അക്ഷറിനെ കാണാനെത്തി, നറുക്കുവീണത് എനിക്ക്! മുംബൈ ഇന്ത്യന്‍സിലെത്തിയ കഥ പറഞ്ഞ് ബുംറ
നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയെ ഇന്ത്യക്കു സമ്മാനിച്ചതില്‍ ഏറ്റവുമധികം ക്രെഡിറ്റ് അര്‍ഹിക്കുന്നത് രണ്ടു പേരാണ്. ഒന്ന് ഇന്ത്യയുടെ മുന്‍ കോച്ചും ന്യൂസിലാന്‍ഡുകാരനായ ജോണ്‍ റൈറ്റാണെങ്കില്‍ മറ്റൊന്ന് ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ്.
മുംബൈയുടെ കടുംനീല ജഴ്‌സിയിലെ മാസ്മരിക പ്രകടനമാണ് പിന്നീട് ബുംറയെ ഇന്ത്യയുടെ നീല ജഴ്‌സിയിലുമെത്തിച്ചത്.
2013ല്‍ എങ്ങനെയായിരുന്നു ഐപിഎല്‍ വമ്പന്‍മാരായ മുംബൈ ടീമിലേക്കു തനിക്കു ക്ഷണം ലഭിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബുംറ. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തികുമായി സ്‌കൈ സ്‌പോര്‍ട്‌സ് ചാനലില്‍ സംസാരിക്കവെയാണ് അദ്ദേഹം മനസ്സ് തുറന്നത്.

മുംബൈ- ഗുജറാത്ത് മല്‍സരം
ടി20 ചാംപ്യന്‍ഷിപ്പില്‍ ഞാന്‍ ഗുജറാത്ത് ടീമിലേക്കു ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സമയമായിരുന്നു അത്. മുംബൈയ്‌ക്കെതിരേയായിരുന്നു മല്‍സരം. എന്റെ രണ്ടാമത്തെ മല്‍സരം മാത്രമായിരുന്നു ഇത്. അക്ഷര്‍ പട്ടേലിന്‍െ പ്രകടനം നിരീക്ഷിക്കാനായി മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ടാലന്റ് സ്‌കൗട്ടായ ജോണ്‍ റൈറ്റ് ഈ മല്‍സരം കാണാനെത്തിയിരുന്നു. എന്നെ അവര്‍ തിരഞ്ഞെടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നി. ഞാന്‍ കളിയില്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു നേടിയത്, പക്ഷെ വളരെ നന്നായി ബൗള്‍ ചെയ്തിരുന്നു. ഒരുപാട് റണ്ണും വഴങ്ങിയിരുന്നില്ലെന്നു ബുംറ വ്യക്തമാക്കി.

പാര്‍ഥീവിനോടു അന്വേഷിച്ചു
മുംബൈയും ഗുജറാത്തും തമ്മിലുള്ള മല്‍സരത്തിനു ശേഷം ഒരു കളി കൂടി കാണാന്‍ റൈറ്റ് വന്നു. പാര്‍ഥീവ് പട്ടേലിനോടു എന്നെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുകയും ചെയ്തു. പാര്‍ഥീവ് ഇക്കാര്യം എന്നോടു പറഞ്ഞപ്പോള്‍ അതൊരു തമാശയായാണ് തോന്നിയത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മുംബൈ ഇന്ത്യന്‍സില്‍ നിന്നും എനിക്കൊരു കോള്‍ വന്നു. നിങ്ങള്‍ക്കു ടീമിനായി കളിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും എനിക്കു താല്‍പ്പര്യമുണ്ടെന്നു അവരെ അറിയിക്കുകയായിരുന്നുവെന്നും ബുംറ വെളിപ്പെടുത്തി.

മലിങ്കയുമായുള്ള സൗഹൃദം
മുംബൈ ടീമില്‍ ശ്രീലങ്കയുടെ പേസ് ഇതതിഹാസം ലസിത് മലിങ്കയുമായി വളരെ അടുത്ത സൗഹൃദമാണ് ബുംറയ്ക്കുള്ളത്. കരിയറിന്റെ തുടക്കത്തില്‍ മുംബൈയിലെത്തിയതു മുതല്‍ അദ്ദേഹത്തിന്റെ വഴികാട്ടിയും കൂടിയാണ് മലിങ്ക. 13ലെ ആദ്യ സീസണ്‍ മുതല്‍ 19ല്‍ മലിങ്കയുടെ അവസാന സീസണ്‍ വരെ ഇരുവരും മുംബൈ ടീമിനായി ഒരുമിച്ച് കളിക്കുകയും ചെയ്തു.
വളരെ രസകരമായ സൗഹൃദമാണ് മലിങ്കയുമായി എനിക്കുള്ളത്. ഒരുപാട് സംസാരിക്കുന്ന വ്യക്തിയല്ല അദ്ദേഹം. എന്നാല്‍ എന്റെയടുത്തേക്കു വന്ന മലിങ്ക അവസാന കളിയില്‍ നിങ്ങളുടെ ബൗളിങ് കണ്ടിരുന്നതായും വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നതായും പറഞ്ഞു. പിന്നീട് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമായി തീര്‍ന്നു. നിനക്ക് ഫാസ്റ്റ് ബൗളറെന്ന നിലയില്‍ ഒരുപാട് നേടിയെടുക്കാനാവുമെന്ന് മലിങ്ക പറഞ്ഞിരുന്നതായും ബുംറ വ്യക്തമാക്കി.

ഇപ്പോഴും സംസാരിക്കാറുണ്ട്
മുംബൈയിലെത്തിയ ആദ്യ സീസണില്‍ തുടങ്ങിയ സൗഹൃദം മലിങ്കയുമായി ഇപ്പോഴും നിലനിര്‍ത്തിപ്പോരുന്നു. ഇപ്പോഴും അദ്ദേഹം എന്നോടു സംസാരിക്കാറുണ്ട്. തുടകക്കാലത്ത് ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കണമെന്ന അതിയായ ആഗ്രഹം എനിക്കുണ്ടായിരുന്നു. ഒരുപാട് കാര്യങ്ങള്‍ മലിങ്ക എനിക്കു പഠിപ്പിച്ചു തന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനു മുമ്പ് പ്രയാസകരമായ സമയമുണ്ടാവുമെന്നും അവയെല്ലാം നിനക്കു കാണേണ്ടി വരുമെന്നും മലിങ്ക പറഞ്ഞിരുന്നതായി ബുംറ ഓര്‍മിച്ചെടുത്തു.
മുംബൈയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനം വൈകാതെ ബുംറയ്ക്കു ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്തു. 27 കാരനായ പേസര്‍ മുംബൈയ്ക്കു വേണ്ടി 7.4 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 115 വിക്കറ്റുകള്‍ ഇതിനകം നേടിയിട്ടുണ്ട്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന ബുംറ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകം കൂടിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications