
ടി20 ലോകകപ്പിനു ശേഷമുള്ള ഐസിസിയുടെ പുതിയ റാങ്കിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാറ്റര്‍മാരിലേക്കു വന്നാല്‍ ടോപ്പ് ത്രീയില്‍ ഒരു മാറ്റവും സംഭവിച്ചില്ല. കഴിഞ്ഞ റാങ്കിങ് പോലെ തന്നെ ഇത്തവണയും ആദ്യത്തെ അഞ്ചില്‍ ഇന്ത്യയുടെ ആര്‍ക്കും തന്നെ ഇടംപിടിക്കാനായിട്ടില്ല. പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ പ്ലെയറുമായ ബാബര്‍ ആസം തന്നെയാണ് ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍. 839 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനുള്ളത്. ഇംഗ്ലണ്ട് മധ്യനിര ബാറ്റര്‍ ഡേഡിവ് മലാന്‍ 805 റേറ്റിങോടെ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാമിനാണ് മൂന്നാംസ്ഥാനം. 796 റേറ്റിങാണ് അദ്ദേഹത്തിനുള്ളത്.
റാങ്കിങില്‍ വലിയ മുന്നേറ്റം നടത്തിയിരിക്കുന്ന താരം ന്യൂസിലാന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ ഡെവന്‍ കോണ്‍വേയാണ്. മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അദ്ദേഹം നാലാം റാങ്കിലെത്തി. 747 റേറ്റിങ് പോയിന്റുണ്ട്. പാകിസ്താന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചമെത്തി. ലോകകപ്പില്‍ പാക് ടീമിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ അദ്ദേഹം ഈ കലണ്ടര്‍ വര്‍ഷം ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ഏക താരവുമാണ്. ടി20യുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരാള്‍ ഈ നേട്ടം കൈവരിച്ചത്.

റിസ്വാന്റെ മുന്നേറ്റത്തോടെ ഒരു സ്ഥാനം നഷ്ടമായത് ഇന്ത്യന്‍ ഓപ്പണറും ടി20യിലെ പുതിയ വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിനാണ്. നേരത്തേ അഞ്ചാംസ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം ആറാം റാങ്കിലേക്കു വീണു. ലോകകപ്പില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിനും റാങ്കിങില്‍ തിരിച്ചടി നേരിട്ടു. മൂന്നു സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി അദ്ദേഹം ഏഴാമതായി. ഇന്ത്യയുടെ മുന്‍ ടി20 നായകന്‍ വിലാട് കോലി എട്ടാംസ്ഥാനത്തു തന്നെ തുടരുകയാണ്. ഇംഗ്ലണ്ട് വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലര്‍, സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവര്‍ ഒമ്പത്, പത്ത് സ്ഥാനങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു.
ബൗളിങില്‍ ഹസരംഗ തന്നെ ബെസ്റ്റ്
ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ ശ്രീലങ്കയുടെ സ്പിന്‍ സെന്‍സേഷനായിട്ടുള്ള വനിന്ദു ഹസരംഗ തന്നെ ഒന്നാംസ്ഥാനത്തു തുടരുകയാണ്. കന്നി ലോകകപ്പ് കളിച്ച ഹസരംഗ ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു. ഒരു ഹാട്രിക്കുള്‍പ്പെടെ 16 വിക്കറ്റുകളായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. മുന്‍ ഒന്നാം നമ്പറും സൗത്താഫ്രിക്കന്‍ സപിന്നറുമായ തബ്രെയ്‌സ് ഷാംസിയാണ് റാങ്കിങില്‍ രണ്ടാംസ്ഥാനത്ത്. ഹസരംഗയുടെ റേറ്റിങ് പോയിന്റ് 797ഉം ഷാംസിയുടേത് 784ഉം ആണ്. ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്തിയ ഓസ്ട്രലിയയുടെ യുവ സ്പിന്നര്‍ ആദം സാംപ റാങ്കിങില്‍ നേട്ടമുണ്ടാക്കി. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അദ്ദേഹം മൂന്നാമതെത്തി. 725 റേറ്റിങ് പോയിന്റ് സാംപയ്ക്കുണ്ട്.

ബൗളറുടെ റാങ്കിങില്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ ഒരാള്‍ക്കു പോലും ഇടമില്ലെന്നത് ആരാധകരെ നിരാശരാക്കും. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്, അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ബൗളര്‍മാരില്‍ ആദ്യത്തെ അഞ്ചു പേരും സ്പിന്നര്‍മാരാണെന്നത് ശ്രദ്ധേയമാണ്.
ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്, അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍, സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ക്കിയ, ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി, ഇംഗ്ലണ്ട് പേസര്‍ ക്രിസ് ജോര്‍ഡന്‍ എന്നിവരാണ് ആറു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. റാങ്കിങില്‍ ആദ്യ പത്തില്‍ മുന്നേറ്റം നടത്തിയത് സാംപയും ടീമംഗമായിട്ടുള്ള ഹേസല്‍വുഡുമാണ്. ലോകകപ്പിലെ മികച്ച പ്രകടനം തന്നെയായിരുന്നു ഇതിനു കാരണം. സാംപയെപ്പോലെ തന്നെ ഹേസല്‍വുഡും രണ്ടു സ്ഥാനങ്ങളാണ് റാങ്കിങില്‍ മെച്ചപ്പെടുത്തിയത്. മറ്റാരും തന്നെ ഒന്നില്‍ക്കൂടുതല്‍ സ്ഥാനം മുന്നോട്ടു വന്നിട്ടില്ല.