
ടീമാണ് വലുത്
വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമെന്ന നിലയിലുള്ള നേട്ടങ്ങളും വിജയങ്ങളുമാണ് പ്രധാനമെന്നു രോഹിത് വ്യക്തമാക്കി. നേരത്തേ ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചായ രാഹുല്‍ ദ്രാവിഡും ഇതേ കാര്യം തന്നെ പറഞ്ഞിരുന്നു. നിങ്ങള്‍ ഒരു കായിക ഇനത്തില്‍ കളിക്കുമ്പോള്‍ ഏറ്റവും വലിയ നേട്ടം തന്നെ കൈവരിക്കേണ്ടതുണ്ട്. ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ഐസിസി ടൂര്‍ണമെന്റുകള്‍ തന്നെയാണ് ഏറ്റവും വലുത്. അതുകൊണ്ടു തന്നെ എത്ര സെഞ്ച്വറികളോ, റണ്‍സോ ഞാനോ, ടീമംഗങ്ങളോ നേടുന്നുവെന്നതില്‍ കാര്യമില്ല. ഐസിസി ടൂര്‍ണമെന്റില്‍ വിജയിക്കുകയെന്നതു മാത്രമാണ് ഏറ്റവും വലിയ കാര്യമെന്നും രോഹിത് വ്യക്തമാക്കി.
2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ രോഹിത് ടീമിലുണ്ടായിരുന്നു. 2013ലെ ചാംപ്യന്‍സ് ട്രോഫി വിജയത്തിലും പങ്കാളിയാവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പക്ഷെ ടീമിന്റെ വൈസ് ക്യാപ്റ്റനായിരിക്കെ 2017ലെ ചാംപ്യന്‍സ് ട്രോഫി, 2019ലെ ഏകദിന ലോകകപ്പ്, 2021ലെ ടി20 ലോകകപ്പ് എന്നിവയില്‍ രോഹിത്തിനു തിരിച്ചടിയും നേരിട്ടു.

ശരിയായ താരങ്ങളെ കളിപ്പിക്കുക
ശരിയായ താരങ്ങളെ ഇന്ത്യന്‍ ടീമിനു വേണ്ടി കളിപ്പിക്കുകയെന്നതും അവര്‍ക്കു ആത്മവിശ്വാസം നല്‍കുകയെന്നതുമാണ് താന്‍ മുന്‍തൂക്കം നല്‍കുന്ന രണ്ടാമത്തെ കാര്യമെന്നു രോഹിത് പറഞ്ഞു. ശരിയായ താരങ്ങളെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനു ഒരുപാട് അധ്വാനം ആവശ്യമാണ്. കണ്ടെത്തിക്കഴിഞ്ഞാല്‍ അവര്‍ക്കു തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ പരമാവധി അവസരം നല്‍കുകയും വേണമെന്നും ഹിറ്റ്മാന്‍ ചൂണ്ടിക്കാട്ടി. മുന്‍ കോച്ച് വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവര്‍ക്കു കീഴില്‍ പല താരങ്ങള്‍ക്കും മതിയായ അവസരം നല്‍കാതെ തഴഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ വിമര്‍ശനവും നേരിട്ടിരുന്നു. പക്ഷെ ഇതു ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് രോഹിത്തിന്റെ ശ്രമം.
ക്യാപ്റ്റനെന്ന നിലയില്‍ എന്റെ ഫിലോസഫി ശരിയായ താരങ്ങളെ കളിപ്പിക്കുകയെന്നതാണ്. അവരെ പിറകില്‍ നിന്നു പിന്തുണയ്ക്കുകയും വേണം. കളിക്കളത്തിനു മമുമ്പ് പ്ലാനിങ്, ഇവര്‍ക്കു ആത്മവിശ്വാസം നല്‍കല്‍ ഉള്‍പ്പെടെ ഒരുപാട് ജോലികള്‍ ഇതിന്റെ ഭാഗമായി ചെയ്യേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.

