുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും അതു സംഭവിച്ചാല്‍ പുറത്താക്കുകയും ചെയ്യുന്നതായി ആരാധകര്‍ ആഞ്ഞടിച്ചു.
രോഹിത് ശര്‍മ ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി മടങ്ങിയെത്തിയപ്പോള്‍ തന്നെ സഞ്ജു സാംസണിനു അവസരം ലഭിക്കില്ലെന്നു തോന്നിയിരുന്നു. അതു തന്നെയാണ് അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ സംഭവിക്കുകയും ചെയ്യുന്നത്. 2022ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ 38 കാരനായ തന്റെ സുഹൃത്ത് ദിനേശ് കാര്‍ത്തിക്കിനെയാണ് രോഹിത് ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ മുംബൈ ലോബിയുടെ ഭാഗമായ സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീമിലെടുക്കുകയും ചെയ്തു. സ്റ്റാറ്റസ് നോക്കിയാല്‍ ഈ രണ്ടു പേര്‍ക്കും മുകളിലാണ് സഞ്ജുവെന്നും ആരാധകര്‍ പറയുന്നു.
നേരത്തേ പ്രതീക്ഷിച്ചതു പോലെ സഞ്ജു സാംസണ്‍ ഈ മല്‍സരത്തിലും ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ സഞ്ജുവിനു നേരെ അനുകൂലമായ തീരുമാനമുണ്ടാവുമെന്നു കരുതുന്നത് തന്നെ വിഡ്ഢിത്തമാണ്.
തനിക്കു പ്രിയപ്പെട്ട ഇഷാന് കിഷന്റെ സ്ഥാനം ഭദ്രമാക്കണമെന്നാണ് രോഹിത്തിന്റെ ആഗ്രഹം. ക്യാപ്റ്റനായി രോഹിത് തുടര്‍ന്നാല്‍ 2022, 2023 ലോകകപ്പുകളിലെ വിധി തന്നെയായിരിക്കും സഞ്ജുവിന്റേത്. അര്‍ഹതയുണ്ടെങ്കിലും അവസരം കിട്ടില്ലെന്നും ആരാധകര്‍ തുറന്നടിച്ചു.
അതേസമയം, രണ്ടാം ടി20യില്‍ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ബൗളിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ മല്‍സരത്തിലും ഇന്ത്യക്കു റണ്‍ചേസ് തന്നെയായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് നേടാനാണ് ഇന്ത്യയുടെ ശ്രമം.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.
അഫ്ഗാനിസ്താന്‍: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജനത്ത്, ഗുല്‍ബദിന്‍ നയിബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീനുല്‍ ഹഖ്.