ഇന്‍ഡോര്‍: ടി20 ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ബാറ്റിങില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അഫ്ഗാനിസ്താനുമായുള്ള ആദ്യ ടി20യില്‍ നിര്‍ഭാഗ്യം കാരണമാണ് അദ്ദേഹം ഡെക്കായി ക്രീസ് വിട്ടതെങ്കില്‍ രണ്ടാമത്തെ കളിയില്‍ മോശം ഷോട്ട് കളിച്ച് ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. ഇടംകൈയന്‍ പേസര്‍ ഫസല്‍ ഹഖ് ഫറൂഖിയുടെ ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ കയറിയടിക്കാന്‍ ശ്രമിച്ചാണ് രോഹിത് ക്ലീന്‍ ബൗള്‍ഡായത്.
ഇതിനു പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ആരാധകരില്‍ നിന്നും രോഹിത്തിനെതിരേ ഉയരുന്നത്. ടി20 ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം വിരമിക്കണമെന്നും വരാനിരിക്കുന്ന ടി20 ലോകകപ്പിലടക്കം ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

രോഹിത് ശര്‍മയുടെ അന്താരാഷ്ട്ര ടി20 കരിയര്‍ 2022ല്‍ തന്നെ അവസാനിച്ചതാണ്. അന്നു ടി20 ലോകകപ്പിന്റെ സെമി ഫൈനലോടെ തന്നെ അദ്ദേഹത്തിന്റെ കരിയറും തീര്‍ന്നിരുന്നു. ഇപ്പോള്‍ രോഹിത്തിനോടു ടി20യില്‍ വീണ്ടും ഇന്ത്യയെ നയിക്കണമെന്നു ആവശ്യപ്പെടുന്നത് വലിയ അബദ്ധം തന്നെയാണ്. തുടരെ രണ്ടിന്നിങ്‌സുകളിലും ഡെക്കായ രോഹിത് ഇതു അടിവരയിടുകയും ചെയ്തു. ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യന്‍ ടീമില്‍ വേണ്ട. പകരം ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കട്ടെയെന്നും ആരാധകര്‍ പറയുന്നു.
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കാത്തയാളാണ് രോഹിത് ശര്‍മ. ഇങ്ങനെയൊരു താരത്തെയാണ് വീണ്ടും നായകസ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത്. ബിസിസിഐയുടെ ഈ നീക്കം വലിയ അബദ്ധമായിപ്പോയി. അഫ്ഗാനിസ്താനുമായുള്ള ഈ പരമ്പര ഇന്ത്യക്കു ശരിക്കുമൊരു മുന്നറിയിപ്പാണ്. ടി20 ലോകകപ്പില്‍ രോഹിത്തിനെ ക്യാപ്റ്റനാക്കുന്ന കാര്യം വീണ്ടും ആലോചിക്കേണ്ടതുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
150ാമത് അന്താരാഷ്ട്ര ടി20 മല്‍സം രോഹിത് ശര്‍മ എന്നെന്നും ഓര്‍മിക്കാവുന്ന സംഭവമാക്കി മാറ്റിയിരിക്കുകയാണ്. തുടരെ രണ്ടു മല്‍സരങ്ങളില്‍ രണ്ടു ഡെക്ക്. എത്ര വലിയ ബാറ്ററാണെങ്കിലും ഇതൊരിക്കലും അംഗീകരിക്കാവുന്ന കാര്യമല്ല. ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നത് ഏറ്റവും വലിയ മണ്ടത്തരമായിരിക്കും. ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ഈ റോളിലേക്കു ബെസ്‌റ്റെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

ആദ്യ ടി20യില്‍ രോഹിത് ശര്‍മ ഡെക്കായപ്പോള്‍ എല്ലാവരും ശുഭ്മന്‍ ഗില്ലിനെ കുറ്റപ്പെടുത്തി. ഈ കളിയില്‍ ഗില്ലിനെ രോഹിത് പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എന്നിട്ടും രോഹിത് രക്ഷപ്പെട്ടില്ല. ഇത്തവണ ഗോള്‍ഡന്‍ ഡെക്കെന്ന നാണക്കേടാണ് നേരിടേണ്ടി വന്നത്. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കു തിരിച്ചടിയുണ്ടാവുമെന്നു ഇതു തെളിയിച്ചിരിക്കുകയാണെന്നും ആരാധകര്‍ തുറന്നടിച്ചു.
ഇന്ത്യക്കു ജയം, പരമ്പര
രോഹിത് ശര്‍മ ഡെക്കായെങ്കിലും മല്‍സരത്തില്‍ അനായാസം ജയിച്ചുകയറിയ ഇന്ത്യ ടി20 പരമ്പരയും പോക്കറ്റിലാക്കി. ബാറ്റിങ് കരുത്തില്‍ ആറു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 173 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു നല്‍കിയത്. മറുപടിയില്‍ വെറും 15.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. യശസ്വി ജയസ്വാളും ശിവം ദുബെയും ഇടിവെട്ട് ഫിഫ്റ്റികളോടെ കസറിയപ്പോള്‍ ഇന്ത്യക്കു വിജയം എളുപ്പമാവുകയായിരുന്നു.
ജയ്‌സ്വാള്‍ 34 ബോളില്‍ അഞ്ചു ഫോറും ആറു സിക്‌സറുമടക്കം 68 റണ്‍സ് വാരിക്കൂട്ടി പുറത്തായപ്പോള്‍ ദുബെ തുടരെ രണ്ടാമത്തെ കളിയിലും അപരാജിത ഫിഫ്റ്റിയുമായി ക്രീസില്‍ നില്‍ക്കുകയായിരുന്നു. 32 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറുമടക്കം 63 റണ്‍സാണ് ദുബെയുടെ സമ്പാദ്യം. വിരാട് കോലി 16 ബോളില്‍ അഞ്ചു ഫോറുകളക്കം 29 റണ്‍സും നേടി പുറത്തായി.