Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിനെ പ്രണയിച്ച മലപ്പുറത്തുകാരന്‍, ആസിഫ് സിഎസ്‌കെയില്‍ എത്തിയതെങ്ങനെ? സിനിമാക്കഥയെ വെല്ലും

കേരളത്തിലെ കാല്‍പ്പന്തുകളിയുടെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറത്തിന്റെ മണ്ണില്‍ നിന്നും എല്ലാവരും ഫുട്‌ബോളിനെ സ്വപ്‌നം കണ്ടപ്പോള്‍ ക്രിക്കറ്ററാവുന്നത് സ്വപ്‌നം കണ്ട ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അവന്റെ ആത്മവിശ്വാസവും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശവും വെറുതെയായില്ല. ജൂനിയര്‍ ക്രിക്കറ്റിലൊന്നും കളിക്കാതെ തന്നെ അവനിപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂര്‍ണമന്റായ ഐപിഎല്‍ വരെയെത്തി നില്‍ക്കുന്നു. അത് മറ്റാരുമല്ല, ഇതിഹാസതാരം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലുള്ള പേസര്‍ കെഎം ആസിഫാണ്.

ഒരു സിനിമാക്കഥയെ വെല്ലുന്നതാണ് ഐപിഎല്ലിലേക്കുള്ള ആസിഫിന്റെ എന്‍ട്രി. ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് 27 കാരനായ താരം ഇപ്പോള്‍ സിഎസ്‌കെയുടെ കൂടാരത്തിലെത്തിയിരിക്കുന്നത്. 2018ല്‍ സിഎസ്‌കെ ടീമിലേക്കു വിളി വന്ന ആസിഫ് ഈ സീസണിലും അവര്‍ക്കൊപ്പം തന്നെയുണ്ട്.

ജോലി തേടി യുഎഇയില്‍

ജോലി തേടി യുഎഇയില്‍

ഇപ്പോള്‍ സിഎസ്‌കെയ്ക്കു വേണ്ടി യുഎഇയില്‍ ഐപിഎല്ലിന്റെ പുതിയ സീസണിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരുന്ന ആസിഫിന് യുഎഇ ഒരു കാലത്ത് നിത്യവൃത്തിക്കുള്ള അന്നം നല്‍കിയ തൊഴിലിടം കൂടിയായിരുന്നു. 2016ലായിരുന്നു ഇത്. കുടുംബപ്രാരാബ്ധങ്ങള്‍ കാരണം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ 23ാം വയസ്സില്‍ ഈ എടവണ്ണക്കാരന്‍ യുഎഇയിലേക്കു വിമാനം കയറുകയായിരുന്നു.
ഒരു ബിവറേജ് ബോട്ടില്‍ പ്ലാന്റിലെ സ്റ്റോര്‍കീപ്പറായി ആസിഫ് ഇവിടെ ഒരു മാസം ജോലി ചെയ്‌തെങ്കിലും മനസ്സില്‍ ക്രിക്കറ്റ് മാത്രമായിരുന്നു. ഒടുവില്‍ നാട്ടിലേക്കു തിരികെ പോയ താരം ഇപ്പോള്‍ എത്തിനില്‍ത്തുന്നത് സിഎസ്‌കെയിലാണെന്നത് ആരെയും അദ്ഭുതപ്പെടുത്തും. എന്നാല്‍ സിഎസ്‌കെയിലേക്കുള്ള യാത്ര ആസിഫിന് അത്ര എളുപ്പമായിരുന്നില്ല.

പരമ്പരാഗത ഫാസ്റ്റ് ബൗളറല്ല

പരമ്പരാഗത ഫാസ്റ്റ് ബൗളറല്ല

ആസിഫ് ഒരു പരമ്പരാഗത ഇന്ത്യന്‍ ഫാസ്റ്റ് ബൗളറല്ലെന്നു താരത്തിന്റെ ഉപദേശകനും കേരളത്തിലെ അറിയപ്പെടുന്ന കോച്ചുമാരില്‍ ഒരാളുമായ ബിജു ജോര്‍ജ് പറയുന്നു. കേരളത്തിന്റെ മിന്നും താരം സഞ്ജു സാംസണിന്റെ കോച്ച് കൂടിയാണ് ബിജു. 2014ലാണ് ആസിഫിനെ അദ്ദേഹം ആദ്യമായി കാണുന്നത്. അന്നു ഒരു ഫാസ്റ്റ് ബൗളര്‍ക്കു അനുയോജ്യമായ ശരീരപ്രകൃതമായിരുന്നില്ല താരത്തിന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷെ നല്ല വേഗവും അസാധണമാം വിധം ബൗണ്‍സര്‍ എറിയാനുമുള്ള കഴിവ് അന്നു തന്നെ ആസിഫിന് ഉണ്ടായിരുന്നുവെന്ന് ബിജു കൂട്ടിച്ചേര്‍ത്തു.
സബ് ജൂനിയര്‍, ജൂനിയര്‍ തലങ്ങൡലൊന്നും ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത താരം കൂടിയാണ് ആസിഫ്. ക്രിക്കറ്റ് വേണോ, അതോ അഞ്ചു പേരടങ്ങുന്ന സ്വന്തം കുടുംബത്തിനായി ജോലിക്കു പോവണമോയെന്ന് രണ്ട് ഓപ്ഷനാണ് ആസിഫിനുണ്ടായിരുന്നത്. വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നാണ് ആസിഫിന്റെ വരവ്. വെറുമൊരു പാഷന്റെ പേരില്‍ എത്ര കാലം ക്രിക്കറ്റ് കളിക്കാന്‍ കഴിയും. തുടങ്ങി ഒരുപാട് ആശക്കുഴം അവന്റെ മനസ്സില്‍ അന്നുണ്ടായിരുന്നതായി ബിജു വെളിപ്പെടുത്തി.

ദരിദ്ര കുടുംബം

ദരിദ്ര കുടുംബം

അഞ്ചു പേരുള്‍പ്പെടുന്നതാണ് ആസിഫിന്റെ കുടുംബം. പിതാവ് ദിവസ വേതനത്തിന് പല ജോലികള്‍ക്കും പോയിരുന്നു. അമ്മ കുടുംബിനിയാണ്. ഭിന്നശേഷിക്കാരനായ ഇളയ സഹോദരനും തലച്ചോറിനു ശസ്ത്രക്രിയ ചെയ്തതിനെ തുടര്‍ന്നു ശാരീരിക വിഷമതകളനുഭവിക്കുന്ന സഹോദരിയുമാണ് വീട്ടിലെ മറ്റു അംഗങ്ങള്‍. അതുകൊണ്ടു തന്നെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ ആസിഫിലായിരുന്നു.
ക്രിക്കറ്റില്‍ പല ട്രയല്‍സിലും അവന്‍ പങ്കെടുത്തെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതോടെ ആസിഫ് മാനസികമായി തളരുകയും ചെയ്തതായി ബിജു പറയുന്നു. തുടര്‍ന്നാണ് ദുബായിലും അബുദാബിയിലുമുള്ള തന്റെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ആസിഫിന് അവിടെയൊരു ജോലി ശരിയാക്കിക്കൊടുത്തത്. മനസ്സില്ലാ മനസോടെയായിരുന്നു അവന്‍ അന്ന് ജോലിക്കായി യാത്ര തിരിച്ചത്. ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ ആസിഫ് അപ്പോഴും തയ്യാറായിരുന്നില്ലെന്ന് ബിജു വ്യക്തമാക്കി.

നാട്ടിലേക്കു മടങ്ങി

നാട്ടിലേക്കു മടങ്ങി

ജോലിക്ക് ചേര്‍ന്ന് ഒരു മാസം മാത്രമേ ആസിഫ് അവിടെ നിന്നുള്ളൂ. ആദ്യത്തെ ശമ്പളം ലഭിച്ചതിനു പിന്നാലെ താരം രണ്ടു കല്‍പ്പിച്ച് നാട്ടിലേക്കു മടങ്ങുകയായിരുന്നു. അന്ന് എന്തു ധൈര്യത്തിലാണ് ഇത്തരമൊരു സാഹസത്തിനു താന്‍ മുതിര്‍ന്നതെന്ന് അറിയില്ലെന്നു ആസിഫ് ചിരിയോടെ പറയുന്നു. ഇതിനിടെ ഐഡിബിഐ ബാങ്കും മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജെഫ് തോംസണും ചേര്‍ന്ന് ഇന്ത്യയില്‍ പലയിടങ്ങളിലായി സെലക്ഷന്‍ ട്രയല്‍സ് നടത്തിയത്. ഇതേക്കുറിച്ച് അറിഞ്ഞ ആസിഫ് എന്തായാലും ഒന്നു പങ്കെടുത്തു നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ട്രയല്‍സില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഗ്ലെന്‍ മഗ്രാത്തിനു കീഴില്‍ പരിശീലനം നടത്താനുള്ള അവസരം ലഭിക്കുമായിരുന്നു.
യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് വിമാനമിറങ്ങിയതിനു പിന്നാലെ താന്‍ അവിടെ നിന്നും ട്രയല്‍സ് നടക്കുന്ന വയനാട്ടിലേക്കു ബസ് കയറുകയായിരുന്നുവെന്ന് ആസിഫ് പറയുന്നു. ജോലി ഉപേക്ഷിച്ചു നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എങ്ങനെ ഇക്കാര്യം ബിജു സാറിനോടു പറയുമെന്നു അറിയില്ലായിരുന്നു. കാരണം അദ്ദേഹമാണ് തനിക്കു ജോലി ശരിയാക്കിത്തന്ന് വിദേശത്തേക്കു അയച്ചത്. ഒരു മാസത്തിനുള്ളില്‍ താന്‍ തിരികെ വരികയും ചെയ്തു. ട്രയല്‍സില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ചാല്‍ അദ്ദേഹത്തെ അറിയിക്കാമെന്നായിരുന്നു കരുതിയത്. പക്ഷെ ബിജു സാര്‍ അതിനു മുമ്പ് തന്നെ ഇക്കാര്യം അറിഞ്ഞതായും ആസിഫ് വ്യക്തമാക്കി.

തോംസണിന്റെ ഉപദേശം

തോംസണിന്റെ ഉപദേശം

ട്രയല്‍സില്‍ പങ്കെടുത്തപ്പോള്‍ ജെഫ് തോംസണ്‍ ചില ഉപദേശങ്ങള്‍ നല്‍കി. എന്തൊക്കെ ചെയ്താലും വേഗത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും അതു മാത്രമായിരിക്കും നിന്നെ മുന്നോട്ട് കൊണ്ടു പോവുകയെന്നുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉപദേശമെന്നും ആസിഫ് പറയുന്നു. ട്രയല്‍സിനിടെ സെലക്ടര്‍മാരും സംസ്ഥാന കോച്ചുമാരും താരത്തെ അടുത്ത ആഭ്യന്തര സീസണിലേക്കു പരിഗണിക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ട്രയല്‍സിനൊടുവില്‍ ഷോര്‍ട്ട് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ സാധ്യതാ ലിസ്റ്റില്‍ പോലും ആസിഫിന്റെ പേരില്ലായിരുന്നു.
ഇതോടെ ദുബായിലേക്കു തിരികെ പോവാന്‍ ഞാന്‍ തീരുമാനിച്ചു. ക്രിക്കറ്റിനെക്കുറിച്ച് ഇനിയും ചിന്തിച്ച് സമയം കളയേണ്ടെന്നും തീരുമാനിച്ചുവെന്നും ആസിഫ് വ്യക്തമാക്കി. പക്ഷെ അത്ര പെട്ടെന്നൊന്നും ക്രിക്കറ്റിനെ കൈവിടാന്‍ താരത്തിനായില്ല. അവിടെയെത്തിയപ്പോഴാണ് ഐസിസി അക്കാദമിയില്‍ യുഎഇ ക്രിക്കറ്റ് ടീമിന്റെ ട്രയല്‍സ് നടക്കുന്നതായി അറിഞ്ഞ ആസിഫ് തന്റെ പേര് രജിസ്റ്റര്‍ ചെയ്തു. തൊട്ടടുത്ത ദിവസം യുഎഇയുടെ മുഖ്യ കോച്ചും പാകിസ്താന്റെ മുന്‍ പേസറുമായിരുന്ന അക്വിബ് ജാവേദ് തന്നെ ഫോണില്‍ വിളിച്ചു. തന്റെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ജോലി തേടിയാണ് വന്നതെന്നും ക്രിക്കറ്റ് കളിക്കാനും ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം അവിടെയൊരു കമ്പനിയില്‍ ജോലിയും ശരിയാക്കിരാമെന്ന് പറഞ്ഞു. പക്ഷെ ചില കാരണങ്ങളാണ് ജാവേദിനു കോച്ച് സ്ഥാനമൊഴിയേണ്ടിവന്നതോടെ ആ ഓഫറും നടന്നില്ല. സന്ദര്‍ശകവിസയുടെ കാലാവധി കഴിഞ്ഞതോടെ ആസിഫ് നാട്ടിലേക്കു തിരികെ വരികയും ചെയ്തു.

