Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ആരും വാങ്ങിയില്ല, മിന്നല്‍ ബാറ്റിങ്ങുമായി ഉര്‍വില്‍ പട്ടേല്‍; റെക്കോഡ് സെഞ്ച്വറി

മുംബൈ: ഐപിഎല്ലിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അവസാനിച്ചിരിക്കുകയാണ്. ഇത്തവണ റെക്കോഡ് പ്രതിഫലങ്ങള്‍ പിറന്ന മെഗാ ലേലമാണ് നടന്നത്. പല സൂപ്പര്‍ താരങ്ങളും പ്രതീക്ഷിച്ച പോലെ കോടികള്‍ വാരിയപ്പോള്‍ ചില താരങ്ങള്‍ക്ക് പ്രതീക്ഷിച്ച തുക ലേലത്തില്‍ നേടിയെടുക്കാന്‍ സാധിക്കില്ല. ചിലര്‍ അപ്രതീക്ഷിതമായി അണ്‍സോള്‍ഡാവുകയും ചെയ്തു. ഇത്തരത്തില്‍ തഴയപ്പെട്ടവരില്‍ ചില യുവതാരങ്ങളുമുണ്ട്.

വെടിക്കെട്ട് പ്രകടനം നടത്താന്‍ കഴിവുണ്ടായിട്ടും ആരും ശ്രദ്ധിക്കാതെ തഴയപ്പെട്ടുപോയ ചില താരങ്ങളുണ്ട്. അത്തരത്തിലൊരാളാണ് ഗുജറാത്തുകാരനായ ഉര്‍വില്‍ പട്ടേല്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഉര്‍വില്‍ മെഗാ ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും വാങ്ങാന്‍ ആളുണ്ടായില്ല. എന്നാല്‍ ഇപ്പോഴിതാ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനത്തോടെ എല്ലാ ഐപിഎല്‍ ടീമുകളേയും ഞെട്ടിച്ചിരിക്കുകയാണ് ഉര്‍വില്‍ പട്ടേല്‍. 36 പന്തില്‍ സെഞ്ച്വറി നേടിയ താരം എല്ലാ ടീമുകളുടേയും നോട്ടപ്പുള്ളിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

ചരിത്ര റെക്കോഡിട്ട പ്രകടനം

ത്രിപുരക്കെതിരേ 28 പന്തില്‍ സെഞ്ച്വറി നേടിയ ഉര്‍വില്‍ തന്റെ മികവ് എന്താണെന്ന് ഇതിനോടകം കാട്ടിക്കൊടുത്തതാണ്. ഇപ്പോള്‍ ഉത്തരാഖണ്ഡിനെതിരേ 36 പന്തില്‍ സെഞ്ച്വറി നേടി വീണ്ടും ഉര്‍വില്‍ കരുത്തുകാട്ടിയിരിക്കുകയാണ്. ഉത്തരാഖണ്ഡിന്റെ 183 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ ഗുജറാത്ത് മറികടന്നു. ഉര്‍വില്‍ 41 പന്തില്‍ 115 റണ്‍സോടെ പുറത്താവാതെ നിന്നു. എട്ട് ഫോറും 11 സിക്‌സും ഉള്‍പ്പെടെയാണ് യുവതാരം കത്തിക്കയറിയത്. ഈ പ്രകടനത്തോടെ ചരിത്ര റെക്കോഡ് സൃഷ്ടിക്കാനും ഉര്‍വിലിനായി.

40ന് താഴെ പന്തില്‍ രണ്ട് ടി20 സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഉര്‍വില്‍. ത്രിപുരക്കെതിരേ 156 റണ്‍സ് പിന്തുടര്‍ന്നിറങ്ങവെയായിരുന്നു താരത്തിന്റെ വെടിക്കെട്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരം റണ്‍സ് പിന്തുടരുമ്പോഴാണ് കൂടുതല്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ടീമുകളുടേയും നോട്ടപ്പുള്ളിയായി ഉര്‍വില്‍ മാറിയിട്ടുണ്ടെന്ന് തന്നെ വിലയിരുത്താം.

urvil patel

സഞ്ജുവിനും ഇഷാനും ഭീഷണി?

സഞ്ജു സാംസണും ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമെല്ലാമാണ് ഇന്ത്യയുടെ ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇവര്‍ക്കെല്ലാം ഭീഷണിയായി ഉര്‍വില്‍ മാറിയിരിക്കുകയാണെന്ന് പറയാം. കടന്നാക്രമിച്ച് കളിക്കുന്ന ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ് ഉര്‍വില്‍. ഭയമില്ലാതെ അടിച്ചുതകര്‍ക്കുന്ന താരം പവര്‍പ്ലേ നന്നായി മുതലാക്കി കളിക്കുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിനും ഇഷാനുമെല്ലാം വലിയ ഭീഷണിയായി ഉര്‍വില്‍ മാറാന്‍ സാധ്യതയുണ്ട്.

ടി20ക്ക് അനുയോജ്യമായ ആക്രമണോത്സകതയോടെ കളിക്കുന്ന ഉര്‍വില്‍ ലേലത്തില്‍ തഴയപ്പെട്ടെങ്കിലും ഇനിയും ഏതെങ്കിലും ടീമിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ളവനാണ്. ഏതെങ്കിലും വിക്കറ്റ് കീപ്പര്‍ താരത്തിന് പരിക്കേറ്റാല്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് ഉര്‍വില്‍. എന്തായാലും താരത്തിന്റെ വമ്പനടികള്‍ ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് വളരാനും പ്രതിഭയുള്ള താരമാണ് ഉര്‍വില്‍.

ഗുജറാത്തിന് വമ്പന്‍ ജയം

ഉത്തരാഖണ്ഡ് 183 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചെങ്കിലും ഉര്‍വിലിന്റെ പ്രകടന മികവില്‍ അനായാസ ജയമാണ് ഗുജറാത്ത് നേടിയെടുത്തത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്തുള്ളത്. സൗരാഷ്ട്രയാണ് തലപ്പത്ത്. ഇത്തവണത്തെ ഗുജറാത്തിന്റെ കുതിപ്പിന് പിന്നില്‍ ഉര്‍വിലിന്റെ മികവാണ് എടുത്തു പറയേണ്ടത്. വരുന്ന മത്സരത്തിലും ഇതേ മികവ് തുടരാന്‍ ഉര്‍വിലിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

ഐപിഎല്ലില്‍ അവസരം ലഭിക്കാത്തതില്‍ നിരാശയില്ലെന്നും ഇപ്പോഴത്തെ പ്രകടനത്തില്‍ സന്തോഷവാനാണെന്നാണ് ഉര്‍വില്‍ പറയുന്നത്. 'ഐപിഎല്ലില്‍ അവസരം ലഭിക്കാത്തതില്‍ നിരാശയില്ല. ഇപ്പോഴത്തെ മികച്ച പ്രകടനത്തില്‍ സന്തോഷവാനാണ്. ഐപിഎല്‍ ലേലം കണ്ടിരുന്നു. എന്നാല്‍ അതിന് ശേഷം എന്റെ മത്സരത്തിലേക്കാണ് ശ്രദ്ധ നല്‍കിയത്. ഒരിക്കലും ഐപിഎല്‍ ലേലത്തില്‍ അവസരം ലഭിക്കാത്തതില്‍ നിരാശയില്ല' ഉര്‍വില്‍ പറഞ്ഞു.

Story first published: Tuesday, December 3, 2024, 18:41 [IST]
Other articles published on Dec 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+