ഇന്ത്യ vs ദക്ഷിണാഫ്രിക്ക: 150 കിമി വേഗമോ? അവന്‍ പുലിക്കുട്ടി തന്നെ... പുകഴ്ത്തി ക്ലൂസ്‌നര്‍

മൊഹാലി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ബുധനാഴ്ച നടക്കാനിരിക്കെ ഇന്ത്യയുടെ യുവ പേസറെ പുകഴ്ത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കോച്ചും മുന്‍ ഓള്‍റൗണ്ടറുമായ ലാന്‍സ് ക്ലൂസ്‌നര്‍. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മല്‍സരം അരങ്ങേറുന്നത്.
ധര്‍മശാലയില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ആദ്യത്തെ മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടതിനാല്‍ മൊഹാലിയിലെ പോരാട്ടത്തിനായി ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.

സെയ്‌നിയെ പ്രശംസിച്ചു
ഇന്ത്യന്‍ ടീമിന്റെ പുതിയ പേസ് കണ്ടുപിടുത്തമായ നവ്ദീപ് സെയ്‌നിയെയാണ് ക്ലൂസ്‌നര്‍ പ്രശംസിച്ചത്. സെയ്‌നിയുടെ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് കഴിഞ്ഞ സീസണില്‍ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ക്ലൂസ്‌നര്‍ പറഞ്ഞു.
150 കിമി വേഗതയില്‍ പന്തെറിയാന്‍ ശേഷിയുള്ള അധികം ഇന്ത്യന്‍ ബൗളര്‍മാരെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച ബൗളിങ് ആക്ഷന്‍
സെയ്‌നിയുടെ ബൗളിങ് ആക്ഷനെയും ക്ലൂസ്‌നര്‍ പുകഴ്ത്തി. വളരെ മികച്ച ബൗളിങ് ആക്ഷനാണ് സെയ്‌നിയുടേത്. മാത്രമല്ല മികച്ച ഫിറ്റ്‌നസും താരത്തിനുണ്ട്. 150 കിമിയിലും അതിനു മുകളിലും വേഗതയില്‍ പന്തെറിയാന്‍ അതിയായി ആഗ്രഹിക്കുകയും ഇതിനായി ശ്രമിക്കുകയും ചെയ്യുന്ന താരമാണ് സെയ്‌നിയെന്ന് അദ്ദേഹവുമായി നേരത്തേ ആശയവിനിമയം നടത്തിയപ്പോള്‍ തനിക്കു ബോധ്യമായതായും ക്ലൂസ്‌നര്‍ വിശദമാക്കി.

ശ്രദ്ധേയമായ പ്രകടനം
കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനമാണ് സെയ്‌നി കാഴ്ചവച്ചത്. ടി20 പരമ്പരയ്ക്കു ശേഷം ടെസ്റ്റ് പരമ്പരയില്‍ ടീമിനൊപ്പം പരിശീലനം നടത്താനും താരത്തെ അനുവദിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സെയ്‌നി. പക്ഷെ യുവ പേസറെ ടെസ്റ്റ് ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല.
ടെസ്റ്റില്‍ ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് വളരെ ശക്തമാണെന്നും അതുകൊണ്ടു തന്നെ കഠിനാധ്വാനം നടത്തിയാല്‍ മാത്രമേ തനിക്കു ടീമില്‍ കയറിപ്പറ്റാന്‍ സാധിക്കൂവെന്നും വിന്‍ഡീസ് പര്യടനത്തിനിടെ ബോധ്യമായതായി സെയ്‌നി അടുത്തിടെ പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications