Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: രോഹിത് കുറിച്ചത് ചരിത്രം, ഗില്ലിന്റെ ആ റെക്കോര്‍ഡ് ഒരു സിക്‌സ് അകലെ നഷ്ടം! അറിയാം

ബെംഗളൂരു: അഫ്ഗാനിസ്താനുമായുള്ള മൂന്നാം ടി20യില്‍ ഇടിവെട്ട് സെഞ്ച്വറിയുമായി ഇന്ത്യന്‍ ഹീറോയായി മാറിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ പതിയെ തുടങ്ങിയ അദ്ദേഹം പിന്നീട് അഫ്ഗാന്‍ ബൗളിങിനു മേല്‍ കത്തിക്കയറി. പുറത്താവാതെ 121 റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. 69 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറും എട്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഇതോടെ ലോക റെക്കോര്‍ഡും ഹിറ്റ്മാന്‍ തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ അഞ്ചാമത്തെ സെഞ്ച്വറിയാണ് രോഹിത് കണ്ടെത്തിയത്. ടി20യില്‍ ഏറ്റവുമധികം സെഞ്ച്വറികളുള്ള താരമായി അദ്ദേഹം മാറുകയും ചെയ്തു. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ക്കൊപ്പം നാലു വീതം സെഞ്ച്വറികളോടെ നേരത്തേ ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ രോഹിത് ഇരുവരെയും പിന്തള്ളി പുതിയ സെഞ്ച്വറി കിങായി മാറിയിരിക്കുകയാണ്.

ROHIT SHARMA

ടി20യില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡും ഈ മല്‍സരത്തില്‍ രോഹിത് തിരുത്തി. നേരത്തേ നേടിയ 118 റണ്‍സായിരുന്നു മുമ്പുള്ള റെക്കോര്‍ഡ്. ഇതാണ് മൂന്നു റണ്‍സ് കൂടി അധികമെടുത്ത് ഹിറ്റ്മാന്‍ മെച്ചപ്പെടുത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റനായി അദ്ദേഹത്തിന്റെ മൂന്നാം സെഞ്ച്വറി കൂടിയണിത്. പുറത്താവാതെ 111 റണ്‍സും മുമ്പ് രോഹിത് കുറിച്ചിട്ടുണ്ട്.

പക്ഷെ ഒരു വമ്പന്‍ റെക്കോര്‍ഡ് ഒരു സിക്‌സര്‍ മാത്രമകലെ രോഹിത്തിനു ഈ മല്‍സരത്തില്‍ നഷ്ടമായിരിക്കുകയാണ്. ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ഓള്‍ടൈം റെക്കോര്‍ഡാണ് കൈയെത്തുംദൂരത്തു ഹിറ്റ്മാന്‍ കൈവിട്ടത്. നിലവില്‍ ഈ റെക്കോര്‍ഡിന്റെ അവകാശി യുവ ഓപ്പണിങ് ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ വച്ച് ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹം പുറത്താവാതെ നേടിയ 126 റണ്‍സാണ് ഓള്‍ടൈം റെക്കോര്‍ഡ്.

ROHIT SHARMA

ഇന്നു അഫ്ഗാവനിസ്താനെതിരേ ഒരു സിക്‌സര്‍ കൂടി പറത്തിയിരുന്നെങ്കില്‍ 127 റണ്‍സുമായി രോഹിത് ചരിത്രം കുറിക്കുമായിരുന്നു. പക്ഷെ അദ്ദേഹത്തിനു അതിനായില്ല. ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാംസഥാനത്താണ് രോഹിത്. രണ്ടാംസ്ഥാനത്തു റുതുരാജ് ഗെയ്ക്വാദാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ ഗുവാഹത്തിയില്‍ വച്ച് പുറത്താവാതെ 123 റണ്‍സാണ് റുതുരാജ് നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് ഏറ്റവുമധികം സെഞ്ച്വറികള്‍ കുറിച്ച വേദികളിലൊന്നായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയവും മാറിയിരിക്കുകയാണ്. ഇവിടെ മൂന്നാമത്തെ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. നേരത്തേ വിശാഖപട്ടണം, നാഗ്പൂര്‍, എഡ്ബാസ്റ്റണ്‍ എന്നീ വേദികളിലും ഹിറ്റ്മാന്‍ മൂന്നു വീതം സെഞ്ച്വറികളടിച്ചിട്ടുണ്ട്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), ഗുല്‍ബദിന്‍ നയ്ബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജനത്ത്, ഷറഫുദ്ദീന്‍ അഷ്‌റഫ്, ഖ്വയ്‌സ് അഹമ്മദ്, മുഹമ്മദ് സലീം സാഫി, ഫരീദ് അഹമ്മദ് മാലിക്.

Story first published: Thursday, January 18, 2024, 5:25 [IST]
Other articles published on Jan 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+