ബെംഗളൂരു: മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് ബാറ്ററെന്ന നിലയില്‍ ഒട്ടും അഭിമാനിക്കാന്‍ വക നല്‍കുന്നതായിരുന്നില്ല അഫ്ഗാനിസ്താനുമായുള്ള മൂന്നാം ടി20യിലെ പ്രകടനം. ആദ്യത്തെ രണ്ടു കളിയിലും പുറത്തിരുന്ന ശേഷം ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവനിലേക്കു വിളിയെത്തിയപ്പോള്‍ മികച്ചൊരു ഇന്നിങ്‌സുമായി സഞ്ജു അതു ശരിക്കും മുതലാക്കുമെന്നായിരുന്നു ആരാധകര്‍ ഉറച്ചു വിശ്വസിച്ചത്.
പക്ഷെ അദ്ദേഹം സുവര്‍ണാവസരം തട്ടിത്തെറിപ്പിച്ചു. ഗോള്‍ഡന്‍ ഡെക്കായാണ് സഞ്ജു ക്രീസ് വിട്ടത്. പിന്നീട് സൂപ്പര്‍ ഓവറില്‍ ബാറ്റിങിനെത്തിയപ്പോഴും അദ്ദേഹം റണ്‍സ് നേടിയില്ല. ആഞ്ഞുവീശിയ സഞ്ജൂവിനു ബോള്‍ കണക്ട് ചെയ്യാന്‍ കഴിയാതെ പോവുകയും സിംഗിളിനായി ശ്രമിക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്ണൗട്ടാവുകയും ചെയ്തു. വിക്കറ്റിനു മുന്നില്‍ സഞ്ജു മറക്കാനാഗ്രഹിക്കുന്ന മല്‍സരമാണിതെങ്കിലും വിക്കറ്റിനു പിന്നില്‍ അദ്ദേഹം വേറെ ലെവവായിരുന്നു.

വളരെ ചടുലമായ വിക്കറ്റ് കീപ്പിങായിരുന്നു കളിയിലുടനീളം സഞ്ജു കാഴ്ചവച്ചത്. മൂന്നു വിക്കറ്റുകള്‍ സ്റ്റംപിങിലൂടെ അദ്ദേഹം ഇന്ത്യക്കു സമ്മാനിക്കുകയും ചെയ്തു. ഇതില്‍ രണ്ടെണ്ണത്തിന്റെ ക്രെഡിറ്റ് സഞ്ജുവിനു മാത്രം അവകാശപ്പെട്ടതാണ്. മൂന്നാമത്തേതില്‍ വിരാട് കോലിക്കും ചെറിയ പങ്കുണ്ടായിരുന്നു. സഞ്ജു നടത്തിയ റണ്ണൗട്ടുകളെക്കുറിച്ച് വിശദമായി തന്നെ അറിയാം.
അഫ്ഗാനെതിരേ സഞ്ജു സാംസണിന്റെ രണ്ടു കിടിലന്‍ റണ്ണൗട്ടുകളുടെ വീഡിയോ കാണാം
വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 13ാമത്തെ ഓവറിലായിരുന്നു സഞ്ജുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഒരു സ്റ്റംപിങ് കണ്ടത്. ഫിഫ്റ്റിയോടെ അഫ്ഗാന്‍ ടീമിനെ മുന്നില്‍ നിന്നും നയിച്ച ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനെയാണ് സഞ്ജു ഒരു പറക്കും സ്റ്റംപിങിലൂടെ മടക്കിയത്. ക്രീസിനു പുറത്തേക്കിറങ്ങിയ സദ്രാനെതിരേ ഒരു വൈഡാണ് വാഷിങ്ടണ്‍ എറിഞ്ഞത്. ഇതോടെ സദ്രാന്റെ കണക്കുകൂട്ടല്‍ തെറ്റി.
അദ്ദേഹം തിരികെ ക്രീസിലേക്കു ബാറ്റ് വയ്ക്കുമ്പോഴേക്കും ബോള്‍ കളക്ട് ചെയ്ത സഞ്ജു വലതു കൈ കൊണ്ട് വായുവില്‍ ചാടി ഒരു സ്റ്റംപിങ് നടത്തുകയായിരുന്നു. സഞ്ജുവിന്റെ അസാധാരണ ടൈമിങില്‍ സദ്രാന്‍ വീഴുകയും ചെയ്തു.
