നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്‌സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍

കറാച്ചി: പാകിസ്താന്റെ മുന്‍ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് വഹാബ് റിയാസ്. അതിവേഗ ബൗളറായ വഹാബ് ഒരു കാലഘട്ടത്തില്‍ പാകിസ്താന്റെ പേസ് നിരയിലെ വജ്രായുധമായിരുന്നു. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണെതിരേ വഹാബെറിഞ്ഞ ഓവര്‍ ഇന്നും ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്.
എന്നാലിപ്പോള്‍ നാണംകെട്ട പ്രകടനവുമായി തലതാഴ്ത്തുകയാണ് വഹാബ് റിയാസ്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ എക്‌സിബിഷന്‍ മത്സരത്തില്‍ വഹാബെറിഞ്ഞ ഓവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തിയിരിക്കുകയാണ് ഇഫ്തിഖര്‍ അഹമ്മദ്.
പാകിസ്താന്‍കാരന്‍ തന്നെയായ ഇഫ്തിഖര്‍ പാക് ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിച്ചിരുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചാണ് വഹാബ് റിയാസിനെ ഞെട്ടിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

20ാം ഓവറില്‍ ആറ് സിക്‌സ്
ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സും പെഷ്‌വാര്‍ സാല്‍മിയും തമ്മിലുള്ള എക്‌സിബിഷന്‍ മത്സരത്തിന്റെ 20ാം ഓവറിലാണ് വഹാബ് തല്ലുവാങ്ങിയത്. സാല്‍മി നായകന്‍ ബാബര്‍ അസാം ടോസ് നേടി ആദ്യം ഫീല്‍ഡിങ്ങാണ് തിരഞ്ഞെടുത്തത്. സര്‍ഫറാസ് അഹമ്മദാണ് ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ നായകന്‍. 20 ഓവറില്‍ 184 റണ്‍സാണ് ഗ്ലാഡിയേറ്റേഴ്‌സ് അടിച്ചെടുത്തത്.
ഇഫ്തിഖര്‍ അഹമ്മദ് 20ാം ഓവര്‍ എറിയാനെത്തിയ വഹാബിനെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അടിച്ചുപറത്തി. ഇഫ്തിഖര്‍ 50 പന്തില്‍ 94 റണ്‍സാണ് അടിച്ചെടുത്തത്. 42 പന്തില്‍ ഫിഫ്റ്റി നേടിയ താരം പിന്നീട് എട്ട് പന്തിലാണ് 44 റണ്‍സിലേക്കെത്തിയത്.

സിക്‌സുകളുടെ പെരുമഴ
സീനിയര്‍ പേസറെന്ന യാതൊരു ബഹുമാനവും ഇല്ലാതെയായിരുന്നു ഇഫ്തിഖറിന്റെ വെടിക്കെട്ട്. ആദ്യ സിക്‌സ് സ്‌ക്വയര്‍ ലെഗ്ഗിലായിരുന്നു. രണ്ടാം പന്തില്‍ സ്‌ട്രെയ്റ്റ് സിക്‌സും മൂന്നാം പന്തില്‍ ബൗളര്‍ക്ക് തലക്ക് മുകളിലൂടെ സിക്‌സും പറത്തി.
നാലാം പന്ത് എറൗണ്ട് ദി വിക്കറ്റിലെറിഞ്ഞ വഹാബിനെ കവര്‍ ബൗണ്ടറിയിലൂടെയാണ് ഇഫ്തിഖര്‍ സിക്‌സര്‍ പറത്തിയത്. അഞ്ചാം പന്ത് തേര്‍ഡ് മാനിലൂടെയാണ് സിക്‌സര്‍ പറത്തിയത്. അവസാന പന്തും തേര്‍ഡ് മാന്‍ ബൗണ്ടറിയിലൂടെയാണ് സിക്‌സര്‍ പറത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ഇഫ്തിഖര്‍ മിന്നും ഫോമില്‍
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന താരമാണ് ഇഫ്തിഖര്‍ അഹമ്മദ്. 10 മത്സരത്തില്‍ നിന്ന് 347 റണ്‍സാണ് ഇഫ്തിഖര്‍ അടിച്ചെടുത്തത്. ഇതില്‍ 1 സെഞ്ച്വറിയും 3 ഫിഫ്റ്റിയും ഉള്‍പ്പെടും. 161,39 സ്‌ട്രൈക്കറേറ്റിലായിരുന്നു ഇഫ്തിഖറിന്റെ വെടിക്കെട്ട്.
പാകിസ്താനായി നാല് ടെസ്റ്റില്‍ നിന്ന് 61 റണ്‍സും 10 ഏകദിനത്തില്‍ നിന്ന് 124 റണ്‍സും 43 ടി20യില്‍ നിന്ന് 654 റണ്‍സുമാണ് ഇഫ്തിഖര്‍ നേടിയത്. സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ഇഫ്തിഖര്‍. എന്നാല്‍ 32 കാരനായ താരത്തിന് പാക് ടീമിനൊപ്പം സ്ഥിരം സ്ഥാനം നേടിയെടുക്കാനായില്ല.
Also Read: സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

വഹാബ് റിയാസിന്റെ കരിയര്‍
2008 മുതല്‍ പാകിസ്താന്‍ ടീമില്‍ കളിച്ചിരുന്ന താരമാണ് വഹാബ് റിയാസ്. 27 ടെസ്റ്റില്‍ നിന്ന് 83 വിക്കറ്റാണ് റിയാസ് നേടിയത്. ഇതില്‍ 2 അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 91 ഏകദിനത്തില്‍ നിന്ന് 120 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഒരു തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 36 ടി20യില്‍ നിന്ന് 34 വിക്കറ്റും വഹാബിന്റെ പേരിലുണ്ട്.
ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് വഹാബ്. ഇടം കൈയന്‍ പേസറുടെ കരിയറില്‍ ഇത്രയും നാണംകെടേണ്ടി വന്നത് ഇതാദ്യമായാണ്. എന്തായാലും വഹാബിന്റെ കരിയറിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമായി ഇത് മാറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications