അന്താരാഷ്ട്ര ക്രിക്കറ്റിനെപ്പോലും നിഷ്പ്രഭമാക്കുന്ന തരത്തിലേക്കു അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്രാഞ്ചൈസി ടൂര്‍ണമെന്റാണ് ഐപിഎല്‍. ഇതിനു പ്രധാന കാരണങ്ങളിലൊന്ന് ഐപിഎല്ലിലൂടെയുള്ള വന്‍ സാമ്പത്തിക നേട്ടമാണ്. ലോകത്തില്‍ ഏതൊരു ക്രിക്കറ്ററും പങ്കെടുക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായി ഐപിഎല്‍ മാറാനുള്ള പ്രധാന കാരണം അതിശയിപ്പിക്കുന്ന പ്രതിഫലം തന്നെയാണ്. ദേശീയ ടീമില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തേക്കാള്‍ എത്രയോ മടങ്ങാണ് ഐപിഎല്ലില്‍ നിന്നും ഒരു താരത്തിനു ലഭിക്കുന്ന ശമ്പളം.
ബിസിസിഐയുടെ മുഖ്യ കരാറില്‍പ്പെട്ട താരങ്ങള്‍ക്കു നല്‍കുന്ന വാര്‍ഷിക ശമ്പളത്തേക്കാള്‍ കൂടുതലാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അവര്‍ക്കു നല്‍കുന്നത്. ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗ്രേഡ് എ പ്ലസ്, ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നിങ്ങനെ നാലു കാറ്റഗറികളിലായിട്ടാണ് താരങ്ങളെ കരാറില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ താരങ്ങള്‍ക്കു ബിസിസിഐ നല്‍കുന്ന ശമ്പളവും ഐപിഎല്ലില്‍ നിന്നും ലഭിക്കുന്ന ശമ്പളവും തമ്മിലുള്ള വ്യത്യാസം എത്ര മാത്രമുണ്ടെന്നു നമുക്കു പരിശോധിക്കാം. ബിസിസിഐയുടെ ഗ്രേഡ് എ പ്ലസ് കരാറിലുള്‍പ്പെട്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ്. ഇവര്‍ക്കെല്ലാം ഏഴു കോടി രൂപ വീതമാണ് ബിസിസിഐയുടെ പ്രതിഫലം.
എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്റെ ഒരു വര്‍ഷത്തെ ശമ്പളം 16 കോടി രൂപയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കോലിയുടെ ശമ്പളമാവട്ടെ 15 കോടി രൂപയുമാണ്. ബുംറയ്ക്കു മുംബൈ ഇന്ത്യന്‍സ് ഒരു വര്‍ഷത്തേക്കു നല്‍കുന്നത് 12 കോടി രൂപയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ജഡേജയ്ക്കു ശമ്പളമായി ലഭിച്ചുകൊണ്ടിരിക്കുന്നത് 16 കോടി രൂപയുമാണ്.

ഗ്രേഡ് എ കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ എന്നിവരാണ്. ഇവര്‍ക്കെല്ലാം ബിസിസിഐ ഒരു വര്‍ഷത്തേക്കു നല്‍കുന്ന ശമ്പളം അഞ്ചു കോടി രൂപയാണ്. ഇക്കൂട്ടത്തില്‍ ഐപിഎല്‍ ശമ്പളത്തില്‍ ഏറ്റവുമധികം വ്യത്യാസമുള്ളത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ രാഹുലിനാണ്. 17 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഐപിഎല്‍ ശമ്പളം.
രാഹുല്‍ കഴിഞ്ഞാല്‍ കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നത് ഹാര്‍ദിക്കാണ്. മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം 15 കോടി രൂപയാണ്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ നായകനായ ഗില്ലിനു എട്ടു കോടി രൂപയാണ് ശമ്പളം.
ഷമിക്കു ഗുജറാത്ത് ടൈറ്റന്‍സില്‍ 6.25 കോടിയും സിറാജിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഏഴു കോടിയുമാണ് ശമ്പളമായി കിട്ടുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ അശ്വിന്റെ ശമ്പളം അഞ്ചു കോടിയാണ്. ബിസിസിഐ ശമ്പളത്തിനു തുല്യമാണിത്.
ഗ്രേഡ് സിയിലുള്‍പ്പെട്ട ചിലര്‍ക്കു ബിസിസിഐ ശമ്പളത്തേക്കാള്‍ എത്രയോ മടങ്ങാണ് ഐപിഎല്ലില്‍ ശമ്പളമായി ലഭിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടയാള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണാണ്. ബിസിസിഐ കരാറനുസരിച്ചത് വെറും ഒരു കോടിയാണ് അദ്ദേഹത്തിനു ഒരു വര്‍ഷം കിട്ടുന്നത്. റോയല്‍സിലാവട്ടെ ഒരു വര്‍ഷത്തേക്കു 14 കോടിയും ശമ്പളമായി സഞ്ജു പോക്കറ്റിലാക്കുന്നു.