2022ല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്ന വമ്പന്‍ വെല്ലുവിളികള്‍- രോഹിത്തിന് രണ്ടെണ്ണം, കോലിക്ക് മൂന്നും!
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു കഴിഞ്ഞുപോയത്. പല അവിസ്മരണീയ വിജയങ്ങളും സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിച്ചു. ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ ടെസ്റ്റ് വിജയവും സെഞ്ചൂറിയനില്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് വിജയവുമെല്ലാം ഇക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പ് ഷോ കണ്ടത്. കിരീട ഫേവറിറ്റുകളായിരുന്ന ഇന്ത്യ പക്ഷെ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുകയായിരുന്നു.
ഈ വര്‍ഷവും ചില അഗ്നിപരീക്ഷകള്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയും ടെസ്റ്റില്‍ വിരാട് കോലിയും ഇന്ത്യയെ നയിക്കുന്നുവെന്ന പ്രത്യേകതയും 2022നുണ്ട്. 2017 മുതല്‍ 21 വരെ കോലിയായിരുന്നു മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ നായകന്‍. പക്ഷെ ഈ വര്‍ഷം മുതല്‍ എല്ലാം മാറുകയാണ്. 2022ല്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളികളറിയാം.

ടി20 ലോകകപ്പ്
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യന്‍ ടീം ഐസിസിയുടെ ടി20 ലോകകപ്പില്‍ കളിക്കാന്‍ പോവുകയാണ്. ഇത്തവണ പക്ഷെ രോഹിത് ശര്‍മയ്ക്കു കീഴിലായിരിക്കും ഇന്ത്യ രണ്ടാം കിരീടം തേടിയിറങ്ങുക. കഴിഞ്ഞ ടൂര്‍ണമെന്റിലെ നിരാശ മായ്ക്കുന്നതിനൊപ്പം 2013നു ശേഷം ഐസിസി ട്രോഫിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുക കൂടിയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയിലായിരിക്കും ടി20 ലോകകപ്പ് നടക്കുന്നത്. നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഓസീസിന്റെ തട്ടകത്തില്‍ വച്ച് ലോകകപ്പുയര്‍ത്തുക ഹിറ്റ്മാനും സംഘത്തിലും വെല്ലുവിളി തന്നെയായിരിക്കും. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള രോഹിത്തിനു കീഴില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര
സൗത്താഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പരയെന്ന സ്വപ്‌നം ഇത്തനണ പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. വിരാട് കോലിക്കു കീഴില്‍ സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം കൊയ്ത ഇന്ത്യ ശേഷിച്ച രണ്ടു ടെസ്റ്റുകളിലും മികച്ച ഫോം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. നിലവില്‍ 1-0ന് ലീഡ് ചെയ്യുന്ന ഇന്ത്യക്കു അടുത്ത രണ്ടു ടെസ്റ്റുകളിലൊന്നില്‍ ജയിക്കുകയോ, രണ്ടും സമനിലയാക്കുകയോ ചെയ്താലും പരമ്പര നേടി ചരിത്രം തിരുത്താം.
നേരത്തേ ഏഴു ടെസ്റ്റ് പരമ്പരകളാണ് സൗത്താഫ്രിക്കയില്‍ ഇന്ത്യ കളിച്ചിട്ടുള്ളത്. ഇവയില്‍ ആറിലും ഇന്ത്യ തോറ്റിരുന്നു ഒന്ന് സമനിലയിലും കലാശിക്കുകയായിരുന്നു. 2018-19ലെ കഴിഞ്ഞ പര്യടനത്തില്‍ മൂന്നുടെസ്റ്റുകളുടെ പരമ്പര 1-2നു തോറ്റിരുന്നു.

ഏഷ്യാ കപ്പ്
ടി20 ലോകകപ്പ് കൂടാതെ നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന മറ്റൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. ഏഷ്യാ കപ്പില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായിട്ടുള്ള ടീമാണ് ഇന്ത്യ. കഴിഞ്ഞ രണ്ടു തവണത്തേതുള്‍പ്പെടെ ഇതുവരെ ഏഴു ട്രോഫികള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 2018ല്‍ അവസാനത്തെ ഏഷ്യാ കപ്പ് വിജയം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. കോലിക്കു വിശ്രമം നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്ന് അദ്ദേഹം ടീമിനെ നയിച്ചത്.
ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന ടൂര്‍ണമെന്റെന്ന നിലയില്‍ ഏഷ്യാ കപ്പിന് ആരാധകരേറെയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്താനോടേറ്റ പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിക്കു കണക്കുതീര്‍ക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരം കൂടിയായിരിക്കും ഏഷ്യാ കപ്പ്.

ഇംഗ്ലണ്ടിനെതിരേ പരമ്പര
ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര നേട്ടവും ഇന്ത്യ സ്വപ്‌നം കാണുന്നുണ്ട്. 2007ലാണ് ഇന്ത്യ അവസാനമായി അവിടെ ടെസ്റ്റില്‍ വിജയികളായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പര. പക്ഷെ കൊവിഡ് ഭീതിയെ തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് മാറ്റി വയ്ക്കുകയായിരുന്നു. ഈ ടെസ്റ്റാണ് ഈ വര്‍ഷം നടക്കാരിക്കുന്നത്. നിലവില്‍ പരമ്പരയില്‍ 2-1ന് ലീഡ് ചെയ്യുന്ന ഇന്ത്യക്കു അഞ്ചാം ടെസ്റ്റില്‍ സമനില വഴങ്ങിയാലും കിരീടവുമായി നാട്ടിലേക്കു മടങ്ങാം. ബര്‍മിങ്ഹാമിലാണ് അഞ്ചാം ടെസ്റ്റ്.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി
ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയും ഈ വര്‍ഷം അവസാനത്തോടെയുണ്ടാലും. 2020-21ലെ ഓസീസ് പര്യടനത്തില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന്റെ വിജയവുമായി ഇന്ത്യ ജേതാക്കളായിരുന്നു. ഇതാവര്‍ത്തിച്ച് സ്വന്തം നാട്ടില്‍ ട്രോഫി നിലനിര്‍ത്തുകയാവും വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. എന്നാല്‍ സ്വന്തം നാട്ടിലേറ്റ പരാജയത്തിന് ഇന്ത്യയോടു കണക്കുതീര്‍ക്കാനായിരിക്കും ടിം പെയ്ന്‍ നയിക്കുന്ന ഓസീസിന്റെ ശ്രമം. രണ്ടു തവണ ഓസ്‌ട്രേലിയയിലുള്‍പ്പെടെ കഴിഞ്ഞ മൂന്ന് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫികളും ഇന്ത്യക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications