ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മറക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍ സീസണായിരിക്കും കഴിഞ്ഞ തവണത്തേത്. കാരണം ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഇത്രയേറെ അവഹേളനവും പരിഹാസവുമൊന്നും മുമ്പൊരിക്കലും അദ്ദേഹം നേരിട്ടിട്ടില്ല. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതു മുതല്‍ ആരാധകര്‍ക്കു ഹാര്‍ദിക് വെറുക്കപ്പെട്ടവനായി മാറുകയായിരുന്നു. എല്ലാ വേദികളിലും പരിഹാസവും അധിക്ഷേപവുമെല്ലാം നേരിടുയും ചെയ്തു. ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ടീമംഗവും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറ.
ഈ തരത്തിലുള്ള കാര്യങ്ങള്‍ ആരുടെയും നിയന്ത്രണത്തില്‍ വരുന്നതല്ലെന്നും ആന്തരികമായ സര്‍ക്കിളാണ് ഈ തരത്തിലുള്ള സാഹചര്യങ്ങളില്‍ ഒരാളെ സഹായിക്കുകയെന്നും ബുംറ ചൂണ്ടിക്കാട്ടി. കളിക്കളത്തിനു പുറത്ത് ഹാര്‍ദിക്കിനു നേരിടേണ്ടി വന്ന മോശം കാര്യങ്ങളെ ടീമംഗങ്ങള്‍ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും തങ്ങളെല്ലാം ക്യാപ്റ്റനു പിന്തുണയുമായി ഒപ്പമുണ്ടായിരുന്നതായും അദ്ദേഹം പറയുന്നു.

നിങ്ങള്‍ ഈ തരത്തിലുള്ള കാര്യങ്ങള്‍ ഉള്ളിലേക്കു എടുക്കാന്‍ പാടില്ല. ഒരു ടീമെന്ന നിലയില്‍ ഹാര്‍ദിക്കിനെതിരേയുള്ള അധിക്ഷേപങ്ങളോടു ഞങ്ങള്‍ യോജിക്കുന്നില്ല. ഞങ്ങള്‍ അതിനെ പ്രോല്‍സാഹിപ്പിക്കുകയോ, പ്രൊമോട്ട് ചെയ്യുകയോ ചെയ്യില്ല. അതു ആവശ്യമാണെന്നും ഞങ്ങള്‍ക്കു തോന്നുന്നില്ല. ഞങ്ങളെല്ലാം ഹാര്‍ദിക്കിനോടൊപ്പം തന്നെയാണ്.
പിന്തുണ ആവശ്യമായപ്പോഴെല്ലാം അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തിരുന്നു. ചില കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിനും അപ്പുറത്താണ്. അതു സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു സംഭവിച്ചു. പക്ഷെ ഞങ്ങള്‍ ലോകകപ്പ് നേടിയപ്പോള്‍ എല്ലാം മാറി മറിയുകയും ചെയ്തു. ഇതെല്ലാം ഈ യാത്രയുടെ ഭാഗമാണ്. കഴിയുന്നത്രയും പിന്തുണ ഹാര്‍ദിക്കിനു നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുക തന്നെ ചെയ്യുമെന്നും ബുംറ വിശദമാക്കി.
ഇന്ത്യയിലെ ജനങ്ങള്‍ വികാരങ്ങളാല്‍ നയിക്കപ്പെടുന്നവരാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം രാജ്യത്തുള്ളവര്‍ തന്നെ തങ്ങള്‍ക്കെതിരേ തിരിയുമ്പോള്‍ അതു താരങ്ങളെയും മോശമായി ബാധിക്കുകയും ചെയ്യുമെന്നും ബുംറ ചൂണ്ടിക്കാട്ടി. വികാരങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ആരാധകര്‍ വികാരഭരിതരാവുന്നു, അതുപോലെ തന്നെ കളിക്കാരും വികാരഭരിതരാവാറുണ്ട്.
നിങ്ങളൊരു ഇന്ത്യന്‍ താരമായിരിക്കുകയും എന്നാല്‍ ചില സമയങ്ങളില്‍ സ്വന്തം ആരാധകര്‍ തന്നെ നിങ്ങളെക്കുറിച്ച് നല്ലത് പറയാതിരിക്കുകയും ചെയ്യുമ്പോള്‍ അതു ആ താരത്തെ മോശമായി ബാധിക്കുക തന്നെ ചെയ്യും. പക്ഷെ അതാണ് ഇവിടെയുള്ള ഒരു രീതി. നിങ്ങള്‍ അത്തരം കാര്യങ്ങളെയൊന്നും ഗൗരവമായി കാണാതെ തള്ളിക്കളയണം. കാരണം എങ്ങനെയാണ് നിങ്ങള്‍ക്കു ഈ ആളുകളെ അത്തരം കാര്യങ്ങളില്‍ നിന്നും തടയാന്‍ സാധിക്കുകയെന്നും ബുംറ ചോദിക്കുന്നു.

കഴിഞ്ഞ സീസണിനു തൊട്ടുമുമ്പാണ് ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ മുംബൈ തിരികെ വാങ്ങിയത്. വൈകാതെ തന്നെ രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും നീക്കി പകരം ഹാര്‍ദിക്കിനു ചുമതല നല്‍കുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്തു നിന്നും മുംബൈ ടീമിനു നേരിടേണ്ടി വന്നത്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്‌സിനെയും മണിക്കൂറുകള്‍ക്കകം മുംബൈയ്ക്കു നഷ്ടമായി. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതില്‍ മുംബൈ ടീമിനകത്തും എതിര്‍പ്പുണ്ടായിരുന്നതായി ഈ സമയത്തു റിപ്പോര്‍ട്ടുകളും വന്നിരുന്നു.
മാത്രല്ല രോഹത്തിനെ അനുകൂലിക്കുന്ന താരങ്ങള്‍ ഒരു ഗ്രൂപ്പായി ഒന്നിച്ച് നിന്നത് ടീമിനകത്തു ഭിന്നിപ്പുമുണ്ടാക്കി. ഇക്കൂട്ടത്തില്‍ ബുംറയും സൂര്യകുമാര്‍ യാദവുമെല്ലാം ഉണ്ടായിരുന്നതായാണ് സൂചനകള്‍. ടീമിനകത്തെ ഈ പ്രശ്‌നങ്ങള്‍ ഐപിഎല്ലിലും മുംബൈയ്ക്കു വലിയ തിരിച്ചടിയായി മാറി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനം കൊണ്ട് അവര്‍ക്കു തൃപ്തിപ്പെടേണ്ടിയും വന്നു.