അഡ്‌ലെയ്ഡ്: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യക്കു ഏറ്റവും വെല്ലുവിളിയുയര്‍ത്താനിടയുള്ള താരമായി ചൂണ്ടിക്കാണിക്കപ്പെട്ടത് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തായിരുന്നു. ടെസ്റ്റില്‍ ഇന്ത്യക്കെതിരേയുള്ള അദ്ദേഹത്തിന്റെ ഗംഭീര റെക്കോര്‍ഡ് തന്നെയയായിരുന്നു ഇതിനു കാരണം. എന്നാല്‍ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ വെറും ഒരു റണ്‍സെടുക്കാനേ സ്മിത്തിനായുള്ളൂ. ഇതിനു വേണ്ടി അദ്ദേഹം നേരിട്ടത് 29 ബോളുകളാണ്. ടെസ്റ്റില്‍ ഇന്ത്യക്കെതിരേ സ്മിത്തിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണിത്. ഇന്ത്യക്കെതിരേ ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡാണ് സ്മിത്തിനുള്ളത്. 20 ഇന്നിങ്‌സുകളില്‍ നിന്നും 1429 റണ്‍സ് അദ്ദേഹം ഇന്ത്യക്കെതിരേ വാരിക്കൂട്ടിയിട്ടുണ്ട്.


വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഓസീസിന്റെ തുറുപ്പുചീട്ടായ സ്മിത്തിനെ മടക്കിയത്. ഇതോടെ ഒരു വമ്പന്‍ റെക്കോര്‍ഡിന് കൂടി അദ്ദേഹം അവകാശിയായിരിക്കുകയാണ്. സ്മിത്തിനെ അവരുടെ നാട്ടില്‍ വച്ച് ടെസ്റ്റില്‍ ഒറ്റയക്ക സ്‌കോറിന് പുറത്താക്കിയ ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് അശ്വിനെ തേടിയെത്തിയത്. ഈ ടെസ്റ്റിലെ ആദ്യ ഓവറില്‍ തന്നെയാണ് സ്മിത്തിന്റെ വിലപ്പെട്ട വിക്കറ്റ് അദ്ദേഹം ഇന്ത്യക്കു സമ്മാനിച്ചത്.
സ്മിത്ത് നേരത്തേ ഇന്ത്യക്കെതിരേ രണ്ടു തവണ ഒറ്റയക്ക സ്‌കോറിനു ഔട്ടായിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും ഇന്ത്യയില്‍ വച്ചായിരുന്നു. 2013ല്‍ മൊഹാലിയില്‍ നടന്ന ടെസ്റ്റില്‍ ഭുവനേശ്വര്‍ കുമാര്‍ സ്മിത്തിനെ അഞ്ചു റണ്‍സെടുത്തു നില്‍ക്കവെ ബൗള്‍ഡാക്കിയിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ബെംഗളൂരു വേദിയായ ടെസ്റ്റില്‍ എട്ടു റണ്‍സെടുത്ത സ്മിത്തിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയിരുന്നു.

ഓപ്പണര്‍ ജോ ബേണ്‍സിന്റെ പുറത്താവലിനു ശേഷം 17ാം ഓവറിലായിരുന്നു സ്മിത്ത് ഓസ്‌ട്രേലിയക്കു വേണ്ടി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. എന്നാല്‍ തുടക്കം മുതല്‍ തന്റെ സ്വതസിദ്ധമായ താളം വീണ്ടെടുക്കാനാവാതെ അദ്ദേഹം വലയുന്നതാണ് കണ്ടത്. ആദ്യ റണ്‍സ് കുറിക്കാന്‍ 27 ബോളുകളും അദ്ദേഹത്തിന് കളിക്കേണ്ടി വന്നു.
27ാം ഓവറിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി സ്മിത്തിനെ പന്തേല്‍പ്പിക്കുന്നത്. ആദ്യത്തെ മൂന്നു ബോളുകള്‍ നേരിട്ടത് ലബ്യുഷെയ്‌നായിരുന്നു. ആദ്യ പന്തില്‍ ഡബിളും മൂന്നാമത്തെ പന്തില്‍ സിംഗിളും താരം നേടി. തുടര്‍ന്ന് സ്‌ട്രൈക്ക് നേരിട്ടത് സ്മിത്തായിരുന്നു. നാലാമത്തെ ബോള്‍ അശ്വിനു നേരെ താം പായിച്ചു, റണ്ണൊന്നുമില്ല. അഞ്ചാമത്തെ ബോളില്‍ ലെഗ് സൈഡിലേക്ക് ഡിഫന്‍സീവ് ഷോട്ട്, അതിലും റണ്ണില്ല. അവസാനത്തേത് ഓഫ് സ്റ്റംപിനെ ലക്ഷ്യമിട്ടെത്തിയ ലെങ്ത് ബോളായിരുന്നു. ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ച സ്മിത്തിനു പിഴച്ചു. ബാറ്റില്‍ തൊട്ടുരുമ്മിയ ബോള്‍ ഫസ്റ്റ് സ്ലിപ്പില്‍ അജിങ്ക്യ രഹാനെ പിടികൂടുകയും ചെയ്തു.