അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏതു ടീമിന്റെയും അവിഭാജ്യഘടകമാണ് ബാറ്റിങ് ഓള്‍റൗണ്ടര്‍മാര്‍. ബാറ്റിങില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്നതിനൊപ്പം ബൗളിങിലും ടീമിനെ സഹായിക്കാന്‍ ഇവര്‍ക്കു സാധിക്കും. ഒരു സമയത്ത് ഇന്ത്യക്കു ഈ മിടുക്കുള്ള പല കളിക്കാരുമുണ്ടായിരുന്നു. പക്ഷെ നിലവിലെ ടീമില്‍ ബാറ്റിങ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം ടീമിനു ക്ഷീണമാവുന്നുണ്ട്.
ഐസിസി ടൂര്‍ണമെന്റുകളില്‍ വിജയിക്കണമെങ്കില്‍ കൂടുതല്‍ ബാറ്റിങ് ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ ഭാവിയിലേക്കു വളര്‍ത്തി കൊണ്ടു വരേണ്ടതുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ കൂടുതല്‍ അവസരങ്ങളും പിന്തുണയും നല്‍കി വളര്‍ത്തിയെടുക്കേണ്ട ബാറ്റിങ് ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

തിലക് വര്‍മ
കഴിഞ്ഞ ഐപിഎല്ലിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് തിലക് വര്‍മ. മുംബൈ ഇന്ത്യന്‍സിനൊപ്പം കഴിഞ്ഞ തവണ അരങ്ങേറിയ തിലക് ഒരു തുടക്കക്കാരന്റെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പല മികച്ച ഇന്നിങ്‌സുകളും കളിച്ചിരുന്നു. മധ്യനിര ബാറ്റര്‍ കൂടിയായ ഈ ഹൈദരാബാദുകാരന്‍ തീര്‍ച്ചയായും ഭാവിയില്‍ ടീമിനു മുതല്‍ക്കൂട്ടാവും. ഇടംകൈയന്‍ ബാറ്ററായ തിലക് ബൗളിങില്‍ ഓഫ് സ്പിന്നറുമാണ്. അധികം വൈകാതെ തന്നെ താരത്തിനു ദേശീയ ടീമിലേക്കു വിളി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യശസ്വി ജയ്‌സ്വാള്‍
ഇടംകൈയന്‍ ഓപ്പമിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളാണ് വലിയ പ്രതീക്ഷ നല്‍കുന്ന മറ്റൊരു ബാറ്റിങ് ഓള്‍റൗണ്ടര്‍. അണ്ടര്‍ 19 തലത്തില്‍ ബാറ്റിങിനൊപ്പം പലപ്പോഴും ലെഗ് സ്പിന്നറുടെ റോളിലും നമുക്കു കാണാം. ലെഗ് സ്പിന്നറായ ഒരു ഓപ്പണിങ് ബാറ്ററെ ലഭിക്കുകയെന്നത് ഏതൊരു ടീമിനെ സംബന്ധിച്ചും ഭാഗ്യം തന്നെയാണ്്. അതുകൊണ്ടു തന്നെ ജയ്‌സ്വാളിനെ ബൗളിങില്‍ കൂടി നിയോഗിച്ച് വളര്‍ത്തിക്കൊണ്ടു വരാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്.

സര്‍ഫറാസ് ഖാന്‍
മുംബൈയുടെ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ നേരത്തേ ജൂനിയര്‍ തലത്തില്‍ ലെഗ് സ്പിന്‍ ബൗളര്‍ കൂടിയായിരുന്നു. ജൂനിയര്‍ ക്രിക്കറ്റില്‍ കളിച്ചിരുന്ന സമയത്തു ഓള്‍റൗണ്ടറായാണ് സര്‍ഫറാസ് പരിഗണിക്കപ്പെട്ടിരുന്നത്. പക്ഷെ അടുത്തിടെയായി താരം വളരെ അപൂര്‍വ്വമായി മാത്രമേ ബൗള്‍ ചെയ്യാറുള്ളൂ.
നിലവില്‍ ബാറ്ററായാണ് സര്‍ഫറാസ് കൂടുതലും കാണപ്പെടുന്നതെങ്കിലും ബൗളിങ് കൂടി നല്‍കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കണം. ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ അതു പ്ലെയിങ് ഇലവനിലെത്താനുള്ള സര്‍ഫറാസിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.