എന്തിനും തയ്യാറായിരിക്കണം
നോക്കൗട്ട് പോലെയൊരു നിര്‍ണായക മല്‍സരത്തില്‍ ഏതു തരത്തിലുള്ള മോശം സാഹചര്യത്തെയും അതിജീവിക്കാന്‍ ടീമിനെ തയ്യാറാക്കി നിര്‍ത്തുകയെന്നതാണ് മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യമെന്നു രോഹിത് വ്യക്തമാക്കി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കവെ അത്തരത്തിലുള്ള ഒരുപാട് സന്ദര്‍ഭങ്ങളിലൂടെ രോഹിത് കടന്നുപോയിട്ടുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളെ മറികടക്കാന്‍ ടീമിനെ സജ്ജരാക്കി നിര്‍ത്തുകയെന്നത് പ്രധാനമാണെന്നു അദ്ദേഹം പറഞ്ഞു.
ഏതു മോശം അവസ്ഥെയും അഭിമുഖീകരിക്കാന്‍ നമ്മുടെ താരങ്ങളെ തയ്യാറാക്കി നിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ സെമി ഫൈനലിലോ, ഫൈനലിലോ, ഐസിസി ടൂര്‍ണമെന്റുകളിലെ ഗ്രൂപ്പ് ഘട്ടത്തിലോ മൂന്നു വിക്കറ്റിന് 10 റണ്‍സെന്ന നിലയില്‍ ചിലപ്പോള്‍ ടീം തകര്‍ച്ച നേരിട്ടേക്കാം. ഇത്തരം ഘട്ടങ്ങളില്‍ എന്തു ചെയ്യും? അടുത്ത ഒരു വര്‍ഷത്തിനിടെ ഇതിനു വേണ്ടിയായിരിക്കും ഞങ്ങള്‍ തയ്യാറെടുക്കുന്നത്. മധ്യനിര ഇത്തരം സാഹചര്യങ്ങളോടു എങ്ങനെ പ്രതികരിക്കുമെന്നും അറിയേണ്ടതുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന് പ്രാധാന്യം കുറവ്
ടീമിനെ സംബന്ധിച്ച് ഒരു ക്യാപ്റ്റനായിരിക്കില്ല ഏറ്റവും പ്രധാനപ്പെട്ടയാളെന്നും ഈ സമീപനമായിരിക്കും താന്‍ സ്വീകരിക്കുകയെന്നും രോഹിത് വെളിപ്പെടുത്തി. ടീമംഗങ്ങളുടെ പിറകിലായിരിക്കണം നായകന്‍ നില്‍ക്കേണ്ടത്. അവര്‍ക്കു മുന്നോട്ടുപോവാനുള്ള പ്രചോദനവും ആത്മവിശ്വാസവും നല്‍കുകയാണ് ക്യാപ്റ്റന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഇന്ത്യന്‍സില്‍ ഞാന്‍ ചെയ്തിരുന്നത് ഇതായിരുന്നു. വളരെ മികച്ച താരങ്ങളെയായിരുന്നു എനിക്കു അവിടെ ലഭിച്ചത്. സത്യസന്ധമായി പറയുകയാണെങ്കില്‍ മുംബൈ ടീമില്‍ എനിക്കു വളരെ ചെറിയ റോള്‍ മാത്രമേയുള്ളൂ. എനിക്കു ലഭിച്ച ടീം ഗംഭീരമായിരുന്നു. ഇതിന് ഞാന്‍ ആദ്യമായി ക്രെഡിറ്റ് നല്‍കേണ്ടത് ടീം മാനേജ്‌മെന്റിനാണ്. അത്രയും മികച്ച കളിക്കാരെ കണ്ടെത്തുകയും അവര്‍ക്കു പെര്‍ഫോം ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കി നല്‍കിയതും ടീം മാനേജ്‌മെന്റാണെന്നും രോഹിത് വെളിപ്പെടുത്തി.


Click it and Unblock the Notifications