സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അപ്രതീക്ഷിത തിരിച്ചുവരവിലൂടെ ശരിക്കും പെട്ടിരിക്കുന്നത് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡാണ്. അഫ്ഗാനിസ്താനെതിരേ നടക്കിനിരിക്കുന്ന ടി20 പരമ്പരയിലൂടെയാണ് രോഹിത്തും കോലിയും മടങ്ങിയെത്തിയത്. ഇതോടെ രണ്ടു പേരെയും ഉള്‍പ്പെടുത്തി ഏറ്റവും മികച്ചൊരു പ്ലെയിങ് ഇലവനെ എങ്ങനെ ഇറക്കാമെന്ന ആശയക്കുഴപ്പത്തിലാണ് ദ്രാവിഡ്. കൃത്യമായ പ്ലാനിങിലൂടെ മാത്രമേ അദ്ദേഹത്തിനു അനുയോജ്യരായ 11 പേരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെയാണ് ഈ ഫോര്‍മാറ്റിലേക്കു ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം രോഹിത്തും കോലിയും തിരികെ വന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം ഇരുവരുമില്ലാതെയുള്ള ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. അതു ക്ലിക്കാവുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ രോഹിത്തും കോലിയും തിരികെ വന്നതോടെ പുറത്തു പോവേണ്ടവര്‍ ആരൊക്കെ ആവുമെന്നതാണ് ചോദ്യം.

ഓപ്പണിങിലാണ് ആദ്യത്തെ പ്രശ്‌നമുള്ളത്. രോഹിത്തിനെക്കൂടാതെ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ് ഇന്ത്യന്‍ സംഘത്തിലെ മറ്റു ഓപ്പണര്‍മാര്‍. ഇവരില്‍ ഒരാള്‍ മാത്രമേ ഇന്ത്യന്‍ ഇലവനില്‍ അവസരം പ്രതീക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ വര്‍ഷം ഗില്ലും ജയ്‌സ്വാളും ടി20യില്‍ മികച്ച പ്രകടനമാണ് കാഴ്‌വച്ചത്. ഇന്ത്യക്കു വേണ്ടി 13 ഇന്നിങ്‌സില്‍ 312 റണ്‍സെടുത്ത ഗില്‍ ഐപിഎല്ലില്‍ 890 റണ്‍സും വാരിക്കൂട്ടിയിരുന്നു. മൂന്നു സെഞ്ച്വറികളും നാലു ഫിഫ്റ്റികളുമടക്കമാണിത്.
ജയ്‌സ്വാളാവട്ടെ ഐപിഎല്‍ റണ്‍വേട്ടയില്‍ അഞ്ചാമതുമുണ്ടായിരുന്നു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 14 മല്‍സരങ്ങളില്‍ നിന്നും 625 റണ്‍സാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തത്. ഇതിനു പിന്നാലെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരം 14 ടി20 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 430 റണ്‍സ് നേടുകയും ചെയ്തു. ഇടംകൈയന്‍ ബാറ്ററായതിനാല്‍ അഫ്ഗാനെതിരേ ഗില്ലിനു പകരം ജയ്‌സ്വാളിനെ ഇന്ത്യ കളിപ്പിച്ചേക്കും.
വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരില്‍ ആരു വേണമെന്നതാണ് രണ്ടാമത്തെ ചോദ്യം. കഴിഞ്ഞ രണ്ടു പരമ്പകളിലും ആറാം നമ്പറില്‍ ഇറങ്ങി മോശമല്ലാത്ത പ്രകടനം നടത്തിയ താരമാണ് ജിതേഷ്. നാലു മല്‍സങ്ങളില്‍ 42 ബോളുകള്‍ നേരിട്ട താരം 150 സ്‌ട്രൈക്ക് റേറ്റോടെ 64 റണ്‍സെടുത്തിരുന്നു.
പക്ഷെ റിങ്കു സിങിനെ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനെ ആശ്രയിച്ചായിരിക്കും ജിതേഷിനെ കളിപ്പിക്കണമോയെന്നതില്‍ തീരുമാനമെടുക്കുക. സഞ്ജുവാകട്ടെ ഒരു ഇടവേളയ്ക്കു ശേഷമാണ് ടി20 ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. ആഗസ്റ്റില്‍ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.
