ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തിരിക്കുന്നത്. രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട മത്സരത്തില്‍ അഫ്ഗാന്‍ അവസാന നിമിഷംവരെ പൊരുതിയാണ് കീഴടങ്ങിയത്. ഇന്ത്യ അടിച്ചെടുത്ത 212 റണ്‍സിന് ഒപ്പം പിടിക്കാന്‍ അഫ്ഗാന് സാധിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ആദ്യ ടി20യില്‍ രണ്ട് ടീമും 16 റണ്‍സ് വീതം നേടിയതോടെ രണ്ടാം സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടു.
ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിശ്വസിച്ച് പന്തേല്‍പ്പിച്ചത് മുകേഷ് കുമാറിനെയാണ്. എന്നാല്‍ അദ്ദേഹത്തിന് ടീമിനെ ജയിപ്പിക്കാനായില്ല. രണ്ടാം സൂപ്പര്‍ ഓവറില്‍ അഫ്ഗാന്‍ ബാറ്റുചെയ്യാനെത്തിയപ്പോള്‍ ഇന്ത്യ ആവേശ് ഖാനെ പന്തേല്‍പ്പിക്കാനാണ് ആദ്യ തയ്യാറായത്. ആവേശ് ഖാന്‍ തന്റെ തൊപ്പി അംപയര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷത്തെ പദ്ധതി പ്രകാരം രവി ബിഷ്‌നോയ്ക്ക് പന്ത് നല്‍കുകയായിരുന്നു. സ്പിന്നറെ കൊണ്ടുവന്നത് നിര്‍ണ്ണായകമാവുകയും മത്സരം ഇന്ത്യ ജയിക്കുകയും ചെയ്തു.
എന്നാല്‍ അവസാന മിനുട്ടിലെ ഈ തീരുമാനത്തിന് പിന്നില്‍ ആരുടെ ബുദ്ധിയായിരുന്നു?. ഇപ്പോഴിതാ എന്തുകൊണ്ടാണ് ആവേശിനെ മാറ്റി ബിഷ്‌നോയ്ക്ക് പന്ത് നല്‍കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. 'വലിയ പദ്ധതികളോ വലിയ തന്ത്രങ്ങളോ അല്ല. അവസാനം ലളിതമായ തീരുമാനമാണെടുത്തത്. രവി ബിഷ്‌ണോയിയെക്കൊണ്ട് പന്തെറിയിക്കാമെന്നത് രോഹിത്തിന്റെ തീരുമാനമായിരുന്നു.
സ്പിന്നര്‍ക്ക് രണ്ട് വിക്കറ്റ് നേടാനാവുമെന്ന് രോഹിത്തിന് തോന്നിയിരിക്കാം. 11 റണ്‍സെന്നത് വലിയ സ്‌കോറല്ല. മികച്ച ഫോമില്‍ കളിച്ച അഫ്ഗാന്‍ താരങ്ങള്‍ക്ക് നേടാനാവുന്ന സ്‌കോറായിരുന്നു അത്'- രാഹുല്‍ ദ്രാവിഡ് പറഞ്ഞു. സ്പിന്നറെ പന്തേല്‍പ്പിക്കാനുള്ള രോഹിത്തിന്റെ തീരുമാനമാണ് വളരെ നിര്‍ണ്ണായകമായത്. ഒരു റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ബിഷ്‌നോയ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുക്കുകയായിരുന്നു.

രവി ബിഷ്‌നോയിലേക്ക് രോഹിത് എത്താന്‍ മറ്റൊരു കാരണമുണ്ട്. അഫ്ഗാന്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ ഇറക്കിയത് മുഹമ്മദ് നബിയേയും റഹ്‌മാനുല്ല ഗുര്‍ബാസിനേയുമാണ്. രണ്ട് പേരും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്. അതുകൊണ്ടാണ് ആവേശിനെ പിന്‍വലിച്ച് സ്പിന്നറായ ബിഷ്‌നോയിയെ രോഹിത് പന്തേല്‍പ്പിച്ചത്. ഇത് മികച്ച തീരുമാനമാവുകയും മത്സരഫലത്തെ മാറ്റിമറിക്കുകയും ചെയ്തു. 'എന്നോടും ആവേശിനോടും തയ്യാറായിരിക്കാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ രണ്ട് വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ എത്തിയതോടെ എന്നോട് പന്തെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ലെഗ് സൈഡ് ബൗണ്ടറി കണക്കാക്ക പന്തെറിയാനാണ് എന്നോട് ആവശ്യപ്പെട്ടത്' മത്സരശേഷം ബിഷ്‌നോയ് പറഞ്ഞു. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം മികച്ചതായിരുന്നെങ്കില്‍ സൂപ്പര്‍ ഓവറിലേക്ക് പോകാതെ ജയിക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. ഇന്ത്യയുടെ 212 റണ്‍സ് പിന്തുടര്‍ന്ന് അഫ്ഗാനെത്തിയപ്പോള്‍ പ്രധാന ഇന്ത്യന്‍ ബൗളര്‍മാരെല്ലാം തല്ലുകൊണ്ടു.
ആവേശ് 1 വിക്കറ്റ് നേടിയെങ്കിലും നാല് ഓവറില്‍ 55 റണ്‍സാണ് വഴങ്ങിയത്. മുകേഷ് കുമാര്‍ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി. എന്നാല്‍ രവി ബിഷ്‌നോയ് 4 ഓവറില്‍ 38 റണ്‍സാണ് വിട്ടുകൊടുത്തത്.
വാഷിങ്ടണ്‍ സുന്ദര്‍ 3 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റാണ് നേടിയത്. ശിവം ദുബെ 2 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്തു. കുല്‍ദീപ് യാദവ് 3 ഓവറില്‍ 31 റണ്‍സാണ് വഴങ്ങിയത്. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടന നിലവാരം ശരാശരിയില്‍ താഴെയായിരുന്നു.
ഇന്ത്യയുടെ പ്രധാന പേസര്‍മാര്‍ വിശ്രമത്തിലായിരുന്നു. ഇവര്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ ബൗളിങ് കരുത്ത് വീണ്ടും ശക്തമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. രോഹിത് ശര്‍മ സെഞ്ച്വറിയോടെ തിരിച്ചുവരവ് നടത്തിയതോടെ ടി20 ലോകകപ്പിലും രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമെന്ന് വിലയിരുത്താം.