
ബാംഗ്ലൂര്‍-പഞ്ചാബ് (2013)
2013ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മല്‍സരത്തില്‍ നിര്‍ണായകമായത് ഫീല്‍ഡിങിലെ ഒരു നിമിഷമാണ്. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 190 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ടും ചേതേശ്വര്‍ പുജാരയുടെ ഇന്നിങ്‌സുമാണ് ബാംഗ്ലൂരിനു കരുത്തേകിയത്.
മറുപടി ബാറ്റിങില്‍ 94 റണ്‍സെടുക്കുമ്പോഴേക്കും പഞ്ചാബിന് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 60 പന്തില്‍ 127 റണ്‍സാണ് അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. 14ാം ഓവറില്‍ അപകടകാരിയായ ഡേവിഡ് മില്ലറെ 42 റണ്‍സില്‍ നില്‍ക്കെറ പുറത്താക്കാന്‍ ബാംഗ്ലൂരിന് സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ വിനയ് കുമാറിന്റെ ബൗളിങില്‍ മില്ലറുടെ അനായാസ ക്യാച്ച് കോലി പാഴാക്കി. ജീവന്‍ കിട്ടിയ മില്ലര്‍ പിന്നീട് സെഞ്ച്വറിയുമായി പഞ്ചാബിനെ അവിസ്മരണീയ വിജയത്തിലേക്കു നയിച്ചു. രാജഗഗോപാല്‍ സതീഷിനൊപ്പം 130 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. ഇരുവരും കൂടി അവസാന അഞ്ചോവറില്‍ വാരിക്കൂട്ടിയത് 99 റണ്‍സാണ്.

ബാംഗ്ലൂര്‍ - കൊല്‍ക്കത്ത (2015)
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നതിനാല്‍ 2015ലെ ഐപിഎല്ലിനു വേദിയായത് യുഇഎയായിരുന്നു. ഈ ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മല്‍സരഫലം നിര്‍ണയിച്ചത് ഫീല്‍ഡിങായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 150 റണ്‍സിലൊതുക്കി.
മറുപടി ബാറ്റിങില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയപ്പോള്‍ ബാംഗ്ലൂര്‍ വിജയപ്രതീക്ഷയിലായിരുന്നു. അവസാന ഓവറില്‍ അവര്‍ക്കു ജയിക്കാന്‍ വെറും ഒമ്പത് റണ്‍സ് മതിയായിരുന്നു. അവസാന ഓവര്‍ ബൗള്‍ ചെയ്തത് വിനയ് കുമാറായിരുന്നു. ആദ്യ മൂന്നു പന്തില്‍ മൂന്നു റണ്‍സ് നേടിയതോടെ ജയിക്കാന്‍ ബാംഗ്ലൂരിന് അവസാന മൂന്നു പന്തില്‍ വേണ്ടത് ആറ് റണ്‍സ്.
എബി ഡിവില്ലിയേഴ്‌സാണ് നാലാമത്തെ പന്ത് നേരിട്ടത്. മിഡ് ഓണിലേക്ക് താരം പറത്തിയ ഷോട്ട് സിക്‌സാവുമെന്ന് ഏവരും കരുതിയെങ്കിലും ഓടിയെത്തിയ ശേഷം ക്രിസ് പിറകിലേക്ക് ഡൈവ് ചെയ്ത് പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു. പിന്നീടുള്ള രണ്ടു പന്തില്‍ മൂന്നു റണ്‍സെടുക്കാനേ ബാംഗ്ലൂരിനായുള്ളൂ. ഇതോടെ കൊല്‍ക്കത്ത മല്‍സരത്തില്‍ രണ്ടു റണ്‍സിനു ജയിക്കുകയും ചെയ്തു.

പഞ്ചാബ്- മുംബൈ (2017)
കഴിഞ്ഞ സീസണില്‍ നടന്ന മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള കളിയിലും ഫീല്‍ഡിങിലെ ഇതുപോലൊരു സംഭവം വഴിത്തിരിവായിരുന്നു. അന്നു ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് പഞ്ചാബ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 230 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.
മറുപടിയില്‍ മുംബൈയുടെയും തുടക്കം മികച്ചതായിരുന്നു. പാര്‍ഥിവ് പട്ടേലും ലെന്‍ഡ്ല്‍ സിമ്മണ്‍സും ആഞ്ഞടിച്ചതോടെ 8.4 ഓവറില്‍ മുബൈ 99 റണ്‍സിലെത്തി. എന്നാല്‍ പത്താം ഓവറിലെ മൂന്നാം പന്തിലാണ് ഫീല്‍ഡിങില്‍ ഒരു അദ്ഭുത പ്രകടനം കണ്ടത്. മാക്‌സ്‌വെല്ലിന്റെ ഫുള്‍ ടോസില്‍ സിമ്മണ്‍സ് ലോങ് ഓണിലേക്ക് പറത്തിയ ഷോട്ട് സിക്‌സറാവുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ചാടിയുയര്‍ന്ന് ഒരു കൈ കൊണ്ട് പന്ത് കൈയ്ക്കുള്ളിലാക്കിയത്. ഈ ക്യാച്ച് മല്‍സരത്തില്‍ വഴിത്തിരിവാകുകയും ചെയ്തു. മുംബൈ പൊരുതിനോക്കിയെങ്കിലും പഞ്ചാബ് ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു.

ഡല്‍ഹി- കൊല്‍ക്കത്ത (2017)
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ മറ്റൊരു മല്‍സരത്തില്‍ കൂടി ഫീല്‍ഡിങിലെ പ്രകടനം വിജയത്തെ സ്വാധീനിച്ചിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലായിരുന്നു മല്‍സരം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹഹി നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 160 റണ്‍സെടുത്തു.
മറുപടിയില്‍ കൊല്‍ക്കത്തയുടെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയുടെ ക്യാച്ച് ഡല്‍ഹി നഷ്ടപ്പെടുത്തിയത് കളിയില്‍ വഴിത്തിരിവാവുകയായിരുന്നു. കാഗിസോ റബാദയുടെ ബൗളിങില്‍ ഉത്തപ്പയുടെ ഷോട്ട് ഷോട്ട് ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ക്യാച്ചെടുക്കാന്‍ അമിത് മിശ്രയും മലയാളി താരം സഞ്ജു സാംസണുമുണ്ടായിരുന്നു. എന്നാല്‍ ആര് ക്യാച്ചെടുക്കുമെന്ന കാര്യത്തില്‍ ഇരുവരും ശങ്കിച്ചു നിന്നപ്പോള്‍ പന്ത് ഇരുവരുടെയും നടുവില്‍ വന്ന് വീഴുകയായിരുന്നു. അപ്പോള്‍ ഉത്തപ്പ ഒമ്പത് റണ്‍സ് മാത്രമേ എടുത്തിരുന്നുള്ളൂ.
എന്നാല്‍ ഡല്‍ഹി ക്യാച്ച് നഷ്ടപ്പെടുത്തയിതോടെ ജീവന്‍ തിരിച്ചുകിട്ടിയ ഉത്തപ്പ 59 റണ്‍സെടുത്ത് മല്‍സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കുകയായിരുന്നു. ഏഴു വിക്കറ്റിന്റെ മികച്ച ജയമാണ് കൊല്‍ക്കത്ത നേടിയത്.


Click it and Unblock the Notifications











