കൊല്‍ക്കത്ത: ക്യാപ്റ്റന്‍ ധോണിയെക്കുറിച്ച് യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗ്‌രാജ് സിംഗിനെ പോലെ തന്നെ അത്ര വലിയ മതിപ്പില്ലാത്ത ഒരാള്‍ കൂടി ഉണ്ട്, മറ്റാരുമല്ല, ഒരു കാലത്ത് ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിലെ തരംഗമായിരുന്ന ഹര്‍ഭജന്‍ സിംഗ്. ക്രിക്കറ്റ് ആരാധകരും കളി വിദഗ്ധരും ധോണിയാണ് മികച്ച ക്യാപ്റ്റന്‍ എന്ന് വാഴത്തുമ്പോഴും ഹര്‍ഭജന് ആ അഭിപ്രായമല്ല. ഭാജിയുടെ അഭിപ്രായത്തില്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കൂടെ കളിക്കാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം എന്നും ഹര്‍ഭജന്‍ പറഞ്ഞു. അവരുടെ കീഴില്‍ കളിച്ചത് കൊണ്ടാണ് തനിക്ക് എന്തെങ്കിലുമൊക്കെ വിജയിക്കാന്‍ കഴിഞ്ഞത് - ഹര്‍ഭജന്‍ സിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിക്കറ്റിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാജി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെക്കുറിച്ച് ഹര്‍ഭജന്‍ പരിപാടിയില്‍ ഒന്നും പറഞ്ഞതേയില്ല. ധോണിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമിന് പുറത്താകാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു.

ഹര്‍ഭജന്‍ സിംഗിന്റെ അഭാവത്തില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത് ധോണിയുടെ വിശ്വസ്തനായ ആര്‍ അശ്വിനാണ്. ഇന്ത്യന്‍ ടീമില്‍ മാത്രമല്ല, ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും ധോണിക്കൊപ്പം കളിക്കുന്ന താരമാണ് അശ്വിന്‍. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കുന്ന സമയത്താണ് തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കി ഹര്‍ഭജന്‍ സിംഗിനെ വളര്‍ത്തിയെടുത്തത്.