ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വിശേഷിപ്പിക്കപ്പെടുന്നത്. ലോകകപ്പുള്‍പ്പെടെ നിരവധി വമ്പന്‍ ടൂര്‍ണമെന്റുകളില്‍, വളരെ ദുഷ്‌കരമായ സാഹചര്യങ്ങില്‍ യുവി ടീമിന്റെ ഹീറോയായി മാറുകയും ചെയ്തിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയില്‍ ഇന്ത്യന്‍ വിജയത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാല്‍ ഒരു തവണ യുവി ടീമിലെ ഏറ്റവും വില്ലനായി മാറിയിട്ടുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. എന്തായിരുന്നു ഈ സംഭവമെന്നു നമുക്കു നോക്കാം.
2014ല്‍ ബംഗ്ലാദേശില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഫൈനലിലായിരുന്നു സംഭവം. അന്നു എംഎസ് ധോണി നയിച്ച ഇന്ത്യയെ ആറു വിക്കറ്റിനു തകര്‍ത്ത് ശ്രീലങ്ക ജേതാക്കളാവുകയായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണക്കാരനായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നാലാം നമ്പറില്‍ കളിച്ച യുവിയാണ്. 21 ബോളുകള്‍ നേരിട്ട യുവി ഫോറോ, സിക്‌സറോയില്ലാതെ വെറും 11 റണ്‍സാണ് അന്നു നേടിയത്.

11ാം ഓവറില്‍ രോഹിത് ശര്‍മയുടെ (29) പുറത്താവലിനു ശേഷമാണ് യുവരാജ് ക്രീസിലെത്തിയത്. ഇന്ത്യ അപ്പോള്‍ രണ്ടു വിക്കറ്റിനു 64 റണ്‍സെന്ന നിലയിലായിരുന്നു. അവസാന 10 ഓവറില്‍ അതിവേഗം റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ മികച്ച ടോട്ടലില്‍ എത്തിക്കുകയായിരുന്നു യുവിയുടെ ദൗത്യം. പക്ഷെ അദ്ദേഹം സ്ലോ ഇന്നിങ്‌സിലൂടെ എല്ലാവരെയും ഒരുപോലെ നിരാശപ്പെടുത്തി.
എട്ടു വിക്കറ്റുകള്‍ ഇന്ത്യയുടെ പക്കലുണ്ടായിട്ടും സ്‌കോറിങിന്റെ വേഗത കൂട്ടുകയല്ല, മറിച്ച് കുറയ്ക്കുകയാണ് യുവി ചെയ്തത്. തട്ടിയും മുട്ടിയും നിന്ന് അദ്ദേഹം ബോളുകതള്‍ പാഴാക്കി കൊണ്ടിരുന്നു. ലങ്കന്‍ ബൗളര്‍മാരെ നേരിടാന്‍ യുവി പാടുപെട്ടത് ദയനീയ കാഴ്ചയായിരുന്നു. 19ാം ഓവറിലെ ആദ്യ ബോളിലാണ് യുവി പുറത്താവുന്നത്. അപ്പോഴേക്കും മല്‍സരം ഇന്ത്യയില്‍ നിന്നും ഏറെക്കുറെ വഴുതിപ്പോയിരുന്നു. വെറും 119 റണ്‍സ് മാത്രമേ അപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ.
യുവിക്കു പകരം നായകന്‍ ധോണിയോ, സുരേഷ് റെയ്‌നയോ നേരത്തേ ക്രീസിലെത്തിയിരുന്നെങ്കില്‍ മികച്ചൊരു ടോട്ടല്‍ ഇന്ത്യക്കു നേടാന്‍ സാധിച്ചേനെ. പക്ഷെ യുവി വന്‍ ദുരന്തമായതു കാരണം ഇന്ത്യക്കു നാലു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
160-165 റണ്‍സെങ്കിലും നേടേണ്ടയിടത്താണ് ഇത്ര ചെറിയ ടോട്ടലില്‍ ഇന്ത്യക്കു ഒതുങ്ങേണ്ടിവന്നത്. 131 റണ്‍സെന്ന വിജയലക്ഷ്യം ലങ്കയ്ക്കു കാര്യമായ ഭീഷണിയും സൃഷ്ടിച്ചില്ല. 13 ബോളുകളും ആറു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലങ്ക വിജയത്തോടൊപ്പം ലോകകപ്പും വരുതിയിലാക്കുകയായിരുന്നു.

ഇന്ത്യയുടെ ഫൈനല്‍ പരാജയത്തിനു ശേഷം വലിയ ആരാധകരോഷമാണ് യുവരാജിനു നേരിടേണ്ടി വന്നത്. രോഷാകുലരായ ആരാധകര്‍ അദ്ദേഹത്തിന്റെ വീടിനു നേരെ കല്ലേറും നടത്തിയിരുന്നു. അന്നു ഒരു വില്ലെനെപ്പോലെയാണ് സ്വയം തനിക്കു തോന്നിയതെന്നു പിന്നീട് യുവി തുറന്നു പറയുകയും ചെയ്തിട്ടണ്ട്. മാത്രമല്ല ഇന്ത്യന്‍ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുകയും ചെയ്തിരുന്നു.
'ആ ദിവസത്തെ പ്രകടനത്തില്‍ ഞാന്‍ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുകയാണ്. അന്നു ഞാന്‍ നന്നായി കളിച്ചില്ല. ഒരുപാട് ഡോട്ട് ബോളുകള്‍ എനിക്കു കളിക്കേണ്ടതായി വന്നിരുന്നു. ലസിത് മലിങ്ക ആറു മികച്ച യോര്‍ക്കറുകളാണ് എറിഞ്ഞത്. എനിക്കോ, ധോണിക്കോ, വിരാടിനോ അദ്ദേഹത്തെ നന്നായി നേരിടാനുമായില്ല'.
'നിര്‍ഭാഗ്യവശാല്‍ അതു ലോകകപ്പ് ഫൈനലുമായി പോയി. ഐപിഎല്ലില്‍ ഒരുപാട് പേര്‍ 21 ബോളില്‍ 11 റണ്‍സെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്കു അന്നു വലിയ വിമര്‍ശനം നേരിടേണ്ടി വന്നു. ലോകകപ്പിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്കു സ്വയം വില്ലനെപ്പോലെയാണ് തോന്നിയത്'.
വിമാനത്താവളത്തിലെത്തിയപ്പോള്‍ മീഡിയകള്‍ എന്നെ ആക്രമിച്ചു. അവര്‍ എനിക്കു നേരെ ആക്രോശിക്കുകയായിരുന്നു. ചണ്ഡീഗഡിലെ എന്റെ വീടിനു നേരെ കല്ലേറുമുണ്ടായി. കുറ്റവാളിയെപ്പോലെ തനിക്കു അനുഭവപ്പെട്ടതായും യുവി വികാരധീനനായി പറഞ്ഞിരുന്നു.