ഐസിസിയുടെ പുതിയ ടി20 ബൗളര്‍മാരുടെ റാങ്കില്‍ ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്നോയ് ഒന്നാമനായതിനു പിന്നാലെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പാകിസ്താന്‍ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇന്നു ഐസിസി പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിങിലാണ് ബിഷ്‌നോയ് തലപ്പത്ത് എത്തിയത്. കരിയറിലാദ്യമായിട്ടാണ് ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്.
ഓസ്‌ട്രേലിയക്കെതിരേ അടുത്തിടെ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് റാങ്കിങില്‍ വലിയ മുന്നേറ്റം നടത്താന്‍ ബിഷ്‌നോയിയെ സഹായിച്ചത്. ഒമ്പതു വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദി സീരീസായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ആരാധകര്‍ ബിഷ്‌നോയിയുടെ റാങ്കിങിലെ ഒന്നാംസ്ഥാനം ആഘോഷിക്കുമ്പോള്‍ മറുഭാഗത്തു പാകിസ്താന്‍ ഫാന്‍സിനു കുരുപൊട്ടിയിരിക്കുയാണ്.

സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഇന്ത്യന്‍ താരത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയുമെല്ലാം ചെയ്തിരിക്കുകയാണ്. ഒരൊറ്റ ടി20 പരമ്പരയില്‍ മാത്രം കളിച്ച് എങ്ങനെ നമ്പര്‍ വണ്ണായി മാറാമെന്ന് എല്ലാവരും രവി ബിഷ്‌നോയിയെ കണ്ടു പഠിക്കണം. എന്തും നടക്കുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഐസിസി റാങ്കിങ് ഓരോ ദിവസം കഴിയുന്തോറും ഒന്നിനും കൊള്ളാത്തതായി മാറിക്കൊണ്ടിരിക്കുകയാണെന്നും പാകിസ്താന്‍ ആരാധകര്‍ തുറന്നടിച്ചു.
ഇതു വലിയ തമാശയായിപ്പോയി. താനാണ് ടി20യില്‍ ഇപ്പോഴത്തെ നമ്പര്‍ വണ്‍ ബൗളറെന്നു രവി ബിഷ്‌നോയ്ക്കു പോലും വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിരാംഗം പോലുമല്ല ബിഷ്‌നോയ്. എന്നിട്ടും എങ്ങനെ റാങ്കിങില്‍ നമ്പര്‍ വണ്ണായി മാറിയെന്നത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നും പാകിസ്താന്‍ ആരാധകര്‍ പരിഹസിക്കുന്നു.
ഓസ്‌ട്രേലിയയുടെ സ്‌കൂള്‍ ബോയ്‌സ് ടീമിനെതിരേയാണ് രവി ബിഷ്‌നോയ് കളിച്ചത്. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ആകെ 20 ഓവറുകള്‍ ബൗള്‍ ചെയ്ത ശേഷം വഴങ്ങിയത് 165 റണ്‍സാണ്. ഒമ്പതു വിക്കറ്റുകള്‍ മാത്രം നേടിയ ബിഷ്‌നോയ് ഇപ്പോഴിതാ ഐസിസിയുടെ ടി20 റാങ്കിങിലെ പുതിയ നമ്പര്‍ വണ്ണായി മാറിയിരിക്കുകയാണ്. വലിയ തമാശ തന്നെയാണിതെന്നും പാകിസ്താന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുന്നു.
രവി ബിഷ്‌നോയ് ടി20യിലെ പുതിയ നമ്പര്‍ വണ്‍ ബൗളറോ? ഇതു അവിശ്വസനീയം തന്നെയാണ്. റാങ്കിങ് തീരുമാനിക്കുന്ന കാര്യത്തില്‍ ഐിസിയുടെ മാനദണ്ഡം എന്താണെന്നു പോലും മനസ്സിലാവുന്നില്ല. ടി20 റാങ്കിങ് ഇപ്പോള്‍ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു ഏറ്റവും വലിയ തെളിവാണിതെന്നും പാകിസ്താന്‍ ആരാധകര്‍ വിമര്‍ശിച്ചു.

രവി ബിഷ്‌നോയ്ക്കു ഒന്നാം റാങ്കോ? നിങ്ങള്‍ തമാശ പറയുകയാണോ? ഐസിസി റാങ്കിങിന്റെ വിശ്വാസ്യത കൂടിയാണ് ഇപ്പോള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്നും പാക് ആരാധകര്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രവി ബിഷ്‌നോയിയുടെ പേര് പോലും അധികം കേട്ടിട്ടില്ല. ഇപ്പോഴിതാ അയാള്‍ ടി20യിലെ നമ്പര്‍ വണ്‍ ബൗളറായി മാറിയിരിക്കുന്നു. ഐസിസിയെ ബിസിസിഐ ശരിക്കും വിലയ്ക്കു വാങ്ങിക്കഴിഞ്ഞോ? എങ്ങനെയാണ് ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരാംഗം പോലുമല്ലാത്ത ബിഷ്‌നോയ് വളരെ കുറച്ചു മല്‍സരങ്ങള്‍ കൊണ്ടു മാത്രം നമ്പര്‍ വണ്‍ ബൗളറായി മാറിയയത്? ഈ റാങ്കിങ് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമാണെന്നും പാകിസ്താന്‍ ആരാധകര്‍ വ്യക്തമാക്കി.
ഇതു ഐസിസി റാങ്കിങ്ങല്ല മറിച്ചു ബിസിസിഐയുടെ റാങ്കിങാണ് എന്നു പറയുന്നതാവും നല്ലത്. അതുകൊണ്ടാണ് രവി ബിഷ്‌നോയിയെപ്പോലെയൊരാള്‍ക്കു റാങ്കിങില്‍ ഒന്നാംസ്ഥാനം ലഭിച്ചതെന്നും പാക് ആരാധകര്‍ കുറിക്കുന്നു.