രാജ്കോട്ട്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി എം എസ് ധോണിയും സുരേഷ് റെയ്‌നയും എതിര്‍ടീമുകളില്‍ കളിച്ചു. അതും രണ്ട് ടീമുകളുടെ ക്യാപ്റ്റന്മാരായി. സുരേഷ് റെയ്‌നയ്ക്ക് ധോണിയുടെ നിഴലില്‍ നിന്നും രക്ഷപ്പെടാന്‍ കിട്ടിയ അവസരമായിരുന്നു ഐ പി എല്ലിലെ ഈ സീസണ്‍. ഏഴ് വിക്കറ്റ് ജയത്തോടെ ധോണിയുടെ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിനെ തകര്‍ത്ത് റെയ്‌നയും ഗുജറാത്തും കളി ഗംഭീരമാക്കി.
ടോസ് നേടിയ ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അജിന്‍ക്യ രഹാനെ പുറത്തായ ശേഷം ക്രീസിലെത്തിയ കെവിന്‍ പീറ്റേഴ്‌സണ്‍, ഓപ്പണര്‍ ഫാഫ് ഡുപ്ലിസിക്കൊപ്പം തട്ടുപൊളിപ്പന്‍ ഒരു കൂട്ടുകെട്ട് സൃഷ്ടിച്ചു. പീറ്റേഴ്സണ്‍ 31 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായതോടെ പുനെയുടെ തകര്‍ച്ചയും തുടങ്ങി. പീറ്റേഴ്സണ്‍, ഡുപ്ലിസി, സ്റ്റീവന്‍ സ്മിത്ത് എന്നിവരെ അടുപ്പിച്ച് നഷ്ടമായതോടെ പുനെ താളം തെറ്റി.

43 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 69 റണ്‍സെടുത്ത ഡുപ്ലിസിയാണ് പുനെ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ധോണി ഡ്വെയ്ന്‍ ബ്രാവോയുടെ അവസാന ഓവറില്‍ വാരിയത് 20 റണ്‍സ്. 20 ഓവര്‍ അവസാനിച്ചപ്പോള്‍ 163 റണ്‍സായിരുന്നു പുനെയുടെ സമ്പാദ്യം. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഗുജറാത്തിന് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്.
ഒരിക്കല്‍ക്കൂടി ആരോണ്‍ ഫിഞ്ചും ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്ന് നല്‍കിയ ഉജ്ജ്വല തുടക്കം ഗുജറാത്തിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ഏഴ് ഫോറും രണ്ട് സിക്സും സഹിതം 36 പന്തില്‍ 50 റണ്‍സാണ് ഫിഞ്ചടിച്ചത്. ഫിഞ്ചിന്റെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. രണ്ടാമത്തെ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും. 31 പന്തില്‍ 49 റണ്‍സാണ് മക്കുല്ലം അടിച്ചത്. ക്യാപ്റ്റന്‍ സുരേഷ് റെയ്ന 24 പന്തില്‍ 24 റണ്‍സും ബ്രാവോ 10 പന്തില്‍ 22 റണ്‍സുമടിച്ചു.