റിങ്കു സിങിനു ടി20 ടീമിലെ സ്ഥാനം ഈ പരമ്പരയ്ക്കു ശേഷം നഷ്ടമാവുമോയെന്നതാണ് മറ്റൊരു ചോദ്യം. കാരണം സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം വരാനിരിക്കുന്നതിനാല്‍ റിങ്കുവിനു ടീമില്‍ തുടരുക ഇനി എളുപ്പമാവില്ല. ഇതുവരെ 18 ടി20കളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നും 180.68 സ്‌ട്രൈക്ക് റേറ്റില്‍ 262 റണ്‍സെടുക്കുകയും ചെയ്തു. അഫ്ഗാനെതിരേ കസറിയാല്‍ മാത്രമേ റിങ്കുവിനു സ്ഥാനം നിലനിര്‍ത്താന്‍ കഴിയൂ.

ശിവം ദുബെയ്ക്കു ഈ പരമ്പരയിലെങ്കിലും ഇലവനില്‍ അവസരം ലഭിക്കുമോയെന്നതാണ് അടുത്ത ചോദ്യം. ഓസ്‌ട്രേലിയയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും ഒരു കളിയില്‍പ്പോലും അവസരം ലഭിച്ചില്ല.
ഹാര്‍ദിക് പരിക്കേറ്റ് പുറത്തായിട്ടും ഈ പൊസിഷനില്‍ ദുബെയെ പരീക്ഷിച്ചുനോക്കാന്‍ ടീം മാനേജ്‌മെന്റ് ഇനിയും തയ്യാറായിട്ടില്ല. അഫ്ഗാനെതിരായ പരമ്പര ഇതിനുള്ള അവസാനത്തെ അവസരമായിരിക്കും. ഐപിഎല്ലില്‍ കസറിയിട്ടും ദേശീയ ടീമില്‍ ദുബെയ്‌ക്കെതിരേ അവഗണന തുടരുകയാണ്. ഒരു ബൗളിങ് ഓപ്ഷന്‍ കൂടിയാണ് താരത്തെ കളിപ്പിക്കുന്നതിലുടെ ഇന്ത്യക്കു ലഭിക്കുന്നത്.
അഫ്ഗാനെതിരായ പരമ്പരയില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന അഞ്ചു വ്യത്യസ്ത ടീം കോമ്പിനേഷനുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ആദ്യ ഓപ്ഷന്‍
രോഹിത്, ഗില്‍/ ജയ്‌സ്വാള്‍, കോലി, തിലക്, റിങ്കു, ജിതേഷ്/ സഞ്ജു, ദുബെ, അക്ഷര്‍, കുല്‍ദീപ്, അര്‍ഷ്ദീപ്, ആവേശ്.
രണ്ടാമത്തെ ഓപ്ഷന്‍
രോഹിത്, ഗില്‍/ ജയ്‌സ്വാള്‍, കോലി, തിലക്, ദുബെ, സഞ്ജു/ ജിതേഷ്, സുന്ദര്‍, അക്ഷര്‍, കുല്‍ദീപ്, അര്‍ഷ്ദീപ്, ആവേശ്.
മൂന്നാമത്തെ ഓപ്ഷന്‍
രോഹിത്, ഗില്‍/ ജയ്‌സ്വാള്‍, കോലി, തിലക്, ദുബെ, സഞ്ജു/ ജിതേഷ്, അക്ഷര്‍, കുല്‍ദീപ്, അര്‍ഷ്ദീപ്, ആവേശ്, മുകേഷ്.
നാലാമത്തെ ഓപ്ഷന്‍
രോഹിത്, ഗില്‍/ ജയ്‌സ്വാള്‍, കോലി, തിലക്, റിങ്കു, സഞ്ജു/ ജിതേഷ്, അക്ഷര്‍, കുല്‍ദീപ്, അര്‍ഷ്ദീപ്, ആവേശ്, മുകേഷ്.
അഞ്ചാമത്തെ ഓപ്ഷന്‍
രോഹിത്, ഗില്‍/ ജയ്‌സ്വാള്‍, കോലി, സഞ്ജു/ ജിതേഷ്, റിങ്കു, ദുബെ, അക്ഷര്‍, കുല്‍ദീപ്, ആവേശ്, മുകേഷ്.