ടി20യില്‍ രോഹിത്തിന്റെ മികച്ച ഓപ്പണിങ് പങ്കാളിയാര്, രാഹുലോ ധവാനോ? ചോപ്ര നിര്‍ദേശിക്കുന്നു
വിരാട് കോലിക്കു കീഴില്‍ മൂന്നു ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇന്ത്യയെ അലട്ടുന്നുണ്ട്. അവയ്ക്കു കൂടി പരിഹാരം കണ്ടെത്തിയാല്‍ ടീം മാനേജ്‌മെന്റിന്റെ തലവേദന മാറുകയും ചെയ്യും. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍, ഫിനിഷര്‍ എന്നീ റോളുകളില്‍ സ്ഥിരമായൊരാളെ ഇന്ത്യ ഇനിയും കണ്ടെത്തിയിട്ടില്ല. മാത്രമല്ല ടി20യിലെ ഓപ്പണിങ് കോമ്പിനേഷനെക്കുറിച്ചുള്ള ആശയക്കുഴപ്പവും പരിഹരിക്കേണ്ടതുണ്ട്.
രോഹിത് ശര്‍മയുടെ കാര്യത്തില്‍ സംശയമില്ലെങ്കിലും സഹ ഓപ്പണറുടെ കാര്യത്തിലാണ് അനിശ്ചിതത്വമുള്ളത്. സ്ഥിരം ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്റെ തുടര്‍ച്ചയായ പരിക്കുകളും ഇന്നിങ്‌സിന്റെ വേഗത കുറഞ്ഞതുമാണ് പ്രധാന തിരിച്ചടികള്‍. ടി20യില്‍ രോഹിത്തിന് ഏറ്റവും അനുയോജ്യനായ ഓപ്പണിങ് പങ്കാളിയെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര.

ടി20 ക്രിക്കറ്റില്‍ ഇന്ത്യ രോഹിത്- രാഹുല്‍ സഖ്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നു ചോപ്ര അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലിലെ ചോദ്യോത്തര സെഷനില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
രോഹിത്- ധവാന്‍ സഖ്യത്തിന് അന്ത്യമായതായി കരുതുന്നില്ല. ടി20യിലും ഇപ്പോള്‍ ധവാന്‍ അവിഭാജ്യഘടകം തന്നെയാണ്. രോഹിത്, രാഹുല്‍ എന്നിവരേക്കാള്‍ ഏറെ പിന്നിലുമല്ല അദ്ദേഹം. ടി20യില്‍ രോഹിത്- രാഹുല്‍ സഖ്യമാണ് മികച്ചതെങ്കില്‍ ഏകദിനത്തില്‍ ധവാനെ ഒഴിവാക്കാനാവില്ല. രോഹിത്- ധവാന്‍ സഖ്യത്തിന്റെ നിരവധി മികച്ച പ്രകടനങ്ങള്‍ നാം കണ്ടു കഴിഞ്ഞു. രാഹുലിനെ ഏകദിനത്തില്‍ മധ്യനിരയിലും കളിപ്പിക്കാവുന്നതാണെന്ന് ചോപ്ര വിശദമാക്കി.

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ജോടികള്‍ തന്നെയാണ് രോഹിത്തും ധവാനും. കണക്കുകള്‍ ഇത് അടിവരയിടുകയും ചെയ്യുന്നു. അന്താരാഷ്ട്ര ടി20യില്‍ 33.51 ശരാശരിയില്‍ ഇരുവരും ചേര്‍ന്ന് 1743 റണ്‍സ് നേടിക്കഴിഞ്ഞു. നാലു സെഞ്ച്വറി കൂട്ടുകെട്ടുകളും ഏഴ് ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ രോഹിത്- രാഹുല്‍ സഖ്യത്തിന്റെ പേരില്‍ ടി20യില്‍ മികച്ചൊരു റെക്കോര്‍ഡുണ്ട്. ടി20യില്‍ ഓപ്പണിങ് വിക്കറ്റിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് ഇവരുടെ പേരിലാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തിലാണ് രോഹിത്- രാഹുല്‍ സഖ്യം ആദ്യ വിക്കറ്റിന്‍ 165 റണ്‍സ് നേടിയത്.

ധവാന്റെ പരിക്കുകളെ തുടര്‍ന്ന് കഴിഞ്ഞ ചില ടി20 പരമ്പരകളില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി രാഹുലിനെ ഇന്ത്യ ഇറക്കിയിരുന്നു. ഈ റോളില്‍ താരം തിളങ്ങുകയും ചെയ്തു. ഇന്ത്യ അവസാനമായി ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ കളിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20യിലും ഓപ്പണറായത് രാഹുലായിരുന്നു. പരമ്പര 5-0ന് തൂത്തുവാരുന്നതില്‍ രോഹിത്- രാഹുല്‍ ജോടി നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷന്‍ ഏതായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications