ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ തുറന്നടിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ഇതിഹാസ താരമായ വിരാട് കോലിയുമായി ഗില്ലിനെ ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെസ്റ്റ്, ഏകദിന ടീമുകളുടെ പുതിയ നായകനായി ഗില്ലിനെ ഈ വര്‍ഷ നിയമിച്ചിരുന്നു. അടുത്ത ഐസിസി ടി20 ലോകകപ്പിനു ശേഷം സൂര്യകുമാര്‍ യാദവിന മാറ്റി ടി20യിലും അദ്ദേഹത്തെ നായകനാക്കാനുള്ള പ്ലാനിലായിരുന്നു ബിസിസിഐ. ഇതിന്റെ മുന്നോരുക്കമായി വൈസ് ക്യാപ്റ്റന്‍സിയും ഗില്ലിനു നല്‍കിയിരുന്നു.
പക്ഷെ ബാറ്റിങില്‍ വന്‍ ദുരന്തമായതോടെ വരാനിരിക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ നായകന്റെ റോളില്‍ ടീമിലേക്കു ഗില്‍ മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗില്‍ അത്ര പോരാ
ടി20 ബാറ്ററെന്ന നിലയില്‍ ശുഭ്മന്‍ ഗില്‍ അത്ര പോരെന്ന അഭിപ്രായമാണ് മോണ്ടി പനേസര്‍ക്കുള്ളത്. ബാറ്റിങില്‍ ചില പോരായ്മകളും ഇന്ത്യന്‍ യുവതാരത്തിനുണ്ടെന്നും അദ്ദേഹം പറയുന്നു. ശുഭ്മന്‍ ഗില്‍ ഒരു ആത്മസംതൃപ്തിയുള്ള ക്രിക്കറ്ററാണ്. അവനു തീര്‍ച്ചയായും ഒരുപാട് കഴിവുകളുണ്ട്. പക്ഷെ ഗെയിമില്‍ അലസമായ ഷോട്ടുകള്‍ ഗില്‍ കളിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
വിരാട് കോലിയുടെ അഗ്രഷനും തീവ്രതയുമെല്ലാം മുഴുവന്‍ ഫോര്‍മാറ്റുകളിലും വളരെ പ്രകടമാണ്. ശുഭ്മന്‍ ഗില്ലിനു അതു ചെയ്യാന്‍ കഴിയില്ല. അവന് അതു അമിതഭാരമായി മാറും. എല്ലാ ഫോര്‍മാറ്റുകളിലും ഗില്ലിന് ക്യാപ്റ്റനാവാനും സാധിക്കില്ല. അവനെ സംബന്ധിച്ച് അതു താങ്ങാവുന്നതിനും അപ്പുറമാണെന്നും പനേസര്‍ വ്യക്തമാക്കി.
ഗംഭീര്‍ അവരുടെ സഹായം തേടൂ
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ കോച്ചെന്ന നിലയില്‍ പതറുന്ന കോച്ച് ഗൗതം ഗംഭീറിന് നിര്‍ണായക ഉപദേശവും മോണ്ടി പനേസര്‍ നല്‍കിയിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിനു കീഴില്‍ പരിതാപകരമാണ് ടീമിന്റെ പ്രകടനം. നാട്ടില്‍ രണ്ടു ടെസ്റ്റ് പരമ്പരകളിലാണ് ഒരു വര്‍ഷത്തിനിടെ ഇന്ത്യ തൂത്തുവാരപ്പെട്ടത്. ന്യൂസിലാന്‍ഡും സൗത്താഫ്രിക്കയുമാണ് നാട്ടില്‍ ഇന്ത്യയെ നാണംകെടുത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയെ കിവികള്‍ മുക്കിയത്. ഈ വര്‍ഷം സൗത്താഫ്രിക്ക 2-0നും ഇന്ത്യയെ തകര്‍ത്തെറിഞ്ഞു. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യക്കു മിസ്സാവുമോയെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.
രഞ്ജി ട്രോഫിയിലെ വിവിധ കോച്ചുമാരെ കണ്ടുപഠിക്കാനും സഹായം തേടാനുമാണ് ഗംഭീറിനോടു പനേസര്‍ ആവശ്യപ്പെടുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ എങ്ങനെയാണ് ടീമിനെ രൂപീകരിക്കുന്നതെന്നു രഞ്ജി ട്രോഫിയില്‍ കോച്ചായിട്ടുള്ളവരോടു ഗൗതം ഗംഭീര്‍ സംസാരിക്കണം.
നിലവില്‍ ഇന്ത്യന്‍ ടീം റെഡ് ബോള്‍ ക്രിക്കറ്റില്‍ വളരെ ദുര്‍ബലമാണ്. ഇതാണ് യാഥാര്‍ഥ്യം. അത്ര ശക്തമല്ല ടെസ്റ്റില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം. അതു ശരിയാക്കിയെടുക്കാന്‍ സമയമെടുക്കും. മൂന്നു വലിയ താരങ്ങളെ നിങ്ങള്‍ റിട്ടയര്‍ ചെയ്യിക്കുകയാണെങ്കില്‍ ശേഷിച്ച കളിക്കാരെ തയ്യാറാക്കി നിര്‍ത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറുമെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.