IPL 2021: മാക്‌സ്വെല്‍ ഇത്രയധികം ടീമുകളില്‍ കളിക്കാന്‍ ഒരു കാരണം മാത്രം- ചൂണ്ടിക്കാട്ടി ഗംഭീര്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാനൊരുങ്ങുന്ന ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഐപിഎല്‍ ഒരുപാട് ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മാക്‌സ്വെല്‍. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം അദ്ദേഹത്തിനു പുറത്തെടുക്കാനായിട്ടില്ല.
ഐപിഎല്ലില്‍ നന്നായി പെര്‍ഫോം ചെയ്തിരുന്നെങ്കില്‍ ഇത്രയധികം ടീമുകള്‍ക്കു വേണ്ടി ഓസീസ് താരത്തിനു ഇറങ്ങേണ്ടി വരില്ലായിരുന്നുലെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. നേരത്തേ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ഗംഭീറിനു കീഴില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് മാക്‌സ്വെല്‍. 2012, 18 സീസണുകളില്‍ ഡല്‍ഹിക്കു വേണ്ടിയും 2013ല്‍ മുംബൈ ഇന്ത്യന്‍സിനായും 2014-17, 2020 സീസണുകളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയും താരം കളിച്ചിരുന്നു.

സ്ഥിരതയില്ലായ്മ പ്രധാന പ്രശ്നം
മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതു കൊണ്ടു മാത്രമാണ് മാക്‌സ്വെല്ലിനു ഇത്രയുമധികം ടീമുകളില്‍ മാറി മാറി കളിക്കേണ്ടി വന്നതെന്നു ഗംഭീര്‍ വിലയിരുത്തി. പ്രകടനത്തിലെ സ്ഥിരതയില്ലായ്മ കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ഇങ്ങനെ ടീമുകളിലേക്കു മാറി മാറി പോവേണ്ടി വന്നത്.
മുന്‍ ഫ്രാഞ്ചൈസികളില്‍ മാക്‌സ്വെല്ലിനു വേണ്ടത്ര സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. ഡല്‍ഹി ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ മാക്‌സ്വെല്ലിനു ഒരുപാട് സ്വാതന്ത്ര്യമുണ്ടായിരുന്നതായും ഗംഭീര്‍ വ്യക്തമാക്കി.

റസ്സല്‍ ഉദാഹരണം
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനെയാണ് ഇതിന്റെ മികച്ച ഉദാഹരണമായി ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നത്. 2014 മുതല്‍ കെകെആറിലുള്ള റസ്സല്‍ ഇപ്പോഴും ടീമില്‍ തുടരാനുള്ള പ്രധാനകാരണം സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
14.25 കോടി രൂപയ്ക്കാണ് ഈ സീസണില്‍ മാക്‌സ്വെല്‍ ആര്‍സിബിലെത്തിയത്. അദ്ദേഹത്തിന്റെ വരവ് ടീമിന്റെ മധ്യനിരയെ കൂടുതല്‍ ശക്തമാക്കുമെന്ന കണക്കുകൂട്ടലിലാണ് ആര്‍സിബി. വിരാട് കോലി- എബി ഡിവില്ലിയേഴ്‌സ് ജോടിയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും മാക്‌സ്വെല്ലിന്റെ സാന്നിധ്യം തങ്ങളെ സഹായിക്കുമെന്നും ആര്‍സിബി കണക്കുകൂട്ടുന്നു.

ടീമിന്റെ തുറുപ്പുചീട്ട്
തുറുപ്പുചീട്ടായിട്ടാണ് മാക്‌സ്വെല്ലിനെ എല്ലാ ടീമുകളും കാണുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന റോള്‍ തന്നെ അവര്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും. നിര്‍ഭാഗ്യകരമായ കാര്യം ടീമുകളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയുണ്ടായിട്ടും അതിനു തിരിച്ചുനല്‍ക്കാന്‍ മാക്‌സ്വെല്ലിന് ആയിട്ടില്ലെന്നതാണ്. 2014ലെ ഒരു സീസണ്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി സീസണുകളിലെല്ലാം അദ്ദേഹം നിരാശപ്പെടുത്തി. നന്നായി പെര്‍ഫോം ചെയ്തിരുന്നെങ്കില്‍ ഈ ഫ്രാഞ്ചൈസികളൊന്നും മാക്‌സ്വെല്ലിനെ കൈവിട്ടില്ലായിരുന്നുവെന്നും ഗംഭീര്‍ വിശദീകരിച്ചു.

ഇത്തവണയെങ്കിലും ഫോമാവുമെന്ന് പ്രതീക്ഷ
ഓരോ സീസണിലും മാക്‌സ്വെല്ലിനു കൂടുതല്‍ കൂടുതല്‍ പണം ലഭിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇത്തവണയെങ്കിലും അതിനു തിരിച്ചുനല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു ഗംഭീര്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുന്നതു കൊണ്ടാണ് ഓരോ ഐപിഎല്‍ സീസണുകളിലും മാക്‌സ്വെല്ലിന്റെ മൂല്യം കൂടിക്കൊണ്ടിരിക്കുന്നത്. ഇത്തവണ ആര്‍സിബിക്കു വേണ്ടി അദ്ദേഹത്തിന് മികച്ച പ്രകടനം കഴിയട്ടെയെന്ന് പ്രതീക്ഷിക്കുകയാണ്. ഐപിഎല്ലില്‍ മറ്റേതൊരു താരത്തേക്കാളും സ്വാതന്ത്ര്യം ലഭിക്കുന്ന കളിക്കാരനാണ് മാക്‌സ്വെല്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications