ക്രിക്കറ്റ് പ്രേമികള്‍ക്കു വന്‍ സര്‍പ്രൈസ് നല്‍കിയാണ് അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടി20 ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും അപ്രതീക്ഷിത മടങ്ങിവരവ് ആരാധകരെ ശരിക്കും ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ഇനിയൊരിക്കലും ദേശീയ ടി20 ടീമില്‍ ഇരുവരെയും കാണാന്‍ സാധിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
പക്ഷെ ആരാധകരെ ആവേശത്തിലാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഇതിഹാസങ്ങളിലും ഒരിക്കല്‍ക്കൂടി എത്തിയിരിക്കുകയാണ്. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും രോഹിത്തും കോലിയും ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്നാണ് അഫ്ഗാനിസ്താനെതിരായ ടീം സെലക്ഷന്‍ നല്‍കുന്ന സൂചന.

അഫ്ഗാനുമായുള്ള ടി20 പരമ്പരയില്‍ കോലിയെ ഉള്‍പ്പെടുത്താന്‍ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കു വലിയ താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പക്ഷെ കോലി തീര്‍ച്ചയായും ടീമില്‍ വേണമെന്നു രോഹിത് ആവശ്യപ്പെട്ടതായും ഇതേ തുടര്‍ന്നാണ് സെലക്ടര്‍മാര്‍ മുട്ടുമടക്കിയതെന്നുമാണ് സൂചനകള്‍.
ഇതാദ്യമായല്ല കോലിക്കു വേണ്ടി സെലക്ഷന്‍ കമ്മിറ്റിയോടു രോഹിത് പോരടിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും കോലിയെ ടീമിലെടുക്കാന്‍ കമ്മിറ്റിയിലെ പലരും താല്‍പര്യം കാണിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ മോശം ഫോമായിരുന്നു കാരണം. പക്ഷെ രോഹിത് അപ്പോഴും കോലിയുടെ ഭാഗത്തായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ ടീമിനു ഗുണം ചെയ്യുമെന്നു രോഹിത് സെലക്ഷന്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തുകയായിരുന്നു. തന്നെ പിന്തുണയ്ക്കാനുള്ള രോഹിത്തിന്റെ തീരുമാനം ശരിയാണെന്നു ചിരവൈരികളായ പാകിസ്താനുമായുള്ള ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കോലി തെളിയിക്കുകയും ചെയ്തു.
റണ്‍ചേസില്‍ ടീം പരാജയത്തെ അഭിമുഖീകരിക്കവെ കോലിയുടെ ഒറ്റയാള്‍ പോരാട്ടം അവസാനത്തെ ബോളില്‍ ഇന്ത്യക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. അപരാജിത ഫിഫ്റ്റി നേടിയ അദ്ദേഹം ഏറെക്കുറെ തനിച്ചാണ് ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.
ടൂര്‍ണമെന്റിലെ തുടര്‍ന്നുള്ള മല്‍സങ്ങളിലും മികവ് പുലര്‍ത്തിയ കോലി ടീമിനെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരവും അദ്ദേഹം തന്നെയാണ്.

ഇപ്പോഴിതാ വീണ്ടും രോഹിത്തിന്റെ അകമഴിഞ്ഞ പിന്തുണ കോലിക്കു ടി20യില്‍ വീണ്ടുമൊരു അവസരം കൂടി നല്‍കിയിരിക്കുകയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും കോലിയെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ സാധിക്കുമെന്ന് ഉറപ്പാവുകയും ചെയ്തു. നേരത്തേ കോലി ക്യാപ്റ്റനായിരിക്കെ രോഹിത്തുമായി അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഈഗോ പ്രശ്‌നങ്ങള്‍ ഇരുവരും തമ്മില്‍ ദീര്‍ഘകാലം ഉണ്ടായിരുന്നതായാണ് വിവരം.
ഇതു വലിയ ടൂര്‍ണമെന്റുകളില്‍ ടീമിനെ ബാധിക്കുകയും ചെയ്തിരുന്നു. പക്ഷെ കോലി നായകസ്ഥാനത്തു നിന്നു മാറുകയും രോഹിത് പകരം വരികയും ചെയ്ത ശേഷമാണ് ബിസിസിഐ സെക്രട്ടറിയായ ജയ് ഷായുടെ ഇടപെടലുണ്ടായത്. ഇതു രണ്ടു താരങ്ങളും തമ്മിലുള്ള മഞ്ഞുരുകാന്‍ കാരണമാവുകയും ചെയ്തു.
നിലവില്‍ രോഹിത്തും കോലിയും തമ്മില്‍ കളിക്കളത്തിനകത്തും പുറത്തും നല്ല സൗഹൃദമാണുള്ളത്. കളിക്കളത്തില്‍ പലപ്പോഴും വിക്കറ്റ് നേട്ടം ഒരുമിച്ച് ആഘോഷിക്കാറുള്ള ഇരുവരും കളിക്കിടയില്‍ ഒരുമിച്ചു തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാറുമുണ്ട്. ഇരുവരുടെയും ഒത്തൊരുമ ഇന്ത്യന്‍ ടീമിനു ഏറെ ഗുണവും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഒരു കളി പോലും തോല്‍ക്കാതെ ഫൈനല്‍ വരെ മുന്നേറിയത് ടീമിനകത്തെ മികച്ച ഒത്തിണക്കവും അന്തരീക്ഷവുമായിരുന്നു.