T20 World cup: നീ ആരാണെന്ന് ഓസീസിന് കാണിച്ചു കൊടുക്ക്!, ധോണിയുടെ ഉപദേശത്തെക്കുറിച്ച് ശ്രീശാന്ത്
കൊച്ചി: ഇന്ത്യ കണ്ട ഏറ്റവും അഗ്രസീവായ ബൗളര്‍മാരില്‍ ഒരാളായാണ് മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കളിക്കളത്തില്‍ ശ്രീശാന്തിന്റെ പെരുമാറ്റം പലപ്പോഴും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ശ്രീ കുറച്ച് ഓവല്ലേയെന്നു അന്നു മലയാളികള്‍ക്കു പോലും അന്നു തോന്നിയിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. വിക്കറ്റെടുത്താലുള്ള ആഘോഷ പ്രകടനത്തിലും എതിര്‍ ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കുന്നതിലുമൊന്നും ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ സംഘത്തില്‍ ശ്രീശാന്തുമുണ്ടായിരുന്നു. കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് അന്നു ഇന്ത്യ ഫൈനലില്‍ കടന്നത്. സെമിയില്‍ ശ്രീ മിന്നുന്ന പ്രകടനവും നടത്തിയിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ വാക്കുകളാണ് തന്നെ പ്രചോദിപ്പിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം.

ടി20 ലോകകപ്പില്‍ ആറു വിക്കറ്റുകളായിരുന്നു ശ്രീശാന്തിന്റെ സമ്പാദ്യം. ഇവയില്‍ രണ്ടെണ്ണം ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലായായിരുന്നു. ഓസീസിന്റെ അപകടകാരികളായ ഓപ്പണര്‍മാരായ ആദം ഗില്‍ക്രിസ്റ്റും മാത്യു ഹെയ്ഡനുമായിരുന്നു ശ്രീശാന്തിന്റെ ഇരകള്‍. രണ്ടു പേരെയും അദ്ദേഹം ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നുവെന്നതാണ് മറ്റൊരു എടുത്തുപറയേണ്ട കാര്യം.
ഇത്രയും നന്നായി പന്തെറിയാന്‍ തനിക്കു ആത്മവിശ്വാസം നല്‍കിയത് ധോണിയാണെന്നു ശ്രീ വെളിപ്പെടുത്തി.

ഓസീസിനെതിരായ സെമി ഫൈനലിനു മുമ്പ് ധോണി പറഞ്ഞ വാക്കുകളായിരുന്നു തനിക്കു കൂടുതല്‍ പ്രചോദനമായതെന്നു ശ്രീശാന്ത് പറയുന്നു. നീ എല്ലാ ടീമുകള്‍ക്കുമെതിരേ നാട്ടിലും വിദേശത്തും അഗ്രസീവായി ബൗള്‍ ചെയ്യാറുണ്ട്. ഇന്നു ഓസീസിനെതിരേ സെമിയിലും ഈ അഗ്രസീവ് പ്രകടനം നീ പുറത്തെടുക്കണമെന്ന് ധോണി ആവശ്യപ്പെട്ടു. ഇതു കേട്ടതോടെ തന്റെ ആവേശം ഇരട്ടിയായതായും ശ്രീ വ്യക്തമാക്കി.
സെമിയില്‍ നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ശ്രീശാന്ത് രണ്ടു വിക്കറ്റുകള്‍ കൊയ്തത്. സെമിയില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

സെമി ഫൈനലില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാനായെങ്കിലും ചിരവൈരികളായ പാകിസ്താനെതിരേയുള്ള ഫൈനലില്‍ ശ്രീശാന്തിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഒരു വിക്കറ്റെടുത്തെങ്കിലും നാലോവറില്‍ 44 റണ്‍സ് താരം വഴങ്ങിയിരുന്നു. ഹര്‍ഭജന്‍ സിങ് കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതും ശ്രീയായിരുന്നു.
എങ്കിലും ഇന്ത്യയുടെ വിജയവും കിരീടമുറപ്പാക്കിയ പാക് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിന്റെ ക്യാച്ചെടുത്ത് ശ്രീശാന്ത് ആഹ്ലാദിക്കാന്‍ വക നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications