ദില്ലി: ഡല്‍ഹിയുടെ വെറ്ററന്‍ താരവും ഐപിഎല്ലില്ലിലെ മുന്‍ കിരീട വിജയിയുമായ രജത് ഭാട്ടിയ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഓള്‍റൗണ്ടര്‍ കൂടിയായ ഭാട്ടിയ കാഴ്ചവച്ചിട്ടുള്ളത്. 15 വര്‍ഷത്തിലേറെ നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6482 റണ്‍സും 137 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. 2008ലെ രഞ്ജി ട്രോഫി ചാംപ്യന്‍മാരായ ഡല്‍ഹി ടീമില്‍ ഭാട്ടിയയുമുണ്ടായിരുന്നു. ഉത്തര്‍പ്രദേശിനെതിരായ ഫൈനലില്‍ ടീമിന്റെ വിജയത്തില്‍ താരം നിര്‍ണായക പങ്കുംവഹിച്ചു. പുറത്താവാതെ 139 റണ്‍സാണ് ഭാട്ടിയ അടിച്ചെടുത്തത്.

1999-2000 സീസണില്‍ തമിഴ്‌നാടിനായി കൡച്ചു കൊണ്ടാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം 2012ലാണ് കിരീടം നേടാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായത്. കരിയറില്‍ 95 ഐപിഎല്‍ മല്‍സരങ്ങളില്‍ 40കാരനായ താരം കളിച്ചിട്ടുണ്ട്. 342 റണ്‍സും 71 വിക്കറ്റുകളും ഭാട്ടിയ നേടി.
2008ലെ പ്രഥമ ഐപിഎല്ലില്‍ ഹോം ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) ടീമിന്റെ ഭാഗമായിരുന്നു ഭാട്ടിയ. മൂന്നു സീസണുകളില്‍ ഡല്‍ഹിക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ അദ്ദേഹം 2011ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു ചേക്കേറുകയായിരുന്നു. ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ ഭാട്ടിയ മിന്നുന്ന പ്രകടനം നടത്തി. 2012ല്‍ ടീമിനെ കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
2014ലെ ഐപിഎല്ലിനു മുമ്പ് 1.7 കോടി രൂപയ്ക്കു ഭാട്ടിയ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായി. രണ്ടു സീസണുകളില്‍ രാജസ്ഥാനു വേണ്ടി കളിച്ച താരം ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമായ റൈസിങ് പൂനെ ജയന്റ്‌സ് ടീമിലെത്തി.