കേരള ടീമിലേക്കു ക്ഷണം

കേരള ടീമിലേക്കു ക്ഷണം

ക്രിക്കറ്റില്‍ ഇനിയൊരു കരിയര്‍ ഉണ്ടാവില്ലെന്നു കരുതിയിരിക്കവെയാണ് 2017-18 സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമില്‍ ആസിഫിന് ഇടം ലഭിക്കുന്നത്. ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ താരം അരങ്ങേറുകയും ചെയ്തു. ഈ മല്‍സരത്തില്‍ വേഗമേറിയ ബൗളിങ് കാഴ്ചവച്ച ആസിഫ് ശ്രദ്ധിക്കപ്പെട്ടു. കേരളം- ഗോവ മല്‍സരം ടെലിവിഷനില്‍ തല്‍സമയ സംപ്രേക്ഷണമുണ്ടായിരുന്നു. കമന്റേറ്റര്‍മാരില്‍ ഒരാളായ മുന്‍ ഇന്ത്യന്‍ താരം എല്‍ ശിവരാമകൃഷ്ണന്‍ ആസിഫിന്റെ ബൗളിങില്‍ ആകൃഷ്ടനാവുകയും ബിജു ജോര്‍ജിനെ വിളിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ട്രയല്‍സിന് അവസരമൊരുക്കാമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇതോട സിഎസ്‌കെയുടെ നെറ്റ്‌സില്‍ ധോണി, റെയ്‌ന അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ ആസിഫിന് അവസരമൊരുങ്ങുകയും ചെയ്തു.

സിഎസ്‌കെയിലേക്ക്

സിഎസ്‌കെയിലേക്ക്

2018ലെ താരലേലത്തില്‍ 40 ലക്ഷം രൂപയ്ക്കു ആസിഫിനെ സിഎസ്‌കെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നു. ട്രയല്‍സിലെ മിന്നുന്ന പ്രകടനമായിരുന്നു ഇതിനു കാരണം. സിഎസ്‌കെ ചാംപ്യന്‍മാരായ ഈ സീസണില്‍ ആസിഫ് ഐപിഎല്ലില്‍ അരങ്ങേറുകയും ചെയ്തു. ദീപക് ചഹറിനു പരിക്കേറ്റതോടെയാണ് പൂനെയില്‍ നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മലയാളി താരത്തിനു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്.
മല്‍സരത്തിനു നാലു ദിവസം മുമ്പ് ടെന്‍ഷന്‍ കാരണം ഉറക്കം വന്നില്ലെന്നു ആസിഫ് പറയുന്നു. മല്‍സരദിവസം ധോണി ഭായ് തോളില്‍ കൈവച്ച് പറഞ്ഞു. നീ ടെന്‍ഷനടിക്കേണ്ട. നീ നാലോവറില്‍ 40 റണ്‍സ് വഴങ്ങിയാലും കുഴപ്പമില്ല. ഇതു നിന്റെ അവസരമാണെന്നും ഉപദേശിച്ച് അദ്ദേഹം ധൈര്യം നല്‍കിയതായി പേസര്‍ കൂട്ടിച്ചേര്‍ത്തു.
ഇതുവരെ സിഎസ്‌കെയ്ക്കായി രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ആസിഫ് കളിച്ചിട്ടുള്ളൂ. എങ്കിലും ബാക്കപ്പ് ഫാസ്റ്റ് ബൗളറായി അവര്‍ താരത്തെ നിലനിര്‍ത്തുകയായിരുന്നു. 2019-20 സീസണില്‍ ആസിഫ് കേരളത്തിനു വേണ്ടി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം നടത്തി. മൂന്ന് ഏകദിനങ്ങളിലും ഏഴു ടി20കളിലും കളിക്കുകയും ചെയ്തു. കേരളത്തിന്റെ മുന്‍ നിര ഫാസ്റ്റ് ബൗളറായ സന്ദീപ് വാര്യര്‍ പുതിയ സീസണില്‍ തമിഴ്‌നാട് ടീമിലേക്കു മാറിയതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ ആസിഫിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജു ജോര്‍ജ്.

ഐപിഎല്ലിനു നന്ദി

ഐപിഎല്ലിനു നന്ദി

കളിക്കണമെന്ന ആഗ്രഹം മാത്രമേ എനിക്കുള്ളൂ. ക്രിക്കറ്റ് ബോള്‍ തന്ന് ഹോട്ടല്‍ ഇടനാഴിയില്‍ ബൗള്‍ ചെയ്യാന്‍ പറഞ്ഞാലും ഞാനത് ചെയ്യും. പണം പ്രധാനമാണ്, പക്ഷെ ഏറ്റവും പ്രധാനമല്ല. ഒരുപാട് വിഷമ ഘട്ടങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ഐപിഎല്‍ വരുമാനത്തിലൂടെ ഞാനൊരു വീട് നിര്‍മിച്ചു. സഹോദരങ്ങള്‍ക്കുള്ള മരുന്നും മറ്റും വാങ്ങാനും രക്ഷിതാക്കളെ നന്നായി നോക്കാനും കഴിയുന്നു. ഐപിഎല്ലാണ് എന്റെ ജീവിതം മാറ്റിമറിച്ചതെന്നും ആസിഫ് സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നു.

Story first published: Friday, August 28, 2020, 23:38 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+