അഫ്ഗാനിസ്താനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണിനു അവസരം കിട്ടുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം രോഹന്‍ ഗവാസ്‌കര്‍. ക്രിക്ക്ബസിനോടു സംസാരിക്കുകയായിരുന്നു മുന്‍ ബാറ്റിങ് ഇതിഹാരം സുനില്‍ ഗവാസ്‌കറുടെ മകന്‍ കൂടിയായ അദ്ദേഹം. ജിതേഷ് ശര്‍മയ്ക്കു പകരം അടുത്ത കളിയില്‍ സഞ്ജുവിനെ ഇറക്കാനുള്ള സാധ്യത കൂടുതലാണെനും രോഹന്‍ നിരീക്ഷിച്ചു.
ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഡെക്കായാണ് ജിതേഷ് ക്രീസ് വിട്ടത്. ഇന്ത്യ അനായാസം ജയത്തിലേക്കു മുന്നേറവയെയായിരുന്നു താരം അഞ്ചാമനായി ക്രീസിലെത്തിയത്. പക്ഷെ നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ജിതേഷ് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കരീം ജന്നത്തിന്റെ ബൗളിങില്‍ മുഹമ്മദ് നബിയായിരുന്നു ക്യാച്ചെടുത്തത്.

ഷോര്‍ട്ട് ബോളായിരുന്നു കരീം പരീക്ഷിച്ചത്. ജിതേഷ് വമ്പന്‍ ഷോട്ടിനു തുനിഞ്ഞെങ്കിലും പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. ബോള്‍ നേരെ മിഡ് ഓഫ് ഏരിയയില്‍ നബിയുടെ കൈകളില്‍ അവസാനിക്കുകയും ചെയ്തു. ജിതേഷ് ഔട്ടായ ശേഷം ക്രീസിലെത്തിയ റിങ്കു സിങ് വളരെ ബുദ്ധിപരമായ സമീപനമാണ് ബാറ്റിങില്‍ സ്വീകരിച്ചതെന്നും ജിതേഷ് ഇതു കണ്ടു പഠിക്കണമെന്നും രോഹന്‍ ആവശ്യപ്പെട്ടു.
റിങ്കു സിങ് ചെയ്തത് എന്താണെന്നായിരിക്കും ജിതേഷ് നോക്കിയിട്ടുണ്ടാവുക. ഡ്രസിങ് റൂമില്‍ നിന്നും ഇതേക്കുറിച്ച് ചിന്തിക്കുകയും ചെയ്തിട്ടുണ്ടാവും. എനിക്കും ഇതു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാവും ജിതേഷ് ആഗ്രഹിച്ചിട്ടുണ്ടാവുക. ഒരുപാട് അഗ്രസീവാകാതെ ഒരു ബോളില്‍ ഒരു റണ്ണെന്ന നിലയില്‍ താന്‍ കളിച്ചാല്‍ മതിയായിരുന്നെന്നും ജിതേഷ് ആലോചിക്കുന്നുണ്ടാവും.
കാരണം ക്രീസിന്റെ മറുഭാഗത്തു ശിവം ദുബെ സ്വപ്‌നത്തിലെന്ന പോലെയാണ് ബാറ്റ് ചെയ്തത്. അദ്ദേഹം നിങ്ങളെ ജയത്തിലേക്കു നയിക്കുകയായിരുന്നു, മല്‍സരം തോല്‍ക്കാനുള്ള യാതൊരു സാധ്യതയുമുണ്ടായിരുന്നില്ലെന്നും രോഹന്‍ വിലയിരുത്തി.
ഈ മല്‍സരത്തില്‍ തന്റെ മോശം ബാറ്റിങ് സമീപനത്തില്‍ ജിതേഷ് ശര്‍മയ്ക്കു തീര്‍ച്ചയായും പശ്ചാത്താപം തോന്നുന്നുണ്ടാവുമെന്നു അദ്ദേഹം പറയുന്നു. താന്‍ എന്താണ് ചെയ്തതെന്നു ആലോചിച്ച് ജിതേഷ് ശര്‍മ തീര്‍ച്ചയായും സ്വയം പഴിക്കുന്നുണ്ടാവും. താന്‍ കുറേക്കൂടി വിവേകത്തോടെ ഇതിനെ സമീപിക്കേണ്ടിയിരുന്നുവെന്നും സിംഗിളെടുക്കുന്നതായിരുന്നു നല്ലതെന്നും ജിതേഷ് ആലോചിക്കുന്നുണ്ടാവുമെന്നം രോഹന്‍ വ്യക്തമാക്കി.
മൂന്നാം ടി20യില്‍ ജിതേഷ് ശര്‍മയ്ക്കു പകരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വരാനിടയുണ്ട്. സഞ്ജുവിനു ഈ പരമ്പരയില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല. അയര്‍ലാന്‍ഡ് പര്യടനത്തിനു ശേഷം അദ്ദേഹം ടി20 ഫോര്‍മാറ്റിലും കളിച്ചിട്ടില്ല.

അതുകൊണ്ടു തന്നെ കുറച്ചു കാലമായി സഞ്ജു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹത്തിനു ഒരു ഗെയിം നല്‍കണമെന്നും എങ്ങനെയാണ് പെര്‍ഫോം ചെയ്യുകയെന്നു നോക്കുകയും വേണം. ശിവം ദുബെയ്ക്കു അടുത്ത കളിയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നും തനിക്കു തോന്നുന്നതായി രോഹന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ സഞ്ജുവടങ്ങുന്ന ഇന്ത്യയുടെ രണ്ടാം നിര ടീം അയര്‍ലാന്‍ഡില്‍ മൂന്നു ടി20കളുടെ പരമ്പരയില്‍ കളിച്ചത്. ഏഷ്യാ കപ്പ് മുന്നില്‍ കണ്ട് സീനിയര്‍ കളിക്കാര്‍ക്കു പരമ്പരയില്‍ വിശ്രമം നല്‍കുകയായിരുന്നു. പരമ്പരയിലെ അവസാന മല്‍സരത്തില്‍ 26 ബോളില്‍ നിന്നും 40 റണ്‍സുമായി സഞ്ജു കസറുകയും ചെയ്തു.
പക്ഷെ അതിനു ശേഷം ഒരു ടി20യില്‍പ്പോലും അദ്ദേഹത്തിനു ഇന്ത്യ അവസരം നല്‍കിയില്ല. ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയില്ലെല്ലാം തഴയപ്പട്ട സഞ്ജു ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള ടി20 പരമ്പരകളിലും പരിഗണിക്കപ്പെട്ടില്ല.