അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയുടെ ഭാഗമായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ സെലക്ടറും വിക്കറ്റ് കീപ്പറുമായ സാബ കരീം. ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു സഞ്ജു തിരികെ വിളിക്കപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിലെ അയര്‍ലാന്‍ഡ് പര്യടനത്തിനു ശേഷം അദ്ദേഹം ഇന്ത്യക്കായി ടി20യില്‍ കളിച്ചിട്ടില്ല.
അഫ്ഗാനെതിരേ ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാവും വിക്കറ്റ് കീപ്പറായി ടീമിലുണ്ടാവുകയെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഇഷാനെ ഒഴിവാക്കിയ സെലക്ടര്‍മാര്‍ പകരം സഞ്ജുവിനെ ടീമിലെടുക്കുകയായിരുന്നു. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയെന്ന സഞ്ജുവിന്റെ സ്വപ്‌നങ്ങള്‍ക്കും ഇതു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

അഫ്ഗാനെതിരേയും തുടര്‍ന്നു വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും മിന്നിച്ചാല്‍ അദ്ദേഹത്തിനു ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാവാന്‍ കഴിയും. സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ മാസം നടന്ന ഏകദിനത്തില്‍ നേടിയ സെഞ്ച്വറിയാണ് സഞ്ജുവിന്റെ കരിയര്‍ മാറ്റി മറിച്ചതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സാബ കരീം. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗത്താഫ്രിക്കയ്‌ക്കെതിരായ ആ സെഞ്ച്വറി സഞ്ജു സാംസണിനു പുതുജീവനാണ് നല്‍കിയിരിക്കുന്നത്. നിങ്ങള്‍ ഒരു താരത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണെങ്കില്‍ അയാള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്ന് ഉറപ്പാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജു ഇതു തെളിയിക്കുകയും ചെയ്തിരിക്കുകയാണ്.
നെറ്റ്‌സില്‍ സഞ്ജു ബാറ്റ് ചെയ്യുന്നത് കണ്ടപ്പോൾ മുമ്പത്തേക്കാള്‍ ഉത്തേജനത്തോടെയാണ് ഷോട്ടുകള്‍ കളിക്കുന്നതെന്നു വ്യക്തമാണ്. ഇതു വളരെ അനായാസം ഫ്രണ്ട് ഫൂട്ടില്‍ ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജുവിനെ അനുവദിക്കുകയും ചെയ്യും. മാത്രമല്ല ബാക്ക് ഫൂട്ടില്‍ കൂടുതല്‍ കരുത്ത് സൃഷ്ടിച്ചെടുക്കാനും ഇതു അദ്ദേഹത്തെ സഹായിക്കുമെന്നും സാബ കരീം നിരീക്ഷിച്ചു
സഞ്ജു സാംസണ്‍ ശരിക്കും അതിശയിപ്പിക്കുന്ന താരം തന്നെയാണ്. അദ്ദേഹം ഇന്നിങ്‌സ് നിയന്ത്രിക്കുന്ന രീതി നോക്കിയാല്‍ ബാറ്റിങ് ടൈമിങില്‍ നല്ല ഒഴുക്ക് നമുക്കു കാണാന്‍ കഴിയും. ബുദ്ധിമുട്ടേറിയ പൊസിഷനുകളിലും സാഹചര്യങ്ങളിലും ബാറ്റ് ചെയ്യാന്‍ തന്നെ വിളിക്കുമെന്നും സഞ്ജുവിനറിയാം.
മാനസികമായി അദ്ദേഹം അതിനു തയ്യാറെടുത്തു കഴിഞ്ഞു. അതു എങ്ങനെ ഫലപ്രദമായി നിര്‍വഹിക്കാമെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു സഞ്ജു വരികയാണെങ്കില്‍ നാലാം നമ്പറിലോ, അഞ്ചാം നമ്പറിലോ കളിക്കണം. അത്തരത്തിലുള്ള റോള്‍ കൂടി അദ്ദേഹത്തിനു ശീലമാണെന്നും സാബ കരീം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്താനെതിരേ മൊഹാലിയില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സഞ്ജു ഇടം പിടിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. കാരണം മുന്‍ നായകന്‍ വിരാട് കോലി ചില വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ഈ മല്‍സരത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്.
ഇതോടെ മൂന്നാം നമ്പറില്‍ ഒഴിവും വന്നിരിക്കുകയാണ്. ഈ റോളിലേക്കു സഞ്ജു പരിഗണിക്കപ്പെട്ടേക്കുമെന്നാണ് സൂചനകള്‍. കാരണം സഞ്ജുവിനെ സംബന്ധിച്ച് ബാറ്റിങിലെ ഫേവറിറ്റ് പൊസിഷനാണിത്. ഇവിടെ കളിച്ചപ്പോഴാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്.
കഴിഞ്ഞ മാസം സൗത്താഫ്രിക്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ശേഷമായിരുന്നു സഞ്ജു കന്നി അന്താരാഷ്ട്ര സെഞ്ച്വറി കുറിച്ചത്. മാത്രമല്ല ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ അദ്ദേഹം സ്ഥിരമായി കളിച്ചുകൊണ്ടിരിക്കുന്നതും ഇതേ പൊസിഷനിലാണ്. അതുകൊണ്ടു തന്നെ കോലിയുടെ അഭാവത്തില്‍ അഫ്ഗാനിസ്താനെതിരേയും ടീം മാനേജ്‌മെന്റ് ഇതേ പൊസിഷന്‍ സഞ്ജുവിനു നല്‍കിയാല്‍ മികച്ചൊരു ഇന്നിങ്‌സ് കാണാന്‍ സാധിച്ചേക്കും.