
മുഹമ്മദ് റിസ്വാന്‍
പാകിസ്താന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ് ഈ വര്‍ഷത്തെ മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരത്തിനായി രംഗത്തുള്ള ആദ്യത്തെയാള്‍. റിസ്വാനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണിത്. 29 മല്‍സരങ്ങളില്‍ നിന്നും 73.66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1326 റണ്‍സാണ് അദ്ദഹം അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയടക്കമായിരുന്നു ഇത്. കൂടാതെ വിക്കറ്റിനു പിന്നില്‍ 24 പുറത്താക്കലുകളും റിസ്വാന്‍ നടത്തി.
ഈ വര്‍ഷമാദ്യം ലാഹോറില്‍ നടന്ന മല്‍സരത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിേയായിരുന്നു താരം കന്നി ടി20 സെഞ്ച്വറി കണ്ടെത്തിയത്. ടി20 ലോകകപ്പിലെ ആദ്യ കളിയില്‍ ഇന്ത്യക്കെതിരേ റിസ്വാന്‍ ഫിഫ്റ്റിയുമായി മിന്നിച്ചിരുന്നു. 55 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം പുറത്താവാതെ 79 റണ്‍സാണ് താരം അടിച്ചെടുത്തത്. പാകിസ്താന്‍ പത്തു വിക്കറ്റിന്റെ അനായാസ വിജയവും മല്‍സരത്തില്‍ സ്വന്തമാക്കിയിരുന്നു.

വനിന്ദു ഹസരംഗ
ശ്രീലങ്കയുടെ പുതിയ താരോദയമായി മാറിയ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് പുരസ്‌കാരപട്ടികയിലെ രണ്ടാമത്തെയാള്‍. ലോക ക്രിക്കറ്റില്‍ ഹസരംഗ തന്റെ വരവറിയിച്ച വര്‍ഷം കൂടിയായിരുന്നു ഇത്. 20 മല്‍സരങ്ങളില്‍ നിന്നും 11.63 ശരാശരിയില്‍ 36 വിക്കറ്റുകളെടുത്ത ഹസരംഗ ഒരു ഫിഫ്റ്റിയടക്കം ബാറ്റിങില്‍ 196 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.
യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു താരത്തിന്റേത്. ഒരു ഹാട്രിക്കുള്‍പ്പെടെ 16 വിക്കറ്റുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെുത്ത ബൗളറായി ഹസരംഗ മാറിയിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേയയാിരുന്നു അദ്ദേഹം ഹാട്രിക്ക് കുറിച്ചത്. അയര്‍ലാന്‍ഡിനെതിരായ കളിയില്‍ 71 റണ്‍സെടുത്ത് ബാറ്റിങിലും താരം ടീമിന്റെ ഹീറോയായി മാറി. 24കാരനായ ഹസരംഗ ലങ്കയുടെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മിച്ചെല്‍ മാര്‍ഷ്
ഓസ്‌ട്രേലിയയുടെ യുവ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷാണ് മികച്ച ടി20 താരമാവാന്‍ രംഗത്തുള്ള മൂന്നാമത്തേയാള്‍. ഈ വര്‍ഷം 27 ടി20കളില്‍ നിന്നും 36.88 ശരാശരിയില്‍ 627 റണ്‍സ് മാര്‍ഷ് നേടിയിരുന്നു. കൂടാതെ 18.37 ശരാശരിയില്‍ എട്ടു വിക്കറ്റുകളുമെടുത്തു.
ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കന്നിക്കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് മാര്‍ഷ്. അദ്ദേഹത്തെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യിക്കാനുള്ള ഓസീസിന്റെ നീക്കം വിജയമായി മാറുകയായിരുന്നു. ലോകകപ്പില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 61.66 ശരാശരിയില്‍ 146.82 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 185 റണ്‍സ് മാര്‍ഷ് നേടിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.

ജോസ് ബട്‌ലര്‍
ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറാണ് ലിസ്റ്റിലെ നാലാമത്തെയും അവസാനത്തെയും താരം. ഈ വര്‍ഷം 14 ടി20കളില്‍ നിന്നും 65.44 ശരാശരിയില്‍ ഒരു സെഞ്ച്വറിയടക്കം 589 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം. 13 പേരെ വിക്കറ്റിനു പിന്നില്‍ പുറത്താക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഇന്ത്യയില്‍ നടന്ന ടി20 പരമ്പരയിലെ തകര്‍പ്പന്‍ ഇന്നിങ്‌സുകളോടെയാണ് ബട്‌ലര്‍ ഈ വര്‍ഷം തുടങ്ങിയത്. ശ്രീലങ്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരേയും അദ്ദേഹം ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിച്ചു. ടി20 ലോകകപ്പിലും ബട്‌ലര്‍ നിരാശപ്പെടുത്തിയില്ല. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. 269 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ടീമിനെ സെമിയിലെത്തിക്കുന്നതില്‍ താരം നിര്‍ണാായക പങ്കുവഹിക്കുകയും ചെയ്തു.


Click it and Unblock the Notifications