ആ തരത്തിലൊരു സ്റ്റംപിങ് ഇല്ലായിരുന്നില്ലെങ്കില്‍ ഉറപ്പായും വിക്കറ്റ് ലഭിക്കില്ലായിരുന്നു. കാരണം വിക്കറ്റിനു അധികം പിറകിലല്ലായിരുന്നു സദ്രാന്‍. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചപ്പോള്‍ ടീമംഗങ്ങള്‍ സഞ്ജുവിനെ പ്രശംസ കൊണ്ടു മൂടി.
അതിനു ശേഷം 18ാം ഓവറിലാണ് സഞ്ജു ഇന്ത്യക്കു രണ്ടാമത്തെ വിക്കറ്റ് സമ്മാനിച്ചത്. ഇത്തവണയും അദ്ദേഹത്തിന്റെ മനസാന്നിധ്യവും കൃത്യമായ ഒരു ത്രോയുമാണ് അഫ്ഗാനെ ഞെട്ടിച്ചത്. മുകേഷ് കുമാര്‍ എറിഞ്ഞ ഓവറിലെ ആദ്യത്തെ ബോളിലാണ് വമ്പനടികള്‍ക്കു കെല്‍പ്പുള്ള കരീം ജന്നത്തിനെ സഞ്ജു റണ്ണൗട്ടാക്കിയത്. ഗുല്‍ബദിന്‍ നയ്ബായിരുന്നു സ്‌ട്രൈക്ക് നേരിട്ടത്. ഡ്രൈവിനു ശ്രമിച്ച നയ്ബിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിറകിലേക്കാണ് പോയത്.

നോണ്‍ സ്‌ട്രൈക്കറായ ജന്നത്ത് സിംഗിളിനു കോള്‍ ചെയ്യുകയായിരുന്നു. പക്ഷെ നയ്ബ് അതിനു തയ്യാറായിരുന്നില്ല. ക്രീസിനു പകുതിയോളം ജന്നത്ത് ഓടുകയും ചെയ്തിരുന്നു. ഇതിനിടെ വിക്കറ്റിനു പിന്നില്‍ നിന്നും അതിവേഗം ബോള്‍ പിടിച്ചെടുത്ത സഞ്ജു അതു നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ വിക്കറ്റിലേക്കു കൃത്യമായി ത്രോയും ചെയ്തു.
അപകടം മനസ്സിലാക്കി തിരിഞ്ഞോടിയ ജന്നത്ത് ക്രീസില്‍ തിരികെ എത്തുമ്പോഴോക്കും സഞ്ജുവിന്റെ ത്രോ സ്റ്റംപുകളില്‍ പതിക്കുകയും ലൈറ്റ് തെളിയുകയും ചെയ്തിരുന്നു. അഫ്ഗാനു 18 ബോളില്‍ ജയിക്കാന്‍ 46 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ഈ വിക്കറ്റ്.
അതിനു ശേഷം ആദ്യത്തെ സൂപ്പര്‍ ഓവറില്‍ സഞ്ജു മറ്റൊരു കിടിലന്‍ റണ്ണൗട്ട് കൂടി നടത്തി. അപകടകാരിയായ ഗില്‍ബദിന്‍ നയ്ബിനെയായിരുന്നു ഇത്. ആദ്യത്തെ ബോളില്‍ മുകേഷ് കുമാറിനെതിരേ ലോങ് ഓഫിലേക്കു കളിച്ച ശേഷം നയ്ബ് ഡബിളിനു ശ്രമിക്കുകയായിരുന്നു. പക്ഷെ സിംഗിള്‍ മാത്രമേ പൂര്‍ത്തിയാക്കാനായുള്ളൂ. വിരാട് കോലിയുടെ കലക്കന്‍ ത്രോയില്‍ സഞ്ജു വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ നയ്ബ് ക്രീസിനു പുറത്തായിരുന്നു.