ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. മൂന്നാമത്തെ മത്സരത്തില്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ ജയം. 212 എന്ന വമ്പന്‍ സ്‌കോര്‍ നേടിയിട്ടും അഫ്ഗാനിസ്ഥാന്‍ സമനില പിടിച്ചു എന്നതാണ് എടുത്തു പറയേണ്ടത്. ആവേശകരമായ സൂപ്പര്‍ ഓവറില്‍ ഇന്ത്യയോട് അവസാനംവരെ പൊരുതിയാണ് അഫ്ഗാന്‍ നിര തലകുനിച്ചത്. അഫ്ഗാന്‍ പോരാട്ടവീര്യം കൈയടി അര്‍ഹിക്കുന്നതാണ്.
എന്നാല്‍ സൂപ്പര്‍ ഓവറിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ രോഹിത് ശര്‍മയുടെ ചതി വിവാദമാവുകയാണ്. ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ റിട്ടേര്‍ഡ് ഔട്ടായിരുന്നു. ഇതിന് ശേഷം രണ്ടാം സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്യാന്‍ രോഹിത് ശര്‍മയെത്തി. ഇത് നിയമ വിരുദ്ധമാണെന്ന വിവാദം ശക്തമായിരുന്നു. ഐസിസി നിയമ പ്രകാരം ആദ്യ സൂപ്പര്‍ ഓവറില്‍ ഔട്ടായ താരത്തിന് രണ്ടാം സൂപ്പര്‍ ഓവര്‍ നടക്കുമ്പോള്‍ ബാറ്റ് ചെയ്യാനാവില്ല.
എന്നാല്‍ രോഹിത് ശര്‍മ രണ്ട് സൂപ്പര്‍ ഓവറിലും ബാറ്റിങ്ങിനിറങ്ങിയത് നിയമ വിരുദ്ധമാണെന്നാണ് ആരാധക വിമര്‍ശനം. ഐസിസി നിയമത്തെ രോഹിത് ദുരൂപയോഗം ചെയ്താണ് രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്തത്. കാരണം നിയമപ്രകാരം നോക്കുമ്പോള്‍ റിട്ടേര്‍ഡ് ഔട്ടാകുന്ന താരത്തിന് പരിക്കോ ഫിറ്റ്‌നസ് പ്രശ്‌നമോ നേരിടണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് രോഹിത് റിട്ടേര്‍ഡ് ഔട്ടായത്. അതിന് ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റു ചെയ്യാനുമെത്തി.
രോഹിത് റിട്ടേര്‍ഡ് ഔട്ടായതിനെ അഫ്ഗാന്‍ നായകന്‍ ചോദ്യം ചെയ്തിരുന്നെങ്കിലും അംപയര്‍ രോഹിത്തിനൊപ്പം നില്‍ക്കുകയാണ് ചെയ്തത്. രോഹിത് ശര്‍മയുടെ നടപടി തരംതാഴ്ന്നതാണെന്നും ജയിക്കാനായി ഇത്തരമൊരു തരം താഴ്ന്ന പ്രവര്‍ത്തി ചെയ്യേണ്ടിയിരുന്നില്ലെന്നുമാണ് ആരാധക വിമര്‍ശനം. ഈ വിവാദത്തെ വളരെ ലളിതമായാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പരിഗണിച്ചത്. ആര്‍ അശ്വിന്റെ തലത്തിലുള്ള ചിന്തയാണ് രോഹിത് നടത്തിയതെന്നാണ് ദ്രാവിഡ് പ്രതികരിച്ചത്.

അഫ്ഗാന്റെ പോരാട്ടവീര്യത്തോട് ചതിയിലൂടെ ഇന്ത്യ ജയം നേടിയെടുക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്തായാലും രോഹിത്തിന്റെ നടപടിയില്‍ വിമര്‍ശനം ശക്തമാണ്. രോഹിത് ശര്‍മയുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. ബംഗളൂരുവിലെ റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത തകര്‍ച്ചയാണ് നേരിട്ടത്. 22 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു.
എന്നാല്‍ 69 പന്തില്‍ പുറത്താവാതെ 121 റണ്‍സോടെ രോഹിത് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 11 ഫോറും 8 സിക്‌സുമാണ് രോഹിത് പറത്തിയത്. വിരാട് കോലിയും സഞ്ജു സാംസണും ഡെക്കായി. റിങ്കു സിങ് 39 പന്തില്‍ 2 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 69 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയും ചെയ്തു. ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് 13 റണ്‍സും രണ്ടാം സൂപ്പര്‍ 11 റണ്‍സും നേടി ഇന്ത്യയുടെ ജയത്തില്‍ നട്ടെല്ലായി മാറി.
എന്നാല്‍ റിട്ടേര്‍ഡ് ഔട്ട് വിവാദത്തിലൂടെ രോഹിത് തന്റെ നേട്ടങ്ങളുടെ മഹിമ കുറച്ചിരിക്കുകയാണെന്ന് പറയാം. ആദ്യ രണ്ട് മത്സരത്തിലും ഡെക്കായ രോഹിത് മൂന്നാം മത്സരത്തിലെ ഗംഭീര പ്രകടനത്തോടെ എല്ലാ വിമര്‍ശകര്‍ക്കുമുള്ള മറുപടിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കിടയിലും സൂപ്പര്‍ ഓവര്‍ വിവാദം രോഹിത്തിനെ എയറിലാക്കുകയാണ്. അഫ്ഗാന്‍ താരങ്ങളുടെ പ്രതിഷേധത്തെ അംപയര്‍ പരിഗണിക്കാതിരുന്നതും വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
നായകനെന്ന നിലയില്‍ രോഹിത് എടുത്ത മികച്ച തീരുമാനവും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. രണ്ടാം സൂപ്പര്‍ ഓവറില്‍ രവി ബിഷ്‌നോയ്ക്ക് പന്ത് നല്‍കാനുള്ള രോഹിത്തിന്റെ തീരുമാനമാണ് ടീമിന് അനായാസ ജയം നല്‍കിയത്. എന്തായാലും രോഹിത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.