അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയില്‍ വലിയൊരു നാഴികക്കല്ലിനു അരികിലാണ് ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ. ബാറ്റിങില്‍ ഡെക്കായാലും അതു അദ്ദേഹത്തെ ഈ നേട്ടത്തില്‍ നിന്നും തടയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്ലെയിങ് ഇലവനിലുണ്ടായാല്‍ മാത്രം ഹിറ്റ്മാന് ചരിത്രത്തിന്റെ ഭാഗമാവാം. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള രോഹിത്തിന്റെ മടങ്ങിവരവ് കൂടിയാണ് അഫ്ഗാനുമായുള്ള പരമ്പര. 2022 നവംബറിനു ശേഷം അദ്ദേഹം ടി20യില്‍ കളിച്ചിട്ടില്ല.
അന്താരാഷ്ട്ര ടി20യില്‍ 150 മല്‍സരങ്ങളില്‍ കളിച്ച ആദ്യത്തെ താരമെന്ന ലോക റെക്കോര്‍ഡാണ് അഫ്ഗാനുമായുള്ള പരമ്പരയില്‍ രോഹിത് കുറിക്കാനൊരുങ്ങുന്നത്. നിലവില്‍ 148 ടി20കളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അഫ്ഗാനുമായുള്ള രണ്ടാം ടി20യില്‍ ഇറങ്ങുന്നതോടെ 150 മല്‍സരങ്ങളെന്ന നാഴികക്കല്ല് അദ്ദേഹം പൂര്‍ത്തിയാക്കും. നിലവില്‍ ഏറ്റവുമധികം അന്താരാഷ്ട്ര ടി20കളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് രോഹിത്തിനു അവകാശപ്പെട്ടതാണ്. ഇതിനിടെയാണ് മറ്റൊരു നേട്ടം കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നത്.

2007ലായിരുന്നു ഇന്ത്യക്കു വേണ്ടി ടി20യില്‍ രോഹിത്തിന്റെ അരങ്ങേറ്റം. ആദ്യത്തെ ആറു വര്‍ഷം അദ്ദേഹം ടീമിനു അകത്തും പുറത്തുമായി തുടരുകയായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാനും രോഹിത്തിനായിരുന്നു. പക്ഷെ ഇതൊന്നും ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ അദ്ദേഹത്തെ സഹായിച്ചില്ല.
2013ലാണ് ഇന്ത്യന്‍ ടീമില്‍ രോഹിത് തന്റെ സ്ഥാനമുറപ്പാക്കുന്നത്. അതിനു ശേഷം അദ്ദേഹം തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തു. 2021 അവസാനത്തോടെയാണ് ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി രോഹിത് ചുമതലയേറ്റെടുത്തത്.
യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ അന്നു വൈസ് ക്യാപ്റ്റനായിരുന്ന രോഹിത്തിനു ഈ റോളിലേക്കു പ്രൊമോഷനും ലഭിക്കുകയായിരുന്നു. അതിനു ശേഷം 2022ലെ ടി20 ലോകകപ്പിലും കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലും അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും രോഹിത്താവും ഇന്ത്യയെ നയിക്കുകയെന്നും ഉറപ്പായിരിക്കുകയാണ്.
രോഹിത് കഴിഞ്ഞാല്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ചത് അയര്‍ലാന്‍ഡിന്റെ വമ്പനടിക്കാരനായ താരം പോള്‍ സ്റ്റിര്‍ലിങാണ്. 134 ടി20കളിലാണ് അദ്ദേഹം ഐറിഷ് കുപ്പായമണിഞ്ഞത്. അയര്‍ലാന്‍ഡിന്റെ തന്നെ ജോര്‍ജ് ഡോക്രെലാണ് മൂന്നാംസ്ഥാനത്ത്. അദ്ദേഹം കളിച്ചത് 128 ടി20കളിലാണ്.

രോഹിത്തിനെ മാറ്റി നിര്‍ത്തിയാല്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഇന്ത്യയുടെ മറ്റൊരു താരം പോലുമില്ല. പാകിസ്താന്റെ മുന്‍ താരം ഷുഐബ് മാലിക്കും മുന്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലുമാണ് കൂടുതല്‍ ടി20 കളിച്ചവരില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. മാലിക്ക് 124ഉം ഗപ്റ്റില്‍ 122ഉം മല്‍സരങ്ങളില്‍ രാജ്യത്തിനായി ഇറങ്ങി.
ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ രോഹിത് കഴിഞ്ഞാല്‍ കൂടുതല്‍ ടി20 മല്‍സരങ്ങളില്‍ കളിച്ചത് വിരാട് കോലിയാണ്. 115 മല്‍സരങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. 2010ലായിരുന്നു അന്താരാഷ്ട്ര ടി20യില്‍ കോലിയുടെ അരങ്ങേറ്റം. രോഹിത്തിനെപ്പോലെ വലിയ ഗ്യാപ്പിനു ശേഷമാണ് അഫ്ഗാനുമായുള്ള പരമ്പരയിലൂടെ കോലിയും ഇന്ത്യന്‍ ടി20 ടീമിലേക്കു തിരിച്ചെത്തിയിരിക്കുന്നത്.
2022ലെ ടി20 ലോകകപ്പ് സെമി ഫൈനലിലെ പരാജയത്തിനു ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കോലി കഴിഞ്ഞാല്‍ കൂടുതല്‍ ടി20കളില്‍ കളിച്ച ഇന്ത്യന്‍ താരം മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. 98 ടി20കളില്‍ കളിച്ച ശേഷമാണ് 2019ല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
92 ടി20കളില്‍ കളിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ധോണിക്കു പിന്നില്‍ നാലാംസ്ഥാനത്ത്. ഈ വര്‍ഷം തന്നെ ഹാര്‍ദിക് 100 ടി20 മല്‍സരങ്ങളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്കു കാരണം അഫ്ഗാനെതിരായ പരമ്പരയില്‍ നിന്നും അദ്ദേഹം പിന്മാറിയിരിക്കുകയാണ്.